തൃശൂരിൽ നടക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക പരിപാടിയിലേക്ക് ആളെക്കൂട്ടാൻ ബസ് ഉടമകളോടും ഓട്ടോ തൊഴിലാളികളോടും ആവശ്യപ്പെട്ട് ട്രാഫിക് പൊലീസ്. ട്രാഫിക് പോലീസ് എസ്ഐ നേരിട്ടാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഡ്രൈവർമാർക്കും ഉടമകൾക്കും സന്ദേശം അയച്ചിരിക്കുന്നത്. ‘അദ്ദേഹത്തിന്റെ പരിപാടി വിജയിപ്പിക്കണം, പരമാവധി ആളുകൾ അവിടെ ഉണ്ടായിരിക്കണം’ എന്നാണ് എസ്ഐ നൽകുന്ന നിർദേശം.
വനിതാ സുരക്ഷാ പദ്ധതിയിലേക്ക് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ കൈമാറുന്ന പരിപാടിയിലേക്കാണ് ആളുകളെ കൂട്ടാൻ പോലീസ് തന്നെ നേരിട്ട് ഇറങ്ങിയിരിക്കുന്നത്. ഒരു മിനിറ്റോളം ദൈർഘ്യമുള്ള ഓഡിയോ സന്ദേശത്തിൽ, ഐഎൻടിയുസി യൂണിയന് ഈ നിർദേശം നൽകിയിട്ടുണ്ടെന്നും മെസേജ് അയക്കാൻ വിട്ടുപോയ ബസ് മുതലാളിമാർക്കും ഓട്ടോ തൊഴിലാളികൾക്കും ഈ സന്ദേശം കൈമാറണമെന്നും ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പിങ്ക് പെട്രോളിന് വാഹനങ്ങൾ കൈമാറുന്ന പരിപാടിയിലേക്ക് നഗരത്തിലെ വനിതാ കൂട്ടായ്മകളേയും സംഘടനകളെയും ക്ഷണിക്കുന്നതാണ് പൊതുവായ രീതി. എന്നാൽ ട്രാഫിക് പോലീസിനെ ഉപയോഗിച്ചുകൊണ്ട് പരിപാടിയുമായി നേരിട്ട് ബന്ധമില്ലാത്ത ബസ് ഉടമകളേയും ഓട്ടോ തൊഴിലാളികളേയും എത്തിക്കാനാണ് നീക്കം. പോലീസിനെ ഭയന്ന് ബസ് ഉടമകൾ തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഓഡിയോ സന്ദേശം പങ്കുവയ്ക്കുകയായിരുന്നു.





