വാഷിംഗ്ടൺ: തുടർപഠനത്തിനായി അമേരിക്കയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി വിസ നിരസിക്കൽ നിരക്ക് കുത്തനെ ഉയരുന്നു. വിസ അനുവദിക്കുന്നതിൽ ഏറ്റവും തിരക്കേറിയ 2025 മേയ്-ഓഗസ്റ്റ് മാസങ്ങളിൽ മാത്രം ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള എഫ്-1 വിസ വിതരണത്തിൽ 62 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇമിഗ്രേഷൻ സ്റ്റഡീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങളിൽ 58,694 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എഫ്-1 വിസ ലഭിച്ച സ്ഥാനത്ത്, ഈ വർഷം അത് കേവലം 22,149 ആയി ചുരുങ്ങി. അതേസമയം അമേരിക്കയിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ അയക്കുന്ന മറ്റൊരു രാജ്യമായ ചൈനയിലും വിസ വിതരണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും അത് 34 ശതമാനം മാത്രമാണ്. അമേരിക്കയിലെ വിദേശ വിദ്യാർത്ഥികളിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുണർത്തുന്നതാണ് ഈ കണക്കുകൾ. 2024-25 അധ്യയന വർഷത്തിൽ മാത്രം 3,63,019 ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കൻ സർവകലാശാലകളിൽ പ്രവേശനം നേടിയത്. രണ്ടാമതുള്ള ചൈനയിൽ നിന്ന് 2,65,919 വിദ്യാർത്ഥികളുമെത്തി. കോവിഡ് വർഷമൊഴികെ മുൻ വർഷങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി വിസ വിതരണത്തിൽ 60 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്.
അമേരിക്കയിൽ ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കിയതാണ് പുതിയ പ്രതിസന്ധിക്ക് പ്രധാന കാരണം. പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് പഠനത്തിന് ശേഷം യുഎസിൽ തുടരാൻ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന 60 ദിവസത്തെ ഗേസ് പീരിയഡ് 30 ദിവസമായി വെട്ടിച്ചുരുക്കി. സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം എഫ്-1 വിസക്കാർക്ക് പരമാവധി നാല് വർഷത്തേക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. ഇതിൽ കൂടുതൽ സമയം പഠനം നീണ്ടുപോയാൽ പ്രത്യേകമായി വിസ നീട്ടിയെടുക്കേണ്ടി വരും.
കൂടാതെ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽ തങ്ങി ജോലി ചെയ്യാൻ സഹായിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് പദ്ധതി വെട്ടിച്ചുരുക്കാനും നീക്കമുണ്ട്. ഇത് നടപ്പിലായാൽ ഏറ്റവും വലിയ തിരിച്ചടി നേരിടുക ഇന്ത്യൻ വിദ്യാർത്ഥികളായിരിക്കും. 2024-25 കാലയളവിൽ ഈ പദ്ധതി വഴി ജോലി ചെയ്ത വിദേശികളിൽ പകുതിയിലധികവും ഇന്ത്യാക്കാരായിരുന്നു. പ്രത്യേകിച്ചും സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്‌സ് മേഖലകളിൽ പ്രവൃത്തിപരിചയം നേടുന്നവരിൽ ഭൂരിഭാഗവും മലയാളികളടക്കമുള്ള ഇന്ത്യൻ ബിരുദധാരികളാണ്. വിസ നടപടികൾ കർശനമാക്കിയത് അമേരിക്കയിലെത്തുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തെയും അവിടുത്തെ തൊഴിൽ മേഖലയെയും വരുംവർഷങ്ങളിൽ കാര്യമായി ബാധിക്കും.




