കണ്ണൂർ: ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിക്കെതിരെ പരാതി. പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ യുവതിയോട് ശ്രീജിത്ത് കോടേരി മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുവതിയുമായുള്ള സംഭാഷണത്തിനിടയിൽ ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുന്ന രീതിയിൽ ശ്രീജിത്ത് കൊടേരി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരിക്കുന്നത്.
പരാതിക്കാരിയായ യുവതിയോട് കയർത്തു സംസാരിക്കുന്നതിനിടെ ‘ഭരണഘടനയൊന്നും ഇവിടെ വിളമ്പണ്ട’ എന്ന രീതിയിലാണ് ശ്രീജിത്ത് നടത്തിയ പരാമർശങ്ങൾ വീഡിയോയിൽ ഉണ്ട്. ദേശീയ ബഹുമതികളെ അധിക്ഷേപിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ രണ്ട് പ്രകാരം ഇന്ത്യൻ ഭരണഘടനയെ വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും ശിക്ഷാർഹമായ കുറ്റകൃത്യമാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ, ഒരു സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തുന്ന രീതിയിൽ സംസാരിച്ചതിനും, മനഃപൂർവ്വം പ്രകോപനം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഔദ്യോഗിക മുറിയിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരാതിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ നിയമപരമായ അവകാശങ്ങൾ യുവതി ചൂണ്ടിക്കാട്ടിയതാണ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. ഇതോടെ കോപകുലനായ ശ്രീജിത്ത്, യുവതിക്ക് നേരെ ശബ്ദമുയർത്തുകയും ‘നീ’ എന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുകയുമായിരുന്നു. തുടർന്ന് ഇവരെ മുറിയിൽ നിന്നും ഇറക്കിവിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അടുത്തിടെ സമാനമായ രീതിയിൽ മറ്റൊരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ശ്രീജിത്ത് കോടേരിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് വീണ്ടും ഇതേ ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ പുതിയ ആരോപണം ഉയർന്നുവന്നിരിക്കുന്നത്.
നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായി സേവനമനുഷ്ഠിക്കുകയാണ് ശ്രീജിത്ത് കോടേരി. കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിൽ ശ്രീജിത്തും ഉണ്ടായിരുന്നു. പ്രതിയായ റാമിനെ അന്വേഷിച്ച് മറ്റു സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിയ സംഘത്തിന് നേതൃത്വം നൽകിയത് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ്. ഈ കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ രക്ഷപ്പെടുത്താൻ അന്വേഷണസംഘം വഴിവിട്ട് ഇടപെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി പോലീസിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. പ്രതിയുടെ അഭിഭാഷകനുമായി ശ്രീജിത്തിന് അടുത്ത വ്യക്തിബന്ധമുണ്ടെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു.
സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയതും ശ്രീജിത്ത് കോടേരിയായിരുന്നു. കൂടാതെ, കണ്ണൂർ ടൗൺ എസ്എച്ച്ഒ ആയിരിക്കെ നഗരത്തിലെ പ്രമുഖ വ്ലോഗറും വ്യവസായിയുമായ വ്യക്തിയിൽ നിന്ന് പിറന്നാൾ സമ്മാനമായി മുത്തപ്പൻ വിളക്ക് കൈപ്പറ്റിയ സംഭവവും വിവാദമായിരുന്നു.





