കെ.എം. ബഷീർ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി; നിർണായക ദൃക്‌സാക്ഷി കൂറുമാറി

0
23

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രോസിക്യൂഷന് വലിയ തിരിച്ചടി. വിചാരണ വേളയിൽ കേസിലെ നിർണായക ദൃക്‌സാക്ഷിയും മൂന്നാം സാക്ഷിയുമായ ഓട്ടോ ഡ്രൈവർ ഷഫീഖ് കോടതിയിൽ കൂറുമാറി. മുൻപ് പൊലീസിനും മജിസ്‌ട്രേറ്റിനും നൽകിയ രഹസ്യമൊഴിയാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ വിസ്തരിക്കവേ ഇയാൾ പൂർണ്ണമായും തിരുത്തിയത്. കേസിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഏക പ്രതി. ഇതുവരെ വിസ്തരിച്ച നാല് സാക്ഷികളിൽ ഏറ്റവും പ്രധാനിയായ ആളാണ് ഇപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായി നിലപാട് മാറ്റിയത്.

അപകടദിവസം രാത്രി നീല കാർ അമിതവേഗതയിൽ ഓവർടേക്ക് ചെയ്ത് ബൈക്കിൽ ഇടിക്കുന്നത് കണ്ടതായും, അപകടത്തിന് ശേഷം കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്ന് താടിവെച്ച ഒരാളും വശത്തുനിന്ന് ഒരു സ്ത്രീയും ഇറങ്ങിവന്നുവെന്നുമായിരുന്നു ഷഫീഖ് മുൻപ് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്. വാഹനമോടിച്ചയാൾ മദ്യപിച്ചിരുന്നതായി പൊലീസിനോട് പറഞ്ഞത് കേട്ടുവെന്നും ഇയാൾ മൊഴി നൽകിയിരുന്നു.

താൻ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും അപകടം സംഭവിച്ചിരുന്നെന്നും ഇടിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് സാക്ഷി ഇന്ന് കോടതിയെ അറിയിച്ചത്. കാറിൽനിന്ന് ഇറങ്ങിയത് ആരാണെന്ന് വ്യക്തമായില്ലെങ്കിലും, സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വ്യക്തി കോടതിയിലുള്ള ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന് ഇയാൾ തിരിച്ചറിഞ്ഞു.

അതേസമയം, കേസിലെ നാലാം സാക്ഷിയായ പി.ഡബ്ല്യു.ഡി വാച്ച്മാൻ അനിൽകുമാർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. വലിയ ശബ്ദം കേട്ട് പുറത്തുവന്നപ്പോൾ വാഹനം അപകടത്തിൽപ്പെട്ട നിലയിൽ കാണുകയായിരുന്നുവെന്നും, ശ്രീറാമാണ് കാറോടിച്ചതെന്ന് അവിടെയുണ്ടായിരുന്നവരും പൊലീസും പറയുന്നത് കേട്ടതായും ഇയാൾ വെളിപ്പെടുത്തി.

2019 ഓഗസ്റ്റ് 3-ന് പുലർച്ചെ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ചാണ് സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് കോടതിയിൽ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here