ജീവപര്യന്തം വരെയുള്ള കടുത്ത ശിക്ഷകൾ; കേരളത്തിൽ അന്ധവിശ്വാസവും ആഭിചാരവും തടയാനുള്ള നിയമത്തിന്റെ കരട്‌ ബിൽ തയ്യാർ

Published on

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ദുർമന്ത്രവാദവും ആഭിചാരക്രിയകളും തടയുന്നതിനായി പ്രത്യേക നിയമത്തിനുള്ള കരട് ബിൽ തയ്യാർ. വിദഗ്ധസമിതി തയ്യാറാക്കിയ ‘ദുർമന്ത്രവാദവും ആഭിചാരവും മനുഷ്യത്വവിരുദ്ധ ദുഷ്പ്രവർത്തനങ്ങളും തടയൽ ബില്ലി’ന്റെ കരട് സർക്കാരിന് കൈമാറി. ആകെ 22 തരം കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് ജീവപര്യന്തം വരെ തടവുശിക്ഷ നൽകാൻ ബില്ലിൽ ശുപാർശ ചെയ്യുന്നു. നിലവിലുള്ള ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ശിക്ഷകൾക്ക് പുറമേയാണിത്.

പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, കേരള യുക്തിവാദി സംഘം നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി നൽകിയ നിർദേശപ്രകാരമാണ് സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചത്. നിയമപരിഷ്കരണ കമ്മിഷൻ ഉപാധ്യക്ഷനും മുൻ നിയമ സെക്രട്ടറിയുമായ കെ. ശശിധരൻ നായർ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ സമിതിയാണ് കരട് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ട് തന്നെയാണ് ബിൽ തയ്യാറാക്കിയിട്ടുള്ളതെന്ന് വിദഗ്ധസമിതി വ്യക്തമാക്കുന്നു.

ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ള കുറ്റകൃത്യങ്ങളെ മൂന്ന് വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. നരബലി, ജീവനോടെ സംസ്കരിക്കൽ, മരണകാരണമാകുന്ന മറ്റ് ആഭിചാരക്രിയകൾ എന്നിവ ഉൾപ്പെടുന്ന ഒന്നാം വിഭാഗത്തിലെ കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തമാണ് ശിക്ഷ. മാരകമായി പരിക്കേൽപ്പിക്കൽ, അംഗഭംഗം വരുത്തൽ, ലൈംഗികാതിക്രമങ്ങൾ, ബലാത്സംഗം, ജീവന് ഹാനികരമായ പദാർഥങ്ങൾ ബലമായി കഴിപ്പിക്കൽ എന്നിവയുൾപ്പെടുന്ന രണ്ടാം വിഭാഗത്തിന് 10 വർഷം വരെ തടവും പിഴയും ലഭിക്കും. ബാധയൊഴിപ്പിക്കൽ മർദനം, ലഹരി പദാർഥങ്ങൾ നൽകൽ, വിസർജ്യം ഉപയോഗിക്കൽ, രോഗങ്ങൾക്ക് ചികിത്സ നിഷേധിക്കൽ, സ്ത്രീകളെ അധിക്ഷേപിക്കൽ, അതീന്ദ്രിയ ശക്തികളുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ മൂന്നാം വിഭാഗത്തിൽപ്പെട്ട കുറ്റങ്ങൾക്ക് ഏഴ് വർഷം വരെയാണ് ശിക്ഷ.

ഡിജിറ്റൽ മാധ്യമങ്ങളിലൂടെയോ അല്ലാതെയും ദുർമന്ത്രവാദവും അമാനുഷിക ശക്തികളുണ്ടെന്ന അവകാശവാദങ്ങളും പ്രചരിപ്പിക്കുന്നതും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നതും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. കുറ്റ അന്വേഷണം ഊർജിതമാക്കാൻ എല്ലാ ജില്ലകളിലും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും. കൂടാതെ, എ.ഡി.ജി.പി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരടങ്ങുന്ന സംസ്ഥാനതല നിരീക്ഷണ സമിതിയും രൂപവത്കരിക്കും.

നേരത്തെ മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ അന്ധവിശ്വാസ നിരോധന നിയമങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 2013-ൽ മഹാരാഷ്ട്ര നടപ്പിലാക്കിയ അന്ധവിശ്വാസ നിരോധന നിയമത്തിൽ ഏഴ് വർഷം വരെ തടവും പിഴയുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ, മഹാരാഷ്ട്ര നിയമത്തെക്കാൾ കൂടുതൽ കർശനമായ ശിക്ഷാവിധികളും ഡിജിറ്റൽ യുഗത്തിനനുയോജ്യമായ നിരീക്ഷണ സംവിധാനങ്ങളും ഡിവൈ.എസ്.പി. തലത്തിലുള്ള പ്രത്യേക അന്വേഷണ ശൃംഖലയുമാണ് കേരളത്തിൽ സമർപ്പിച്ചിരിക്കുന്ന കരട് ബില്ലിന്റെ പ്രധാന സവിശേഷത.

Latest articles

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വരെയുള്ള വിവാദങ്ങൾ; ആരാണ് ഗ്യാനേഷ് കുമാർ?

കേരളത്തിലെ സർവീസ് കാലയളവിൽ ഗ്യാനേഷ് കുമാറിനെ കുപ്രസിദ്ധനാക്കുന്ന സംഭവം, 2006ലെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യയുമാണ്.

വ്യാജരേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്; കണ്ണൂർ യൂണി. സിൻഡിക്കേറ്റ് അംഗത്തിന് ആറ് വർഷം തടവും 80000 രൂപ പിഴയും

ദിവസ വേതനത്തില്‍ സര്‍വകലാശാല പ്രൊഫഷണല്‍ അസിസ്റ്റന്റിനെ നിയമിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജ വിലാസവും ഒപ്പുമിട്ട് ഡോ ദീപക് തന്നെ രണ്ട് മാസത്തെ ശമ്പളം കൈപ്പറ്റുകയായിരുന്നു.

മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്.

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.
spot_img

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വരെയുള്ള വിവാദങ്ങൾ; ആരാണ് ഗ്യാനേഷ് കുമാർ?

കേരളത്തിലെ സർവീസ് കാലയളവിൽ ഗ്യാനേഷ് കുമാറിനെ കുപ്രസിദ്ധനാക്കുന്ന സംഭവം, 2006ലെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യയുമാണ്.

വ്യാജരേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്; കണ്ണൂർ യൂണി. സിൻഡിക്കേറ്റ് അംഗത്തിന് ആറ് വർഷം തടവും 80000 രൂപ പിഴയും

ദിവസ വേതനത്തില്‍ സര്‍വകലാശാല പ്രൊഫഷണല്‍ അസിസ്റ്റന്റിനെ നിയമിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജ വിലാസവും ഒപ്പുമിട്ട് ഡോ ദീപക് തന്നെ രണ്ട് മാസത്തെ ശമ്പളം കൈപ്പറ്റുകയായിരുന്നു.

പണമയച്ചതായി സ്ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

പണം അക്കൗണ്ടിലെത്തിയെന്ന് വിശ്വസിച്ച ജീവനക്കാരെ കബളിപ്പിച്ച് ഇയാൾ സ്വർണവുമായി കടന്നുകളഞ്ഞു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജ്വല്ലറി അധികൃതർക്ക് മനസിലായത്.