വ്യാജ കമ്പനി, കോഴിക്കോട് ബന്ധം; എഫ് ട്യൂൺ ഫേസ് ക്രീമിന് പിന്നിൽ പാകിസ്ഥാൻ ഫോർമുലേഷൻ

Published on

spot_img

മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് മെംബ്രനസ് നെഫ്രോപതി എന്ന ഗുരുതര വൃക്കരോഗമുണ്ടാകുന്നതിന് കാരണമായ എഫ് ട്യൂൺ ഫേസ് ക്രീമിന് പിന്നിൽ അടിമുടി ദുരൂഹത. എഫ് ട്യൂൺ ഫേസ് ക്രീം നിർമിക്കുന്നത് എവിടെയാണെന്നോ ഇതിന് പിന്നിലെ കമ്പനി സംബന്ധിച്ചോ വ്യക്തമായ ഒരു വിവരവും ലഭ്യമല്ല. ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ ചെയ്യാൻ സഹായിച്ച ഏജൻറ് കോഴിക്കോടുള്ള ഒരു നിയമ സ്ഥാപനമാണ് എന്നത് കമ്പനിയുടെ മലയാളി ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഉയർന്ന മെർക്കുറിയുടെ സാന്നിധ്യം കൊണ്ട് കുപ്രസിദ്ധമായ പാകിസ്ഥാനി ഫേസ് ക്രീമുകളുടെ അതേ ഫോർമുലേഷനാണ് ഫേസ് ട്യൂൺ ക്രീമിലും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിൽ അനുവദനീയമായ മെർക്കുറി പരിധിയേക്കാൾ (1 ppm), 12000 ഇരട്ടിയിലധികം മെർക്കുറി (12500 ppm) എഫ് ട്യൂൺ ഫേസ് ക്രീമിൽ അടങ്ങിയിട്ടുള്ളതായാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. വാർത്തകൾ പുറത്തു വന്നതോടെ എഫ് ട്യൂണിന്റെ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയാ പ്രൊഫൈലുകൾ എന്നിവ അപ്രത്യക്ഷ്യമായി.

എഫ് ട്യൂൺ ഫേസ് ക്രീമിന് പിന്നിലെ രഹസ്യങ്ങൾ വാർത്താ നെക്‌സസ് അന്വേഷിക്കുന്നു.

അവ്യക്തമായ മേൽവിലാസം, വ്യാജപ്പേരിലുള്ള കമ്പനി

എഫ് ട്യൂൺ കമ്പനിയുടേതായി രണ്ട് വെബ്‌സൈറ്റുകളാണ് ഉണ്ടായിരുന്നത്. ftune.in, ftune.co.in എന്നീ വെബ്‌സൈറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നില്ല. ഈ വെബ്‌സൈറ്റുകളിൽ കോൺടാക്റ്റ് പേജിൽ നൽകിയിരുന്ന കമ്പനിയുടെ മേൽവിലാസം ബെംഗളൂരു – 560066 എന്ന വൈറ്റ്‌ഫീൽഡ് പ്രദേശത്ത് നിന്നുള്ളതാണ്. കൃത്യമായ സ്ട്രീറ്റ് നമ്പറോ, കെട്ടിട നമ്പറോ ഇല്ലാതെ അവ്യക്തമായ രീതിയിൽ ഒരു പിൻകോഡിനപ്പുറം ഒരു വിവരങ്ങളും ഇല്ല. വെബ്‌സൈറ്റുകളിൽ കമ്പനിയെ ‘എഫ് ട്യൂൺ’ എന്ന് മാത്രമാണ് വിശേഷിപ്പിച്ചിരുന്നത്. കമ്പനിയുടെ രജിസ്‌ട്രേഡ് വിവരങ്ങൾ സംബന്ധിച്ച യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല.

ആമസോൺ ഉൾപ്പെടെയുള്ള മാർക്കറ്റ് പ്ലേസുകളിലും ഫേസ് ക്രീമിന്റെ നിർമ്മാതാക്കളുടെ സ്ഥാനത്ത് ‘എഫ് ട്യൂൺ’ എന്ന് മാത്രമാണ് കാണിച്ചിരിക്കുന്നത്. എന്നാൽ പാക്കർ, ഇമ്പോർട്ടർ എന്നീ സ്ഥാനങ്ങളിൽ ‘ftune asm pvt ltd’ എന്ന കമ്പനിയുടെ പേരാണ് നൽകിയിരിക്കുന്നത്. എന്നാൽ മിനിസ്റ്ററി ഓഫ് കോർപറേറ്റ് അഫയേഴ്‌സിൽ ഇത്തരം ഒരു കമ്പനി രജിസ്റ്റർ ചെയ്തതായി രേഖകളില്ല. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും മാർക്കറ്റ് പ്ലേസുകളിലും വ്യാജമായ ഒരു കമ്പനിയുടെ പേരിൽ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യപ്പെടുന്നതിൽ യാതൊരു നിയന്ത്രണവും ഇല്ലെന്ന വിവരം കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്.

Image 5

അജ്ഞാതനായ ഉടമ, എഫ് ട്യൂണിന് കോഴിക്കോട് ബന്ധവും

നിയമപരമായ രീതിയിൽ കമ്പനികൾ ഒന്നും തന്നെ രജിസ്റ്റർ ചെയ്യാത്തതിനാൽ തന്നെ എഫ് ട്യൂണിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച യാതൊരു രേഖകളും പബ്ലിക് ഡൊമെയ്‌നിൽ ലഭ്യമല്ല. എന്നാൽ ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട രേഖകളിൽ പ്രൊപ്രൈറ്ററുടെ പേര് മുഹമ്മദ് മുർത്താസ എം എസ് എന്നാണ് നൽകിയിരിക്കുന്നത്. 2024 ഡിസംബറിൽ നൽകിയിരിക്കുന്ന ഈ അപേക്ഷയിൽ അപേക്ഷകന്റെ സംസ്ഥാനം കേരളമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അപേക്ഷകന് യോജിക്കുന്ന യാതൊരു സോഷ്യൽ മീഡിയാ പ്രൊഫൈലുകളും ലഭ്യമല്ല. ഫൗണ്ടർമാരും പ്രൊഫഷണലുകളും സജീവമായി ഉപയോഗിക്കുന്ന ലിങ്കടിനിലും മുഹമ്മദ് മുർത്താസ എം എസ് എന്ന പേരിൽ ഒരു പ്രൊഫൈൽ ഇല്ല.

Image 2

ട്രേഡ് മാർക്ക് രജിസ്ട്രേഷനായി സഹായിച്ച ഏജന്റ് കോഴിക്കോട് നിന്നുള്ള ഒരു നിയമ സഹായ സ്ഥാപനമാണ്. കോഴിക്കോട് ജില്ലാ കോടതിക്ക് എതിർവശത്തായാണ് ഈ ഏജന്റിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് എന്നും രേഖകൾ പറയുന്നു. ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്‌സിനെ കൂടാതെ മലയാളത്തിലും സമാനമായി വലിയ രീതിയിൽ മാർക്കറ്റിങ് എഫ് ട്യൂൺ നടത്തിയിരുന്നു. കേരളത്തിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കോഴിക്കോട്ടെ പ്രധാന മാർക്കറ്റുകളിൽ ഉള്ള ഫാൻസി ഷോപ്പുകളിൽ ഓഫ് ലൈൻ ആയി എഫ് ട്യൂൺ ക്രീമുകൾ ലഭ്യമാണ്. മലയാളത്തിലെ പ്രാദേശിക മാധ്യമങ്ങളിൽ എഫ് ട്യൂണിന്റെ പേര് വെളിപ്പെടുത്താതെ തന്നെ മെർക്കുറിയുടെ അളവ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ഓൺലൈനിൽ നിന്ന് കമ്പനി പെട്ടന്ന് പിൻവലിക്കുകയും വെബ്‌സൈറ്റ് ഉൾപ്പെടെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇത് വിരൽ ചൂണ്ടുന്നത് കമ്പനിയുടെ കേരളാ ബന്ധത്തിലേക്കാണ്.

യുഎഇ ബന്ധം, പാകിസ്ഥാൻ ഫോർമുലേഷൻ

ബെംഗളൂരു ബേസ്‌ഡ് കമ്പനി എന്ന് അവകാശപ്പെടുമ്പോഴും യുഎഇ ബന്ധം എഫ് ട്യൂൺ എല്ലായ്‌പ്പോഴും വെളിപ്പെടുത്തിയിരുന്നു. മഞ്ഞൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ആയുർവേദിക് ഘടകങ്ങൾ ഉൾപ്പെടുത്തി ഇത് യുഎഇയിൽ നിർമിക്കുന്നതാണെന്ന് എഫ് ട്യൂൺ പ്രമോട്ട് ചെയ്തിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്‌സും അവകാശപ്പെട്ടിട്ടുണ്ട്. നൂൺ അടക്കമുള്ള മിഡിൽ ഈസ്റ്റിലെ ഇ കൊമേഴ്‌സ് പ്ലാറ്റുഫോമുകളിലൂടെ ഗൾഫ് രാജ്യങ്ങളിലും എഫ് ട്യൂൺ ക്രീമുകൾ വിറ്റഴിക്കപ്പെട്ടിരുന്നു.

Image 3

പാകിസ്ഥാനിൽ നിന്നുമുള്ള ഫേസ് ക്രീം ബ്രാൻഡുകളിൽ വ്യാപകമായി ഉയർന്ന മെർക്കുറിയുടെ സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഗൾഫ് രാജ്യങ്ങളിലെ മലയാളികളുടെ ഇടയിൽ പ്രചാരം നേടിയിട്ടുള്ള ഫൈസ ക്രീമിൽ 19170 mg/kg മെർക്കുറി ഉള്ളതായാണ് യുകെ പ്രോഡക്റ്റ് സേഫ്റ്റി റിപ്പോർട്ട് പറയുന്നത്. പാകിസ്ഥാനിൽ നിന്നുതന്നെയുള്ള ഗോരി ഫേസ് ക്രീമിൽ 9000 ppm മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടാതെ ചാന്ദ്നി, സിയ, മഹാറാണി, ക്യൂർ വൈറ്റ് തുടങ്ങി പാകിസ്ഥാനിൽ നിന്നുള്ള നിരവധി ഫെയർനസ് ക്രീമുകളിൽ അപകടകരമായ അളവിൽ മെർക്കുറി സ്ഥിരീകരിച്ചിട്ടുള്ളതാണ്. പാകിസ്ഥാനിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ഇത്തരം ക്രീമുകൾ കടന്നു പോകുന്നത് ദുബായ് പോർട്ട് വഴിയാണ്.

Image 4

ദുബായിൽ നിന്നും നിർമിച്ച് ഇന്ത്യയിലേക്ക് ഇമ്പോർട്ട് ചെയ്യുന്ന എഫ് ട്യൂൺ ഫേസ് ക്രീമിലും ഇതേ പാകിസ്ഥാനി ഫോർമുലേഷൻ തന്നെയാണ് ഉള്ളത്. സമാനമായ നിറവും മണവും ഒപ്പം തന്നെ അതേ അളവിലുള്ള ഉയർന്ന മെർക്കുറിയുടെ സാനിധ്യവും എഫ് ട്യൂൺ ഫേസ് ക്രീമിൽ ഉണ്ട്.

പാകിസ്താനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചതിനാലും ഉയർന്ന മെർക്കുറിയുടെ സാന്നിധ്യം ഉള്ളതിനാലും പാകിസ്ഥാനി ബ്രാൻഡുകളായ ഫേസ് ക്രീമുകൾക്ക് ഇന്ത്യയിൽ നിരോധനം ഉണ്ട്. മുംബൈ അടക്കമുള്ള സ്ഥലങ്ങളിൽ ഏജൻസികൾ നിരന്തരം റെയ്‌ഡുകൾ നടത്തുകയും അനധികൃതമായി കടത്തിക്കൊണ്ടുവന്ന പാകിസ്ഥാനി സൗന്ദര്യ വർധക ക്രീമുകൾ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിലാണ് വ്യാജ കമ്പനിയുടെ പേരിൽ യുഎഇയിൽ നിന്നും ഫേസ് ക്രീമുകൾ ഇന്ത്യയിൽ എത്തിച്ച് പരസ്യമായി സോഷ്യൽ മീഡിയയിലൂടെ കച്ചവടം ചെയ്തിരിക്കുന്നത്.

എഫ് ട്യൂണിന് പിന്നാലെ സമാന ബ്രാൻഡുകളും മാർക്കറ്റിങ് കമ്പനികളും പിൻവലിഞ്ഞു!

ഓൺലൈൻ മാർക്കറ്റിൽ നിന്നും എഫ് ട്യൂൺ പിൻവലിഞ്ഞതിന് പിന്നാലെ സമാന പേരിലുള്ള ബ്രാൻഡുകളും അപ്രത്യക്ഷ്യമായിട്ടുണ്ട്. ‘ദിയാൻ എഫ് ട്യൂൺ’ എന്ന പേരിൽ മാർക്കറ്റ് പ്ലേസുകളിൽ ഉണ്ടായിരുന്ന ഫേസ് ക്രീമും ഇപ്പോൾ പൂർണമായും പിൻവലിച്ചിരിക്കുകയാണ്. കൂടാതെ ഇ കൊമേഴ്‌സ് സൈറ്റുകളിൽ എഫ് ട്യൂൺ വിൽപ്പനക്ക് എത്തിച്ചേരുന്ന നിരവധി മാർക്കറ്റിങ് കമ്പനികളും ഇപ്പോൾ എഫ് ട്യൂൺ പിൻവലിച്ചിട്ടുണ്ട്.

കർണാടകത്തിൽ നിന്നുള്ള ഷാനിഫ എന്റർപ്രൈസസ്, പഞ്ചാബിൽ നിന്നുള്ള ഇക്കോ ക്രാഫ്റ്റ് തുടങ്ങിയ അഞ്ചോളം മാർക്കറ്റിങ് കമ്പനികളാണ് പ്രധാനമായും എഫ് ട്യൂൺ വിപണിയിൽ എത്തിച്ചിരുന്നത്. ഇവരെല്ലാം തന്നെ ഇപ്പോൾ ഇവരുടെ ഉത്പന്നങ്ങളുടെ പട്ടികയിൽ നിന്നും എഫ് ട്യൂൺ നീക്കം ചെയ്തിട്ടുണ്ട്.

എഫ് ട്യൂൺ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്തിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെസർമാരും വലിയ ആശങ്കയിലാണ്. വിഷയത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ തങ്ങളും നിയമക്കുരുക്കിൽ ഉൾപ്പെട്ടേക്കും എന്നാണ് ഇവർ ആശങ്കപ്പെടുന്നത്. എഫ് ട്യൂൺ പ്രമോഷൻ ചെയ്യാനായി ഇവരെ ബന്ധപ്പെട്ട ഫോൺ നമ്പറുകളിലേക്ക് ഇപ്പോൾ തിരികെ വിളിച്ചാൽ ലഭ്യമാകാത്തതും ചിലരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Jibin Puliyankodan
Jibin Puliyankodan
Jibin Puliyankodan is an experienced journalist, Editor-in-Chief, and founder of VartaNexus. Specializing in investigative reporting, politics, and socio-economic developments, he leads the platform's editorial vision - focusing on critical public-interest stories, tracking corruption, and delivering clear, grounded news analysis.

തമിഴ്‌നാട്ടിൽ റെയിൽവേ കോച്ചിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞത് മോതിരത്തിലെ ഹാൾമാർക്കിലൂടെ; പ്രതി പിടിയിൽ

മോതിരത്തിലെ ഹാൾമാർക്ക് മുദ്ര പരിശോധിച്ച പൊലീസ്, ഇത് ഗുജറാത്തിൽ നിർമ്മിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഗുജറാത്തിലെ സ്വർണ്ണ വ്യാപാരിയെ ബന്ധപ്പെട്ടപ്പോൾ, ഈ മോതിരം ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഒരു ജ്വല്ലറിയിലേക്ക് വിതരണം ചെയ്തതാണെന്ന് വ്യക്തമായി.

അരിയിൽ ഷുക്കൂർ കൊലപാതകക്കേസ്: പി ജയരാജനും ടിവി രാജേഷും കുറ്റവിമുക്തർ, ഏഴു പേർക്ക് ജീവപര്യന്തം

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്തിനേയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. പതിനെട്ട് പ്രതികളെയാണ് കേസിൽ കുറ്റവിമുക്തരാക്കിയിരിക്കുന്നത്.

കൊലക്കേസ് പ്രതി യുഎഇയിൽ ഇന്റർപോളിന്റെ പിടിയിൽ; തിരുവനന്തപുരത്ത് എത്തിച്ചു

യുഎഇ അധികൃതർ നടത്തിയ പരിശോധനയിൽ രാഗേഷ് ഉണ്ണിക്കൊച്ചന്റെ ഒളിത്താവളം കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യുഎഇ അധികൃതർ പ്രതിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി.

‘കൊല്ലപ്പെട്ട’ യുവതിയെ ഏഴ് വർഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി; ‘കൊലപാതകിയായ’ യുവാവ് ജയിലിൽ കിടന്നത് രണ്ടര വർഷം

യുവതിയെ കൊലപ്പെടുത്തിയെന്ന വ്യാജക്കേസിൽ നിരപരാധിയായ യുവാവ് രണ്ടര വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചതിന് പിന്നാലെയാണ് അമ്പരപ്പിക്കുന്ന ഈ വഴിത്തിരിവ്.
spot_img

തമിഴ്‌നാട്ടിൽ റെയിൽവേ കോച്ചിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞത് മോതിരത്തിലെ ഹാൾമാർക്കിലൂടെ; പ്രതി പിടിയിൽ

മോതിരത്തിലെ ഹാൾമാർക്ക് മുദ്ര പരിശോധിച്ച പൊലീസ്, ഇത് ഗുജറാത്തിൽ നിർമ്മിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഗുജറാത്തിലെ സ്വർണ്ണ വ്യാപാരിയെ ബന്ധപ്പെട്ടപ്പോൾ, ഈ മോതിരം ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഒരു ജ്വല്ലറിയിലേക്ക് വിതരണം ചെയ്തതാണെന്ന് വ്യക്തമായി.

അരിയിൽ ഷുക്കൂർ കൊലപാതകക്കേസ്: പി ജയരാജനും ടിവി രാജേഷും കുറ്റവിമുക്തർ, ഏഴു പേർക്ക് ജീവപര്യന്തം

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്തിനേയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. പതിനെട്ട് പ്രതികളെയാണ് കേസിൽ കുറ്റവിമുക്തരാക്കിയിരിക്കുന്നത്.

കൊലക്കേസ് പ്രതി യുഎഇയിൽ ഇന്റർപോളിന്റെ പിടിയിൽ; തിരുവനന്തപുരത്ത് എത്തിച്ചു

യുഎഇ അധികൃതർ നടത്തിയ പരിശോധനയിൽ രാഗേഷ് ഉണ്ണിക്കൊച്ചന്റെ ഒളിത്താവളം കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യുഎഇ അധികൃതർ പ്രതിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി.