ന്യൂഡൽഹി: ക്യാൻസർ ചികിത്സാരംഗത്ത് സാധാരണക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമേകി കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം. ദേശീയ അവശ്യമരുന്ന് പട്ടികയ്ക്ക് പുറത്തുള്ള (നോൺ-ഷെഡ്യൂൾഡ്) എല്ലാ ക്യാൻസർ പ്രതിരോധ മരുന്നുകളുടെയും വ്യാപാര ലാഭവിഹിതത്തിന് കേന്ദ്ര സർക്കാർ 30% പരിധി നിശ്ചയിച്ചു. ഈ പരിഷ്കാരം നടപ്പിലാകുന്നതോടെ വിപണിയിലുള്ള ഭൂരിഭാഗം ക്യാൻസർ മരുന്നുകളുടെയും പരമാവധി വിൽപന വിലയിൽ 70% വരെ വൻ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ തീരുമാനം വഴി രാജ്യത്തെ ആയിരക്കണക്കിന് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതിവർഷം ഏകദേശം 2500 കോടി രൂപയുടെ സാമ്പത്തിക ആശ്വാസം ലഭിക്കും. ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്കും സ്വദേശീയമായി നിർമ്മിക്കുന്നതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകൾക്കും ഒരുപോലെ ഈ ഇളവ് ബാധകമാണ്. പേറ്റന്റുള്ളതും ഇല്ലാത്തതുമായ, നിലവിലെ വിലനിയന്ത്രണ പരിധിയിൽ വരാത്ത എല്ലാ അർബുദ മരുന്നുകളും ഇതിന്റെ പരിധിയിൽ വരും.
സുപ്രീം കോടതിയുടെ ശക്തമായ ഇടപെടൽ
ക്യാൻസർ മരുന്നുകളുടെ വിലനിർണ്ണയവുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീം കോടതി നടത്തിയ ശക്തമായ ഇടപെടലുകളുടെയും ചോദ്യം ചെയ്യലുകളുടെയും പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള ഇടപെടൽ ഉണ്ടായിരിക്കുന്നത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് മരുന്ന് വിലയിലെ അസമത്വത്തിനെതിരെ അതിരൂക്ഷമായ പരാമർശങ്ങൾ നടത്തിയിരുന്നു.
മൊത്തവ്യാപാരികളിൽ നിന്നും റീട്ടെയിലർമാർക്ക് ഏകദേശം 2700 രൂപയ്ക്ക് ലഭിക്കുന്ന ഒരു ക്യാൻസർ മരുന്നിന് ഉപഭോക്താവിന് വിൽക്കുന്നത് 27000 രൂപ എംആർപിയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പത്തിരട്ടിയോളം വരുന്ന ഈ ഭീമമായ വിലവ്യത്യാസത്തെ വിമർശിച്ച കോടതി, മരുന്നുകൾക്ക് ഏകീകൃത ലാഭവിഹിതം നിശ്ചയിച്ചുകൂടേ എന്ന് കേന്ദ്ര സർക്കാരിനോട് ചോദിക്കുകയും ചെയ്തു. ആശുപത്രികളിൽ നിന്നും രോഗികൾ നേരിടുന്ന ചൂഷണം തടയണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസം
ഇന്ത്യയിൽ പ്രതിവർഷം പതിനഞ്ച് ലക്ഷത്തിലധികം പുതിയ ക്യാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന ആകെ മരുന്നുകളുടെ 82 ശതമാനത്തോളവും നോൺ-ഷെഡ്യൂൾഡ് വിഭാഗത്തിലാണ് പെടുന്നത്. അർബുദ ചികിത്സയ്ക്കായി നിലവിൽ ഉപയോഗിക്കുന്ന 110-ഓളം പ്രധാനപ്പെട്ട മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു.
മരുന്ന് വിതരണ ശൃംഖലയിൽ നിലനിൽക്കുന്ന അമിതമായ ലാഭമെടുപ്പും ചൂഷണവും തടയുകയും ജീവൻരക്ഷാ മരുന്നുകൾ സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുകയുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മുൻപ് 2019ൽ 42 നോൺ-ഷെഡ്യൂൾഡ് ക്യാൻസർ മരുന്നുകൾക്ക് ഇത്തരത്തിൽ ലാഭവിഹിത പരിധി നിശ്ചയിച്ചപ്പോൾ 526 ബ്രാൻഡുകളുടെ വിലയിൽ ശരാശരി 50 ശതമാനത്തോളം കുറവുണ്ടാവുകയും രോഗികൾക്ക് 984 കോടി രൂപയുടെ ലാഭം ലഭിക്കുകയും ചെയ്തിരുന്നു. പുതിയ പ്രഖ്യാപനം നടപ്പിലാകുന്നതോടെ ക്യാൻസർ ബാധിതരായ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ചികിത്സാച്ചെലവിൽ വലിയൊരു ബാദ്ധ്യത ഒഴിഞ്ഞു കിട്ടും.