നാഗർകോവിൽ: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിനുള്ളിൽ അമ്പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവായത് മൃതദേഹത്തിൽ നിന്നു ലഭിച്ച സ്വർണ്ണ മോതിരം. കോച്ച് വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാൻ പ്രാഥമികമായി മറ്റ് തെളിവുകളൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ, ഇവരുടെ വിരലിലുണ്ടായിരുന്ന പാമ്പിന്റെ രൂപമുള്ള സ്വർണ്ണ മോതിരം കേന്ദ്രീകരിച്ചായിരുന്നു റെയിൽവേ പോലീസിന്റെ അന്വേഷണം.
മോതിരത്തിലെ ഹാൾമാർക്ക് മുദ്ര പരിശോധിച്ച പൊലീസ്, ഇത് ഗുജറാത്തിൽ നിർമ്മിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഗുജറാത്തിലെ സ്വർണ്ണ വ്യാപാരിയെ ബന്ധപ്പെട്ടപ്പോൾ, ഈ മോതിരം ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഒരു ജ്വല്ലറിയിലേക്ക് വിതരണം ചെയ്തതാണെന്ന് വ്യക്തമായി. റായ്പൂരിലെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിൽ, മോതിരം വാങ്ങിയപ്പോൾ സ്ത്രീ നൽകിയ പാൻ കാർഡ് വിവരങ്ങൾ ലഭ്യമായി. ഇതിൽ നിന്നുമാണ് കൊല്ലപ്പെട്ട സ്ത്രീ മധ്യപ്രദേശ് സ്വദേശിനിയാണെന്ന് പൊലീസ് കണ്ടെത്തുന്നത്. പാൻ കാർഡിൽ നിന്നുള്ള വിലാസത്തിൽ നിന്നും പൊലീസ് മധ്യപ്രദേശിലുള്ള ഇവരുടെ കുടുംബത്തെ കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസമായി ഇവരെ സ്വദേശത്തുനിന്നും കാണാതായിരുന്നതായാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. കൊലപാതക വിവരമറിഞ്ഞ് ഇവരുടെ ഭർത്താവും മക്കളും കന്യാകുമാരിയിലേക്ക് തിരിച്ചിട്ടുണ്ട്.
നവംബർ 13ന് അർദ്ധരാത്രിയോടെയായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിയുന്നതിനൊപ്പം തന്നെ, അന്വേഷണം ആരംഭിച്ച് വെറും ആറ് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാനും പൊലീസിന് സാധിച്ചു. പ്രാഥമിക അന്വേഷണത്തിൽ സംശയാസ്പദമായ മൂന്ന് വ്യക്തികളിലേക്കാണ് പൊലീസ് എത്തിയത്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. വെള്ള വസ്ത്രം ധരിച്ച ഒരാൾ കോച്ചിനുള്ളിൽ നിന്നും ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഭിക്ഷാടകനായ അയ്യപ്പൻ എന്ന വ്യക്തിയായിരുന്നു ഇത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
എപ്പോഴും റെയിൽവേ സ്റ്റേഷനിലും പരിസരത്തും കഴിയുന്ന അയ്യപ്പൻ മുൻപും പലതവണ ഈ സ്ത്രീയെ സ്റ്റേഷനിൽ വെച്ച് കണ്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവദിവസം ഇയാൾ സ്ത്രീയെ ആളൊഴിഞ്ഞ കോച്ചിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും, ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന രക്തം പുരണ്ട ഷർട്ട് സമീപത്തെ ഓടയിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആയുധങ്ങളൊന്നും ഉപയോഗിക്കാതെ, കൈകൊണ്ട് മർദ്ദിച്ചും നെഞ്ചിൽ ചവിട്ടിയുമാണ് താൻ കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സ്ത്രീയുടെ വാരിയെല്ലുകൾക്ക് പൊട്ടലുള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മികച്ച രീതിയിൽ അന്വേഷണം നടത്തി ആറ് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയ തിരുച്ചിറപ്പള്ളി റെയിൽവേ എസ്.പി ആദർശ് പച്ചേരയെയും സംഘത്തെയും തമിഴ്നാട് റെയിൽവേ ഡിജിപി കെ വന്നിയപെരുമാൾ അഭിനന്ദിച്ചു. നാഗർകോവിലിൽ ക്യാമ്പ് ചെയ്ത് ആദർശ് പച്ചേര നടത്തിയ കൃത്യമായ നീക്കങ്ങളാണ് പ്രതിയെ വേഗത്തിൽ കുടുക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.