‘ഹൈറിച്ച് സെപ്റ്റംബറിൽ വരും’; മണി ചെയിൻ തട്ടിപ്പ് കേസുകൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കമ്പനി

Published on

spot_img

തൃശൂർ: മണി ചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടികൾ നേരിടുന്ന ഹൈറിച്ച് സെപ്റ്റംബറിൽ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപക ശ്രീനാ പ്രതാപൻ. നെറ്റ്‌വർക്കിങ് ഒഴിവാക്കിക്കൊണ്ട് പരമ്പരാഗത രീതിയിൽ ബിസിനസ് പുനരാരംഭിക്കുമെന്നാണ് ഹൈറിച്ച് സൊസൈറ്റിയുടെ ഓൺലൈൻ യോഗത്തിൽ ശ്രീനാ പ്രതാപൻ അവകാശപ്പെട്ടത്. ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന ശ്രീനാ പ്രതാപന്റെ ദൃശ്യങ്ങൾ വാർത്താനെക്‌സസിന് ലഭിച്ചു. ഭാവിയിൽ കമ്പനി തിരിച്ചുവരുമ്പോൾ പുതിയ ബിസിനസിനെ പഴയ സംവിധാനവുമായി കൂട്ടിച്ചേർക്കുമെന്നും അവർ പറഞ്ഞു. കമ്പനി അടച്ചുപൂട്ടുകയും വിവിധ അന്വേഷണ ഏജൻസികളുടെ നിയമനടപടികൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്പനി തിരിച്ചുവരുമെന്ന വാഗ്‌ദാനം ഹൈറിച്ച് മാനേജ്‌മെന്റ് നടത്തുന്നത്. ഹൈറിച്ചിനെതിരെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ടു വരുന്നതിനിടെ, ഇരകളായവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കാനായി മാനേജ്‌മെന്റ് നടത്തുന്ന നീക്കങ്ങളുടെ ഏറ്റവും പുതിയ തെളിവാണ് ഇത്.

താനും കമ്പനി ചെയർമാൻ കെ.ഡി. പ്രതാപനും ഹൈറിച്ച് അംഗങ്ങൾ ഇപ്പോഴും ദുരിതമനുഭവിക്കുന്നത് കണ്ടുനിൽക്കാൻ കഴിയാത്തതിനാലാണ് പുതിയ തീരുമാനമെടുത്തതെന്നാണ് ശ്രീനാ പ്രതാപന്റെ വിശദീകരണം. എല്ലാവരെയും സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ നീങ്ങുന്നതെന്നും ശ്രീന വിശദീകരിക്കുന്നു. ഹൈറിച്ച് സൊസൈറ്റി എന്ന കൂട്ടായ്മയുടെ ഓൺലൈൻ യോഗത്തിലാണ് അംഗങ്ങളോട് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇരകളായവർ പരാതിപ്പെടുന്നത് വൈകിപ്പിക്കാൻ വേണ്ടി കമ്പനി ഉടമകൾ നടത്തുന്ന വൈകാരികമായ നീക്കങ്ങളുടെ തെളിവുകളാണ് ശ്രീനാ പ്രതാപന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്.

പരാതികൾ വൈകിപ്പിക്കാനുള്ള തന്ത്രം ആവർത്തിച്ച് മാനേജ്‌മെന്റ്

ഹൈറിച്ചിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നതിന് ഇപ്പോൾ തന്നെ പരാതി നൽകണമെന്ന പ്രചാരണം ശരിയല്ലെന്നും ശ്രീനാ പ്രതാപൻ യോഗത്തിൽ പറഞ്ഞു. വിധി വന്നതിനുശേഷം മൂന്ന് വർഷത്തിനുള്ളിൽ പരാതി നൽകിയാൽ മതിയെന്നാണ് അവർ അവകാശപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട അഭിഭാഷകർ ഹൈറിച്ചിന് ബഡ്‌സ് ആക്ട് ബാധകമാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്പനി തിരിച്ചുവരുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവർ യോഗത്തിൽ പറഞ്ഞു. കമ്പനിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള പ്രതീക്ഷ നിലനിർത്തുന്നതിലൂടെ നിയമനടപടികളിലേക്ക് പോകുന്നതിൽ നിന്ന് അംഗങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് മാനേജ്‌മെന്റ് നടത്തുന്നത് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. സ്ഥാപനം അടച്ചുപൂട്ടുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടും കമ്പനി തിരിച്ചുവരുമെന്ന പ്രചാരണം വിശ്വസിച്ച് ഇപ്പോഴും പരാതിനൽകാതെ കഴിയുന്ന നിരവധി ഇരകളുണ്ട്.

യോഗത്തിൽ ഹൈറിച്ചിനെതിരെയുള്ള പരാതികളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങളും ശ്രീനാ പ്രതാപൻ നടത്തിയിട്ടുണ്ട്. കമ്പനിയിൽനിന്ന് പണം ലഭിച്ചിരുന്ന കാലത്ത് മാനേജ്‌മെന്റിനെ ദൈവങ്ങളെപ്പോലെ കണ്ടിരുന്ന അംഗങ്ങൾ ഇപ്പോൾ മോശമായി വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ വാദം. ഹൈറിച്ചിനെതിരെ നൽകുന്ന വഞ്ചനാക്കേസുകൾ നിലനിൽക്കില്ലെന്നും അവർ യോഗത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. ഒപ്പം കമ്പനിക്കെതിരെ കേസ് നൽകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിലായ ഹൈറിച്ച് അംഗങ്ങൾക്ക് സഹായം എത്തിക്കാനായി മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നും ശ്രീനാ പ്രതാപൻ യോഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വീട് ജപ്തി ഒഴിവാക്കുന്നതിനും മക്കളുടെ വിവാഹം നടത്തുന്നതിനുമടക്കം വിവിധ ആവശ്യങ്ങളുമായി അംഗങ്ങൾ തന്നെ സമീപിക്കാറുണ്ടെന്ന് വ്യക്തമാക്കിയ ഇവർ, പിടിച്ചുവച്ചിരിക്കുന്ന ഫണ്ടിന്റെ പലിശത്തുകയിൽനിന്ന് ആവശ്യക്കാർക്ക് പണം ലഭ്യമാക്കാൻ ഇടപെടുമെന്നാണ് വാഗ്‌ദാനം നൽകിയിരിക്കുന്നത്. ഇതിനായി ഹൈറിച്ച് സൊസൈറ്റി വഴി സഹായം ആവശ്യമുള്ളവരെ കണ്ടെത്തുമെന്നും അംഗങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ശ്രീനാ പ്രതാപൻ അവകാശപ്പെട്ടു.

ഹൈറിച്ചിനെതിരായ കേസുകൾ ഗുരുതര സ്വഭാവമുള്ളത്

മൾട്ടി-ലെവൽ മാർക്കറ്റിംഗിന്റെയും ഇ-കോമേഴ്സിന്റെയും മറവിൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് ആളുകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ഒരു സ്ഥാപനമാണ് ഹൈറിച്ച്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി സ്വകാര്യ ലിമിറ്റഡ് എന്ന കമ്പനി സാധാരണ സൂപ്പർമാർക്കറ്റുകളുടെയും ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെയും മാതൃകയിലാണ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, ഇതിന്റെ ഇതിന്റെ യഥാർത്ഥ പ്രവർത്തനം ഒരു മണി ചെയിൻ അഥവാ പിരമിഡ് സ്കീം ആയിരുന്നു. 126 കോടി രൂപയുടെ ജിഎസ്‌ടി വെട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് സ്ഥാപനത്തിന്റെ കൂടുതൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവരുന്നത്.

വ്യക്തികൾക്ക് 750 രൂപ നൽകി കമ്പനിയിൽ അംഗങ്ങളാകാമായിരുന്നു. അതിനുശേഷം പുതിയ ആളുകളെ തങ്ങൾക്കടിയിൽ അംഗങ്ങളാക്കി ചേർത്താൽ കമ്മീഷൻ ലഭിക്കുമെന്നതായിരുന്നു ഇതിന്റെ ആദ്യ ഘട്ടം. കോവിഡ് കാലത്തെ സാഹചര്യം കൂടി മുതലെടുത്ത്, കമ്പനി ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിൽ പുതിയ വ്യാജ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. തങ്ങളുടെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോം, ഡിജിറ്റൽ കറൻസി അഥവാ എച്ച്ആർ കോയിൻ എന്നിവയിലേക്ക് ഇവർ വലിയ ലാഭം ലഭിക്കുമെന്ന് പ്രലോഭിപിച്ച് നിക്ഷേപം സ്വീകരിച്ചു. 10000 രൂപയോ അതിന് മുകളിലോ നിക്ഷേപിച്ചാൽ പ്രതിമാസം ഉയർന്ന പലിശയും ലാഭവിഹിതവും നൽകുമെന്നായിരുന്നു പ്രധാന വാഗ്ദാനം. പ്രാരംഭ ഘട്ടത്തിൽ ചേർന്നവർക്ക് ഉയർന്ന ലാഭം നൽകിയതോടെ കൂടുതൽ ആളുകൾ ഇതിലേക്ക് ആകർഷിക്കപ്പെട്ടു.

നിയമാനുസൃതമായ ഡയറക്ട് സെല്ലിംഗ് ബിസിനസാണ് ഹൈറിച്ച് നടത്തുന്നത് എന്ന് അവകാശപ്പെട്ടെങ്കിലും, ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനേക്കാൾ കൂടുതൽ പണം ലഭിച്ചിരുന്നത് പുതിയ ആളുകളെ ചേർക്കുന്നതിലൂടെ മാത്രമാണ്. അതുപോലെ ആർബിഐ, സെബി പോലെയുള്ള സാമ്പത്തിക അതോറിറ്റികളുടെ യാതൊരു അനുമതിയും ഇല്ലാതെയാണ് കമ്പനി നിക്ഷേപങ്ങൾ സ്വീകരിച്ചത്. കമ്പനിയുടെ പ്രധാന വരുമാനം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിലൂടെയല്ലെന്നും മാണി ചെയിനിലൂടെയാണെന്നും പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി.

കേരള പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ പരിശോധനകളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 1600 കോടി രൂപയിലധികം കമ്പനി തട്ടിയെടുത്തു എന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച തുകയിൽ വലിയൊരു പങ്ക് വിദേശ രാജ്യങ്ങളിലേക്ക് ഹവാല മാർഗ്ഗത്തിലൂടെ കടത്തിയതായും അനധികൃത ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾക്ക് ഉപയോഗിച്ചതായും കണ്ടെത്തി. കമ്പനി ഉടമകളായ കെഡി പ്രതാപൻ, ഭാര്യ ശ്രീന പ്രതാപൻ എന്നിവരുടെ നൂറുകണക്കിന് കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും അന്വേഷണ ഏജൻസികൾ മരവിപ്പിച്ചു.

സാധാരണ മണി ചെയിൻ കമ്പനികൾ ഒട്ടും യാഥാർഥ്യമല്ലാത്ത ബിസിനസ് കാണിക്കുമ്പോൾ, ഹൈറിച്ച് പലയിടത്തും ഫ്രാഞ്ചൈസി മാതൃകയിൽ സൂപ്പർമാർക്കറ്റ് ശാഖകൾ തുറന്നതാണ് ജനങ്ങൾക്ക് വലിയ രീതിയിൽ വിശ്വാസ്യത നൽകിയത്. തുടക്കത്തിൽ നിക്ഷേപം നടത്തിയവർക്ക് കൃത്യമായി പണം തിരികെ നൽകിയതോടെ ഇവർ മറ്റുള്ളവരെ കമ്പനിയിലേക്ക് ആകർഷിക്കുന്ന പ്രചാരകരായി മാറി. മിക്ക ആളുകളും ബന്ധുക്കളേയും സുഹൃത്തുക്കളേയും നാട്ടുകാരെയും ഹൈറിച്ചിൽ ചേർത്തു. പലരും കിടപ്പാടം വരെ പണയം വച്ച് കൊള്ളപ്പലിശക്ക് പോലും വായ്പയെടുത്ത് ഹൈറിച്ചിൽ നിക്ഷേപിച്ചു. കമ്പനിക്ക് പിടിവീണതോടെ ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലായി. പലരും ആത്മഹത്യയുടെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ.

Jibin Puliyankodan
Jibin Puliyankodan
Jibin Puliyankodan is an experienced journalist, Editor-in-Chief, and founder of VartaNexus. Specializing in investigative reporting, politics, and socio-economic developments, he leads the platform's editorial vision - focusing on critical public-interest stories, tracking corruption, and delivering clear, grounded news analysis.

Latest articles

ഫേസ്ബുക്കിലെ മതനിന്ദാ കമന്റ്; ശ്രീലങ്കൻ പൗരന്റെ വധശിക്ഷ റദ്ദാക്കി സൗദി സുപ്രീം കോടതി

ഹിന്ദു ദൈവത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിക്കപ്പെടുന്ന ഒരു ഫെയ്‌സ്ബുക്ക് കമന്റിന് മറുപടിയായി അനോജൻ ശിവരാസ തമിഴ് ഭാഷയിൽ പ്രവാചകനെയും ഇസ്‌ലാമിനെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് കേസ്.

കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്; ജന്തർ മന്ദറിൽ നിരോധനാജ്ഞ

ജന്തർ മന്ദർ അടക്കമുള്ള സുപ്രധാന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം നാലിലധികം ആളുകൾ ഒത്തുചേരുന്നതിനോ, അനുമതിയില്ലാതെ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുന്നതിനോ വിലക്കുണ്ട്.

ക്യാൻസർ മരുന്നുകൾക്ക് 70% വരെ വില കുറയും: സുപ്രീം കോടതി ഇടപെടലിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം

ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്കും സ്വദേശീയമായി നിർമ്മിക്കുന്നതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകൾക്കും ഒരുപോലെ ഈ ഇളവ് ബാധകമാണ്.

ഫ്രാൻസിൽ വിദ്യാർത്ഥി സമരം കനക്കുന്നു; ഹൈസ്‌കൂളുകൾ അടച്ചിട്ടു, ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിൽ

അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ അമിത തിരക്ക്, തകർന്ന കെട്ടിടങ്ങൾ എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്.
spot_img

നിതിൻ രാജ് കേസിലെ വീഴ്ച: ക്രൈംബ്രാഞ്ച് സംഘത്തിനെതിരായ അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയെന്ന് പൊലീസ്

പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.

‘വിസ്‌ഡം’ പ്രചാരണ പരിപാടി യൂണിഫോമിൽ ഉദ്‌ഘാടനം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ; ക്ലീൻ ചിറ്റ് നൽകി സ്‌പെഷ്യൽ ബ്രാഞ്ച്

'പുരോഗമനത്തെ പോസ്റ്റ്മോർട്ടം ചെയ്യുന്നു' എന്ന് പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വച്ച് തന്നെ വിസ്‌ഡം ഒരു തെരുവ് സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന പരിപാടിയാണ് ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്തത്.

‘ഭരണഘടനയെ അവഹേളിച്ചു’: മുൻ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിക്കെതിരെ ഗുരുതര പരാതി

അടുത്തിടെ സമാനമായ രീതിയിൽ മറ്റൊരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ശ്രീജിത്ത് കോടേരിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് വീണ്ടും ഇതേ ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ പുതിയ ആരോപണം ഉയർന്നുവന്നിരിക്കുന്നത്.