കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരായ അന്വേഷണ രേഖകൾ രഹസ്യ രേഖകൾ ആണെന്ന് കേരളാ പൊലീസ്. അതിനാൽ തന്നെ വിവരാവകാശ അപേക്ഷ പ്രകാരം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനാകില്ലെന്ന് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്നും മറുപടി ലഭിച്ചു. നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടത്തിയ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കണ്ണൂർ യൂണിറ്റിലെ ഉദ്യോഗസ്ഥർ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് രഹസ്യ രേഖയെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്.
നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിലെ പ്രധാന പ്രതിയായ കോളേജ് അധ്യാപകൻ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തത് നൂറ് ദിവസത്തിലധികം ദിവസങ്ങൾ കഴിഞ്ഞാണ്. അറസ്റ്റിലെ നടപടിക്രമങ്ങളിൽ അന്വേഷണ സംഘം ബോധപൂർവം വീഴ്ച വരുത്തിയതിനെത്തുടർന്ന് ഡോ. എം.കെ. റാമിനെ കോടതി വിട്ടയച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ സുപ്രീംകോടതി അനുശാസിക്കുന്ന നിർബന്ധിത നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി സെഷൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്യാതെ വിട്ടയച്ചത്. അറസ്റ്റിന്റെ കാരണം രേഖാമൂലം കൈമാറുന്നതിൽ അന്വേഷണ സംഘം വരുത്തിയ ബോധപൂർവ്വമായ വീഴ്ച പ്രതിക്ക് നിയമപരമായ ആനുകൂല്യം ലഭിക്കാൻ വഴിയൊരുക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം അന്വേഷണ സംഘത്തിന്റെ തലവനായ ഡിവൈഎസ്പി സുധീർ കല്ലനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. നിതിൻ രാജിന്റെ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഇടപെടൽ. കുറ്റക്കാരനായ ഡിവൈഎസ്പിയെ ഹൈക്കോടതി നേരിൽ വിളിച്ചു വരുത്തുകയും ഇയാൾക്കെതിരെ നടപടിയെടുക്കാൻ വൈകിയതിന് സർക്കാറിനും ആഭ്യന്തരവകുപ്പിനും എതിരെ ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തുന്ന സാഹചര്യവും ഉണ്ടായി. തുടർന്ന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ജീവൻ ജോർജിന് അന്വേഷണ ചുമതല കൈമാറുകയാണ് ഉണ്ടായത്. തുടർന്ന് സ്പെഷ്യൽ കോടതിയുടെ അനുമതിയോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യേണ്ടി വന്നു.
സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയത് ഗുരുതരമായ കാര്യങ്ങൾ
കേസിലെ ഒന്നാം പ്രതിയുടെ അറസ്റ്റിൽ ഉണ്ടായ വീഴ്ചയിൽ ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വസ്തുതകളാണ് കണ്ടെത്തിയത് എന്നാണ് വിവരം. ഡോ. എം.കെ.റാമിനെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടെങ്കിലും അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. അഞ്ച് ക്രൈംബ്രാഞ്ച് സ്ക്വാഡ് അംഗങ്ങളെ മാത്രമാണ് സ്ഥലംമാറ്റിയത്. കണ്ണൂരിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഈ ഉദ്യോഗസ്ഥരെ അതേ ജില്ലയിലെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത് കണ്ണിൽ പൊടിയിടുന്ന നടപടിയാണെന്ന് വിമർശനം ഉയർന്നിരുന്നു. നിതിൻ രാജ് കേസ് അന്വേഷിച്ചിരുന്ന സംഘത്തിലെ ക്രൈംബ്രാഞ്ച് എസ്.പി. കെ.വി.വേണുഗോപാൽ, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി. സുധീർ കല്ലൻ, ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി എന്നിവർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഹൈക്കോടതി കൂടുതൽ കടുത്ത വിമർശനങ്ങൾ ഉയർത്തിയ ഘട്ടത്തിൽ മാത്രമാണ് ഡിവൈഎസ്പി. സുധീർ കല്ലനെ സസ്പെൻഡ് ചെയ്യാൻ തയ്യാറായത്.




