കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ കവർന്നെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പ്രതികളെ കസ്റ്റഡിയിലെടുത്തതായി നേപ്പാൾ പൊലീസ്. 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് പ്രളയത്തിൽ മരിച്ചെന്ന് കരുതുന്ന സ്ത്രീയുടെ മൃതദേഹത്തോട് ചിലർ അനാദരവ് കാട്ടുകയും സ്വർണാഭരണങ്ങൾ കവരുകയും ചെയ്യുന്നത്. രണ്ടുപേർ ചേർന്ന് മരക്കഷണങ്ങളും മുടിയിലും പിടിച്ച് മൃതദേഹം വലിച്ചിഴയ്ക്കുന്നതും തുടർന്ന് ഇരുചെവികളിലുമുണ്ടായിരുന്ന സ്വർണക്കമ്മലുകൾ ഊരിയെടുക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവസ്ഥലത്ത് നിരവധി പേരുണ്ടായിരുന്നതും പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം. മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ കവർന്ന സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ രോഷമാണ് ഉയരുന്നത്. സംഭവത്തിന്റെ വീഡിയോയുടെ ഭാഗം പങ്കുവെച്ച നേപ്പാൾ പൊലീസ്, മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ കവർന്നവരെ കസ്റ്റഡിയിലെടുത്തതായി എക്സിലൂടെ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.
നേപ്പാളിലും ടിബറ്റിലും ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിലും അനുബന്ധ ദുരന്തങ്ങളിലുമായി ഏകദേശം 400 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളിലുമായി 1,468 പേരെ ഇപ്പോഴും കണ്ടെത്താനുണ്ടെന്നാണ് വിവരം. പ്രളയത്തിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. റോഡുകളും പാലങ്ങളും തകർന്നതും വൻതോതിൽ ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയതും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. ദുരന്തത്തിൽ നിരവധി ഇന്ത്യക്കാരും കുടുങ്ങിയിട്ടുണ്ട്. കാണാതായ 290 ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും തകർന്ന ഗതാഗത സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമായി തുടരുന്നു.
അതേസമയം, പ്രളയത്തെ തുടർന്ന് രൂപപ്പെട്ട പുതിയ തടാകം അതിവേഗം ജലനിരപ്പ് ഉയരുന്നതിനാൽ അധികൃതർ ജാഗ്രതയിലാണ്. തടാകം നിറഞ്ഞ് കരകവിഞ്ഞാൽ താഴ്വര പ്രദേശങ്ങളിൽ വീണ്ടും ശക്തമായ വെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നാണ് ആശങ്ക. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.




