ബെംഗളൂരു: ജോലിസ്ഥലത്തെ നിരന്തരമായ സിഗരറ്റ് പുക ശല്യമായി മാറിയതോടെ ജോലി തന്നെ ഉപേക്ഷിച്ച് ബെംഗളൂരുവിലെ യുവതി. ജാൻവി ചാവഡയാണ് ഓഫിസിലെ പുകവലി മൂലമുള്ള ബുദ്ധിമുട്ടുകൾ സഹിക്കാനാകാതെ രാജിവച്ചത്. രാജിക്കത്ത് പങ്കുവെച്ചുള്ള ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇതിനോടകം വൈറലായി. ‘ഇന്നലെ ഞാൻ ജോലി രാജിവച്ചു’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
രാജിവയ്ക്കാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് സിഗരറ്റിന്റെ മണം തനിക്ക് ഒട്ടും സഹിക്കാനാകില്ലെന്നും ജോലിയിൽ തുടരാൻ കഴിയുന്നത്ര പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവർ കുറിച്ചു. പ്രശ്നം താൻ മാറ്റേണ്ട ഒന്നല്ലെന്നും ജാൻവി വ്യക്തമാക്കി. ഓഫിസിൽ എവിടെയാണ് പുകവലി നടക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായി പാൻട്രി മുറിയിലും ഭക്ഷണം കഴിക്കുന്ന സ്ഥലത്തുമാണ് ചിലർ പുകവലിച്ചിരുന്നതെന്ന് ജാൻവി പറഞ്ഞു. പുകവലിച്ച ശേഷം ചിലർ തന്റെ അടുത്തെത്തി ഇരിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി. പുക ലോബിയിലേക്കും വ്യാപിച്ചിരുന്നതായും അവിടെവച്ചാണ് താൻ ജോലി ചെയ്തിരുന്നതെന്നും ജാൻവി പറഞ്ഞു. പുക ഒഴിവാക്കാൻ മാസ്ക് ധരിച്ചുനോക്കിയെങ്കിലും അതും ഫലിച്ചില്ലെന്നാണ് അവരുടെ വിശദീകരണം.
ജാൻവിയുടെ തീരുമാനത്തിന് പിന്നാലെ ജോലിസ്ഥലത്തെ പരോക്ഷ പുകവലി മൂലം സമാനമായ ബുദ്ധിമുട്ടുകൾ നേരിട്ടവരും അനുഭവങ്ങൾ പങ്കുവെച്ചു. ഒരു ജീവനക്കാരൻ സമാന സാഹചര്യം നേരിട്ടിരുന്നെങ്കിലും മാനേജരോട് പരാതി പറഞ്ഞതിനെ തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണാനായതായി വ്യക്തമാക്കി. മറ്റുചിലർ പരോക്ഷ പുകവലി ആരോഗ്യത്തിന് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടി. ജോലി നിലനിർത്തുന്നതിനേക്കാൾ സ്വന്തം ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകിയ ജന്ഹവിയുടെ തീരുമാനത്തെ പലരും അഭിനന്ദിക്കുകയും ചെയ്തു.
ജോലിസ്ഥലത്തെ അസൗകര്യങ്ങൾ സഹിച്ചുകൊണ്ട് പല സ്ത്രീകളും സാഹചര്യങ്ങൾ അതിരുകടക്കുന്നതുവരെ തുടരാറുണ്ടെന്നും അതിനാൽ ജാൻവിയുടെ തീരുമാനം ധീരമായ നടപടിയാണെന്നും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ജോലിസ്ഥലത്തെ പുകവലി സംബന്ധിച്ച ആരോഗ്യ-തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടി വഴിവെച്ചിരിക്കുകയാണ് ജാൻവിയുടെ രാജിക്കത്ത്.





