ബെയ്ജിങ്: ചൈനയുടെ കിഴക്കൻ തീരത്ത് ഡോൾഫിൻ ചുഴലിക്കാറ്റ് കരതൊട്ടതിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളും ഗതാഗത തടസ്സങ്ങളും. ഷാങ്ഹായ് ഉൾപ്പെടെയുള്ള കിഴക്കൻ ചൈനയിൽ 10 ലക്ഷത്തിലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഈ വർഷം ചൈനയെ ബാധിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഡോൾഫിൻ. ഞായറാഴ്ച വൈകിട്ട് 5.30ഓടെ സെജിയാങ് പ്രവിശ്യയിലെ യുഹുവാനിലാണ് ഡോൾഫിൻ ആദ്യമായി കരതൊട്ടത്. മണിക്കൂറിൽ 151 കിലോമീറ്റർ വേഗതയിലായിരുന്നു കാറ്റ് വീശിയത്. ഏകദേശം ഒരു മണിക്കൂറിന് ശേഷം വെൻഷൗവിലും കാറ്റ് വീണ്ടും കരതൊട്ടു. തുടർന്ന് ശക്തി കുറഞ്ഞ് ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെങ്കിലും കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും തുടരുകയാണ്.
ഷാങ്ഹായിലാണ് ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവും പ്രകടമായത്. നഗരത്തിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിൽ 1,300ലേറെ വിമാനങ്ങൾ റദ്ദാക്കി. നിരവധി പ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി. ജിയാഡിങ്, ക്വിങ്പു തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായതായി റിപ്പോർട്ടുകളുണ്ട്.സെജിയാങിലെ വെൻഷൗ നഗരത്തിൽ മാത്രം ഒമ്പത് ലക്ഷത്തിലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആയിരത്തിലേറെ അടിയന്തര അഭയകേന്ദ്രങ്ങളും തുറന്നു. തായ്ഷൗവിൽ ഏകദേശം 3.9 ലക്ഷം പേരെയും മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് വിവിധ പ്രദേശങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിട്ടുണ്ട്.
ഷാങ്ഹായിലെ ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി. ഡിസ്നിലാൻഡിന്റെയും ലെഗോലാൻഡിന്റെയും ചില ഭാഗങ്ങൾ അടച്ചതിനു പുറമെ നഗരത്തിലെ ബണ്ട് മേഖലയിലെ നിരവധി വ്യൂവിങ് പ്ലാറ്റ്ഫോമുകളും അടച്ചു. ജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.സെജിയാങ്, ഷാങ്ഹായ്, ജിയാങ്സു, ഫുജിയാൻ എന്നിവയ്ക്ക് പുറമെ ഷാൻഡോങ്, ഹെനാൻ, ഹുബെയ്, അൻഹുയി തുടങ്ങിയ പ്രവിശ്യകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചില മേഖലകളിൽ അടുത്ത ദിവസങ്ങളിൽ 500 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടി.
ഫുജിയാൻ പ്രവിശ്യയിൽ നിരവധി യാത്രാ ഫെറി സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. കടലിലെ നൂറിലേറെ നിർമാണ പദ്ധതികൾക്കും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ശക്തമായ കാറ്റും വെള്ളപ്പൊക്കവും തുടരുന്നതിനാൽ രക്ഷാപ്രവർത്തന സംഘങ്ങളും അടിയന്തര സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.അതേസമയം, സെജിയാങിലെ വെൻലിങ്ങിൽ ഒമ്പത് വയസ്സുകാരനെ കടലിലേക്ക് ഒഴുകിപ്പോയതിനെ തുടർന്ന് കാണാതായതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗികമായി ആളപായം സ്ഥിരീകരിച്ചിട്ടില്ല.
ചൈനീസ് ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി.യുടെ റിപ്പോർട്ട് പ്രകാരം, കരതൊടുന്നതിന് മുമ്പ് ‘ഡോൾഫിൻ’ ഏകദേശം 6,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചിരുന്നു. സാധാരണ ഒരു ചുഴലിക്കാറ്റിനേക്കാൾ മൂന്നിരട്ടിയിലേറെ ദൈർഘ്യമുള്ള ആയുസ്സാണ് ഡോൾഫിനുണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.




