HomeBeatInternationalജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ

ജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ

Published on

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 1253 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെയാണ് പിടികൂടിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽവഹാബ് അൽ വുഹൈബിന്റെ നേതൃത്വത്തിലായിരുന്നു വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള നടപടി. ജലീബ് അൽ ഷുയൂഖിലെ നിയമലംഘനങ്ങൾ നിയന്ത്രിക്കുക, പൊതുസുരക്ഷയും ക്രമസമാധാനവും ശക്തിപ്പെടുത്തുക, അനധികൃത പ്രവർത്തനങ്ങൾ തടയുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശോധന.

പരിശോധനയുടെ ഭാഗമായി 6511 കടകളിലും വിവിധ സ്ഥാപനങ്ങളിലുമായി പരിശോധന നടത്തിയതായും 1471 സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസാനുമതിയുമായി ബന്ധപ്പെട്ട 129 കൈക്കൂലി കേസുകളും കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. പ്രവാസി തൊഴിലാളികൾക്കായുള്ള ഷെൽട്ടറിൽ നിന്ന് 110 പേരെ നാടുകടത്തൽ വകുപ്പിന് കൈമാറി.

കുവൈത്ത് മുനിസിപ്പാലിറ്റി 777 നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കിയതായും ഉപേക്ഷിക്കപ്പെട്ട 27 വാഹനങ്ങൾ നീക്കം ചെയ്തതായും 64 വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിപ്പിച്ചതായും അധികൃതർ അറിയിച്ചു. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ പരിശോധനയിൽ അപകടാവസ്ഥയിലുള്ള 1,432 കെട്ടിടങ്ങൾ കണ്ടെത്തി. അനധികൃതമായി സ്ഥാപിച്ച 20 മലിനജല കണക്ഷനുകൾ വിച്ഛേദിക്കുകയും തെരുവുകളിൽ മലിനജലം കെട്ടിക്കിടന്നിരുന്ന 60 സ്ഥലങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു.

അനധികൃതമായി ഉപയോഗിച്ചിരുന്ന 1,200 വസതികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ഫർവാനിയ ഗവർണറേറ്റിലെ വൈദ്യുതി ലോഡ് 60 ശതമാനം വരെ കുറഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയം 256 നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കുകയും 10 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രാലയം ഷെൽട്ടർ സെന്ററിൽ 784 കേസുകൾ കൈകാര്യം ചെയ്തതിൽ 61 പേരെ ആശുപത്രികളിലേക്ക് മാറ്റി.

കുവൈത്ത് ഫയർ ഫോഴ്സ് 188 ഭരണപരമായ അടച്ചുപൂട്ടൽ ഉത്തരവുകൾ നടപ്പാക്കി. 36 കുട്ടികളെയും അവരുടെ അമ്മമാരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പരിസ്ഥിതി പബ്ലിക് അതോറിറ്റി 90 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ 315 ഭക്ഷ്യസുരക്ഷാ നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കിയതായും അധികൃതർ അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ഒമ്പത് റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും 12 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിക്കുകയും ചെയ്തു.

അനധികൃത താമസസ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിനും ഒളിവിൽ കഴിയുന്ന പ്രതികളെയും താമസ-തൊഴിൽ നിയമലംഘകരെയും കണ്ടെത്തുന്നതിനും പരിശോധന സഹായകമായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമാനമായ സംയുക്ത സുരക്ഷാ പരിശോധനകൾ രാജ്യത്തെ മറ്റ് നിയമലംഘന മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും നിയമം കർശനമായി നടപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

Latest articles

മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്.

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.

വാക്സിൻ വിരുദ്ധതയുടെ കുഴിയിൽ ‘കേരള മോഡൽ’; പാളിപ്പോകുന്ന എച്ച്.പി.വി. വാക്സിനേഷൻ

വാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗർഭധാരണത്തിന് തടസ്സമുണ്ടാകുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

നിതിൻ രാജ് കേസിലെ വീഴ്ച: ക്രൈംബ്രാഞ്ച് സംഘത്തിനെതിരായ അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയെന്ന് പൊലീസ്

പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.

More like this

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത; തലേ ദിവസം പ്രതിക്കൊപ്പം ഓണം ആഘോഷിച്ചു

ആദ്യം ആൻ മേരിയെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തുകയും കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കവരുന്ന ദൃശ്യങ്ങൾ; പ്രതികളെ കസ്റ്റഡിയിലെടുത്ത് നേപ്പാൾ പൊലീസ്

സംഭവസ്ഥലത്ത് നിരവധി പേരുണ്ടായിരുന്നതും പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം.

ലഹരി ഉപയോഗിക്കുന്നത് കണ്ടു; ബംഗ്ലാദേശിൽ റിട്ട. അധ്യാപകനേയും കുടുംബത്തേയും കൊലപ്പെടുത്തി

കുടുംബത്തെ കൊലപ്പെടുത്തിയ ഉടൻ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടില്ലെന്നതാണ് അന്വേഷണത്തിൽ കണ്ടെത്തിയ മറ്റൊരു നിർണായക വിവരം. ആറ് മുതൽ ഏഴ് മണിക്കൂറോളം ഇവർ വീട്ടിനുള്ളിൽ തന്നെ തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്.