മണ്ഡ്യ: കൊല്ലപ്പെട്ടെന്ന് പൊലീസ് വിധിയെഴുതിയ യുവതിയെ ഏഴ് വർഷത്തിന് ശേഷം കർണാടകയിലെ മണ്ഡ്യയിൽ ജീവനോടെ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയെന്ന വ്യാജക്കേസിൽ നിരപരാധിയായ യുവാവ് രണ്ടര വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചതിന് പിന്നാലെയാണ് അമ്പരപ്പിക്കുന്ന ഈ വഴിത്തിരിവ്. സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും പൊലീസ് നടപടികളെക്കുറിച്ചും സമഗ്രമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.
2019 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മണ്ഡ്യയിലെ പാണ്ഡവപുര സ്വദേശിനിയായ മഞ്ജു, തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വീട്ടുകാർ വിവാഹം കഴിപ്പിച്ചയച്ചതിനെ തുടർന്ന് പിതാവിന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ബസ് സ്റ്റാൻഡിൽ വെച്ച് വീട്ടിലേക്ക് അത്യാവശ്യമായി ഒരു ഫോൺ വിളിക്കുന്നതിനായി അവിടെ നിന്നിരുന്ന രാഗിമുദ്ദനഹള്ളി സ്വദേശിയായ രാജേഷിന്റെ മൊബൈൽ ഫോൺ മഞ്ജു വാങ്ങി ഉപയോഗിച്ചു. തുടർന്ന് താൻ പ്രണയിച്ചിരുന്ന യുവാവിനെ വിവാഹം കഴിക്കുന്നതിനായി മഞ്ജു പോവുകയും ചെയ്തു.
മഞ്ജുവിനെ കാണാതായതോടെ പിതാവ് നാഗരാജു പോലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ മഞ്ജു അവസാനമായി വിളിച്ചത് രാജേഷിന്റെ ഫോണിൽ നിന്നാണെന്ന് കണ്ടെത്തി. എന്നാൽ, യുവതിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് 2021ൽ പൊലീസ് ഈ തിരോധാനക്കേസ് അവസാനിപ്പിച്ചു.
എന്നാൽ 2021 ഓഗസ്റ്റ് 11ന് നാഗരാജു പൊലീസിൽ പുതിയൊരു പരാതി നൽകി. 2019ൽ രാജേഷ് മഞ്ജുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നും മൃതദേഹം കാവേരി നദിയിൽ ഒഴുക്കിയെന്നും അനന്തപത്മനാഭൻ, ഗുരുകുമാർ എന്നീ രണ്ട് വ്യക്തികൾ പറഞ്ഞതായായിരുന്നു പരാതിയിലെ ആരോപണം.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇൻസ്പെക്ടർ പ്രഭാകർ രാജേഷിനെ അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, പശ്ചിമവാഹിനിയിൽ വെച്ച് തെളിവെടുപ്പ് നടത്തുകയും സാക്ഷിമൊഴികളുടെയും രാജേഷിന്റേതെന്ന് പറയപ്പെടുന്ന കുറ്റസമ്മത മൊഴിയുടെയും അടിസ്ഥാനത്തിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇൻസ്പെക്ടർ പ്രഭാകർ പിന്നീട് സർവീസിൽ നിന്ന് വിരമിച്ചു.
തുടർന്ന് രണ്ടര വർഷത്തോളം രാജേഷ് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിഞ്ഞു. ഒടുവിൽ പിതാവിന്റെയും അഭിഭാഷകന്റെയും സഹായത്തോടെയാണ് രാജേഷ് ജാമ്യത്തിലിറങ്ങിയത്.
ജാമ്യത്തിലിറങ്ങിയ ശേഷവും താൻ നിരപരാധിയാണെന്ന നിലപാടിൽ രാജേഷ് ഉറച്ചുനിന്നു. തുടർന്ന് രാജേഷിന്റെ അഭിഭാഷക സംഘം നടത്തിയ അന്വേഷണത്തിലാണ് മഞ്ജുവിനെ മണ്ഡ്യയിലെ നാഗമംഗലയ്ക്ക് സമീപം കണ്ടെത്തിയത്. ഭർത്താവിനൊപ്പം ഇവിടെ താമസിച്ചുവരികയായിരുന്നു മഞ്ജു. രാജേഷിന്റെ അഭിഭാഷകൻ വിവരമറിയിച്ചതിനെ തുടർന്ന് ബിന്ദിഗനവിലെ പൊലീസ് സ്റ്റേഷനിൽ കേസെടുക്കുകയും മഞ്ജുവിനെ വനിതാ പുനരധിവാസ കൗൺസിലിംഗ് കേന്ദ്രമായ ‘സാന്ത്വന കേന്ദ്ര’ത്തിലേക്ക് മാറ്റുകയും ചെയ്തു.
തന്റെ തിരോധാനത്തിന് ശേഷം ഇത്തരമൊരു കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത വിവരം താൻ അറിഞ്ഞിരുന്നില്ലെന്ന് മഞ്ജു പോലീസിന് നൽകിയ പ്രാഥമിക മൊഴിയിൽ വ്യക്തമാക്കി. രാജേഷിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കുന്നതായിരുന്നു യുവതിയുടെ മൊഴി.
“രാജേഷ് ആരാണെന്ന് പോലും എനിക്കറിയില്ല. എന്റെ അച്ഛൻ എന്തിനാണ് ഇങ്ങനെയൊരു കേസ് നൽകിയതെന്നും അറിയില്ല. അദ്ദേഹം പൂർണ്ണമായും നിരപരാധിയാണ്. ഈ മൊഴി എവിടെ വേണമെങ്കിലും നൽകാൻ ഞാൻ തയ്യാറാണ്,” മഞ്ജു പൊലീസിനോട് പറഞ്ഞു.
വ്യാജ പരാതി നൽകിയ നാഗരാജുവിനെതിരെയും, വ്യാജ തെളിവുകൾ നിർമ്മിച്ച് രാജേഷിന്റെ ജീവിതം തകർത്ത വിരമിച്ച ഇൻസ്പെക്ടർ പ്രഭാകറിനെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്ന് രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി മണ്ഡ്യ ജില്ലാ പൊലീസ് സൂപ്രണ്ട് ശോഭറാണി മാധ്യമങ്ങളോട് സമ്മതിച്ചു. മൃതദേഹം കണ്ടെത്താതെ എങ്ങനെയാണ് കുറ്റപത്രം സമർപ്പിച്ചത് എന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ അവർ, പാളിച്ചകൾ സംഭവിച്ച അന്വേഷണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയതായും അറിയിച്ചു.
