ജോധ്പൂർ: രാജസ്ഥാൻ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ ജാമ്യ ഉത്തരവുകൾ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തൽ. മയക്കുമരുന്ന് കേസിൽ പ്രതിയായ കൽവീന്ദർ സിംഗ് പനേസറാണ് വ്യാജ ജാമ്യ ഉത്തരവുകൾ അപ്ലോഡ് ചെയ്തത്. 8.6 കിലോഗ്രാം ഒപിയം പിടികൂടിയതുമായി ബന്ധപ്പെട്ട് ശ്രീഗംഗാനഗർ ജില്ലയിലെ രാജിയാസർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസിലെ പ്രതിയാണ് കൽവീന്ദർ സിംഗ് പനേസർ. വ്യാജ ജാമ്യ ഉത്തരവുകൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഹൈക്കോടതി അഡ്മിനിസ്ട്രേഷൻ നൽകിയ പരാതിയിൽ കൽവീന്ദർ സിംഗ് പനേസർക്കെതിരെ ജോധ്പൂർ പോലീസ് വഞ്ചനാ കുറ്റത്തിനും ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
ഹൈക്കോടതി വെബ്‌സൈറ്റിൽ സംശയാസ്പദമായ ഒരു ഉത്തരവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതി അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് വ്യാജ ജാമ്യ ഉത്തരവുകൾ കണ്ടെത്തിയത്. കോടതി വെബ്‌സൈറ്റിൽ പനേസർ മൂന്ന് വ്യാജ ജാമ്യ ഉത്തരവുകളാണ് അപ്‌ലോഡ് ചെയ്തത്. ഇതിൽ ഒക്ടോബർ 26 ലെ തീയതിയിലുള്ള ഒരു ഉത്തരവാണ് വ്യാജമാണെന്ന് ഹൈക്കോടതി അധികൃതർക്ക് സംശയം തോന്നിയത്. ഉത്തരവിലെ കേസ് നമ്പറിലും അതിൽ പരാമർശിച്ചിരിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ പേരിലും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. കൂടാതെ ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന ജഡ്ജി, ആ തീയതിയിൽ ഒരു ഡിവിഷൻ ബെഞ്ചിൽ ഇരിക്കുകയായിരുന്നുവെന്ന് കോടതി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിനു പുറമേ ഉത്തരവിൽ പറഞ്ഞിരിക്കുന്ന ജാമ്യാപേക്ഷാ നമ്പർ ഹൈക്കോടതിയുടെ റെക്കോർഡുകളിൽ നിലവിലുള്ളതല്ലെന്നും വ്യക്തമായി.
വ്യാജമാണെന്ന് പൊലീസും കൂടി ഉറപ്പിച്ചതോടെ ഹൈക്കോടതി അധികൃതർ വെബ്‌സൈറ്റിൽ നിന്ന് വ്യാജ ഉത്തരവുകൾ നീക്കം ചെയ്തിട്ടുണ്ട്. ഈ വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിലും പെടുത്തി. കോടതി വെബ്‌സൈറ്റിൽ വ്യാജ രേഖകൾ എങ്ങനെ അപ്‌ലോഡ് ചെയ്തുവെന്നും ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാജ്യത്ത് തന്നെ ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമായത്കൊണ്ടുതന്നെ ജോധ്പൂർ പൊലീസ് ഗൗരവത്തോടെയാണ് അന്വേഷണം മുൻപോട്ടു നീക്കുന്നത്.