ഫേസ്ബുക്കിലെ മതനിന്ദാ കമന്റ്; ശ്രീലങ്കൻ പൗരന്റെ വധശിക്ഷ റദ്ദാക്കി സൗദി സുപ്രീം കോടതി

Published on

spot_img

റിയാദ്: ഫേസ്ബുക്ക് കമന്റിലൂടെ പ്രവാചകനെ അധിക്ഷേപിച്ചെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ പൗരൻ അനോജൻ ശിവരാസയ്ക്ക് ആശ്വാസമായി സൗദി അറേബ്യൻ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. അപ്പീൽ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതായി ശ്രീലങ്കൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അരുൺ ഹേമചന്ദ്ര അറിയിച്ചു. ശ്രീലങ്കൻ സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സൗദിയിലെ നയതന്ത്ര പ്രതിനിധികളുടെയും ഇടപെടലുകൾക്കൊടുവിലാണ് കേസിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിധി റദ്ദാക്കിയ വിവരം പുറത്തുവിട്ടത്. കേസിന്റെ വിവിധ ഘട്ടങ്ങളിൽ സൗദി അധികൃതരുമായി നടത്തിയ നിരന്തരമായ ചർച്ചകളും നിയമപരമായ ഇടപെടലുകളും ഈ നേട്ടത്തിന് സഹായകമായെന്ന് അദ്ദേഹം വ്യക്തമാക്കി. അനോജൻ ശിവരാസയുടെ ജീവൻ സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ച നയതന്ത്ര ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും മന്ത്രി നന്ദി അറിയിച്ചു.

ശ്രീലങ്കയിൽ ഒരു തെരുവുനായയെ മർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് അനോജനെ വധശിക്ഷാ വിധിയിലേക്ക് എത്തിച്ചത്. തീർത്ഥാടക സംഘത്തെ അനുഗമിച്ചിരുന്ന നായയെ ഒരാൾ ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിവിധ വിഭാഗങ്ങൾക്കിടയിൽ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ രൂക്ഷമായ വാഗ്വാദങ്ങളും ഉണ്ടായി. ഇതിനിടെ, ഹിന്ദു ദൈവത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിക്കപ്പെടുന്ന ഒരു ഫേസ്ബുക്ക് കമന്റിന് മറുപടിയായി അനോജൻ ശിവരാസ തമിഴ് ഭാഷയിൽ പ്രവാചകനെയും ഇസ്‌ലാമിനെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് കേസ്.

തുടർന്ന്, താൻ പോസ്റ്റ് ചെയ്ത കമന്റ് മിനിറ്റുകൾക്കുള്ളിൽ നീക്കം ചെയ്ത അനോജൻ ക്ഷമാപണം നടത്തുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ, കമന്റ് നീക്കം ചെയ്യുന്നതിന് മുമ്പ് അതിന്റെ സ്‌ക്രീൻഷോട്ട് പകർത്തുകയും അത് അനോജൻ സൗദിയിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനും പൊലീസിനും ഒരു കൂട്ടർ അയക്കുകയായിരുന്നു. ഇതിന് പിന്നാലെ ജൂലൈയിൽ സൗദി പോലീസ് അനോജനെ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലെ മതനിന്ദാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസായതിനാൽ വിഷയം ഗുരുതരമായ നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു.

അൽ-അഹ്സ ക്രിമിനൽ കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ഇസ്‌ലാമിനെയും പ്രവാചകനെയും അപമാനിച്ചെന്ന കുറ്റത്തിന് ശിവരാസയ്ക്ക് അഞ്ചുവർഷം തടവും 30 ലക്ഷം സൗദി റിയാൽ പിഴയും ശിക്ഷ ലഭിച്ചു. എന്നാൽ സെപ്റ്റംബറിൽ അപ്പീൽ കോടതി അനോജന് വധശിക്ഷ വിധിക്കുകയായിരുന്നു. വധശിക്ഷാ വിധി പുറത്തുവന്നതിനു പിന്നാലെ ശിവരാസയുടെ ജീവൻ രക്ഷിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ശ്രീലങ്കൻ സർക്കാർ ശക്തമാക്കി. വിദേശകാര്യ മന്ത്രാലയവും വിദേശ തൊഴിൽ ബ്യൂറോയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏകോപിപ്പിച്ച് നിയമപരമായ ഇടപെടലുകൾ നടത്തിയതായാണ് ശ്രീലങ്കൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അരുൺ ഹേമചന്ദ്രയുടെ വിശദീകരണം.

കമന്റ് പോസ്റ്റ് ചെയ്തതിന് പിന്നാലെ അത് നീക്കം ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നുവെന്ന കാര്യങ്ങൾ ഉൾപ്പെടെ നിയമനടപടികളിൽ പരിഗണിക്കണമെന്ന ആവശ്യം ശ്രീലങ്ക ഉയർത്തി. വ്യക്തിപരമായ തർക്കത്തിനിടെ വൈകാരികമായി നടത്തിയ പ്രതികരണമായിരുന്നു ഇതെന്നാണ് പ്രധാനമായും അനോജന് വേണ്ടി മുന്നോട്ട് വച്ച വാദം. ഒടുവിൽ, കേസ് പുനഃപരിശോധിച്ച സൗദി സുപ്രീം കോടതി അപ്പീൽ കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കുകയായിരുന്നു. ഈ തീരുമാനത്തോടെ ശിവരാസയ്ക്കെതിരായ വധശിക്ഷ ഒഴിവായെങ്കിലും, കേസിലെ മറ്റ് നിയമനടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

വ്യാജ കമ്പനി, കോഴിക്കോട് ബന്ധം; എഫ് ട്യൂൺ ഫേസ് ക്രീമിന് പിന്നിൽ പാകിസ്ഥാൻ ഫോർമുലേഷൻ

പാകിസ്താനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചതിനാലും ഉയർന്ന മെർക്കുറിയുടെ സാന്നിധ്യം ഉള്ളതിനാലും പാകിസ്ഥാനി ബ്രാൻഡുകളായ ഫേസ് ക്രീമുകൾക്ക് ഇന്ത്യയിൽ നിരോധനം ഉണ്ട്.

തമിഴ്‌നാട്ടിൽ റെയിൽവേ കോച്ചിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞത് മോതിരത്തിലെ ഹാൾമാർക്കിലൂടെ; പ്രതി പിടിയിൽ

മോതിരത്തിലെ ഹാൾമാർക്ക് മുദ്ര പരിശോധിച്ച പൊലീസ്, ഇത് ഗുജറാത്തിൽ നിർമ്മിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഗുജറാത്തിലെ സ്വർണ്ണ വ്യാപാരിയെ ബന്ധപ്പെട്ടപ്പോൾ, ഈ മോതിരം ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഒരു ജ്വല്ലറിയിലേക്ക് വിതരണം ചെയ്തതാണെന്ന് വ്യക്തമായി.

അരിയിൽ ഷുക്കൂർ കൊലപാതകക്കേസ്: പി ജയരാജനും ടിവി രാജേഷും കുറ്റവിമുക്തർ, ഏഴു പേർക്ക് ജീവപര്യന്തം

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്തിനേയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. പതിനെട്ട് പ്രതികളെയാണ് കേസിൽ കുറ്റവിമുക്തരാക്കിയിരിക്കുന്നത്.

കൊലക്കേസ് പ്രതി യുഎഇയിൽ ഇന്റർപോളിന്റെ പിടിയിൽ; തിരുവനന്തപുരത്ത് എത്തിച്ചു

യുഎഇ അധികൃതർ നടത്തിയ പരിശോധനയിൽ രാഗേഷ് ഉണ്ണിക്കൊച്ചന്റെ ഒളിത്താവളം കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യുഎഇ അധികൃതർ പ്രതിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി.
spot_img