ന്യൂ ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബര്‍ 10ന് ജന്തര്‍ മന്ദറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനുള്ള കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ അപേക്ഷ ഡൽഹി പൊലീസ് തള്ളി. പ്രതിഷേധത്തിന് അനുമതി ആവശ്യപ്പെട്ട് സിജെപി സഹ കണ്‍വീനറായ സൗരവ് ദാസ് ആണ് അപേക്ഷ നൽകിയത്. ആവശ്യമായ സമയപരിധി പാലിക്കാതെ അപേക്ഷ നല്‍കിയതും, നേരത്തെ അനുവദിച്ച പ്രതിഷേധങ്ങളില്‍ നിയമപരമായ വ്യവസ്ഥകള്‍ ലംഘിച്ചതും ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങളും ക്രമീകരണങ്ങളിലെ ആശങ്കകളും കണക്കിലെടുത്ത് സമരം നടത്താന്‍ അനുവാദം നല്‍കാനാകില്ലെന്നാണ് ഡൽഹി പൊലീസ് പറയുന്നത്.
ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജന്തർ മന്ദർ അടക്കമുള്ള സുപ്രധാന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം നാലിലധികം ആളുകൾ ഒത്തുചേരുന്നതിനോ, അനുമതിയില്ലാതെ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുന്നതിനോ വിലക്കുണ്ട്.
നിരോധനാജ്ഞ ലംഘിച്ച് മുന്നോട്ടുപോയാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ നൂപുര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര തലസ്ഥാനത്ത് വമ്പൻ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താൻ നിശ്ചിത മാനദണ്ഡങ്ങള്‍ നിലവിലുണ്ടെന്ന് ദില്ലി പോലീസ് ജോയിന്റ് കമ്മീഷണർ നൂപുർ പ്രസാദ് മാധ്യമങ്ങളോട് വ്യക്തമാക്കി. “നിലവിലെ ചട്ടങ്ങൾ അനുസരിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും പോലീസിന് മുൻകൂര്‍ അപേക്ഷ നല്‍കേണ്ടതുണ്ട്. എന്നാല്‍ കോക്ക്റോച്ച് ജനതാ പാര്‍ട്ടി സമര്‍പ്പിച്ച അപേക്ഷയിൽ തികച്ചും ചുരുങ്ങിയ സമയപരിധി മാത്രമാണ് ഉള്ളത്. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുക പ്രായോഗികമല്ല,” നൂപുർ പ്രസാദ് മാധ്യമങ്ങളോട് വിശദീകരിച്ചു.
ഉത്തരവുകൾ ലംഘിച്ച് ഒക്ടോബര്‍ 10-ന് ജന്തർ മന്ദറിലോ പരിസര പ്രദേശങ്ങളിലോ ഒത്തുചേരാനോ ക്രമസമാധാന തകർച്ച ഉണ്ടാക്കാനോ ശ്രമിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നൂപുർ പ്രസാദ് മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ നേരിടാൻ കേന്ദ്ര പോലീസിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും അധിക സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
പോലീസ് അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ, വിലക്ക് മറികടന്ന് പ്രതിഷേധവുമായി മുന്നോട്ട് പോകുമോ അതോ നിയമപരമായ വഴികൾ തേടുമോ എന്നതിൽ സിജെപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒക്ടോബർ 10-ന് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജന്തർ മന്ദറിലേക്കുള്ള വഴികളിലും പാർലമെന്റ് സ്ട്രീറ്റിലും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഡൽഹിയിലേക്ക് സമരക്കാർ എത്തുന്നത് തടയാനായി കനത്ത നിരീക്ഷണവും ഡൽഹി പൊലീസ് നടത്തുന്നുണ്ട്.