മുംബൈ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാല് ഡൊമിനോസ് പിസ ഔട്ട്ലെറ്റുകളുടെ പ്രവർത്തനം മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും ശുചിത്വമില്ലായ്മയും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സസ്പെൻഡ് ചെയ്തവയിൽ മൂന്നെണ്ണം മുംബൈയിലും ഒരെണ്ണം സാത്താറയിലുമാണ് സ്ഥിതി ചെയ്യുന്നത്. ആഗസ്റ്റ് 11-നാണ് പ്രമുഖ റസ്റ്റോറന്റ് ശൃംഖലകളെ ലക്ഷ്യമിട്ട് എഫ്.ഡി.എ പ്രത്യേക പരിശോധനാ ഡ്രൈവ് നടത്തിയത്.
സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ ഡൊമിനോസ് പിസ, കെ.എഫ്.സി, പിസ ഹട്ട്, മക്ഡൊണാൾഡ്സ്, സബ്വേ, ബർഗർ കിംഗ്, സ്റ്റാർബക്സ്, മോംഗിനിസ് തുടങ്ങിയ വൻകിട ബ്രാൻഡുകളുടെ 104 ഔട്ട്ലെറ്റുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. റെയ്ഡിനിടെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം ഉടനടി നിർത്തിവെപ്പിക്കുകയും 95 കേന്ദ്രങ്ങൾക്ക് പോരായ്മകൾ പരിഹരിക്കാനുള്ള ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ, ചട്ടലംഘനം നടത്തിയ അഞ്ച് സ്ഥാപനങ്ങളുടെ ലൈസൻസ് അടിയന്തരമായി സസ്പെൻഡ് ചെയ്തതിൽ നാലെണ്ണവും ഡൊമിനോസ് പിസയുടെ ഔട്ട്ലെറ്റുകളായിരുന്നു.
മുംബൈയിലെ ഔട്ട്ലെറ്റുകളിൽ കണ്ടെത്തിയത് ഗുരുതരമായ ശുചിത്വക്കുറവ്
മുംബൈയിലെ വിൻ പാർലെ വെസ്റ്റ്, ബോറിവലി വെസ്റ്റ്, ഘാട്കോപ്പർ വെസ്റ്റിലെ ആർ-സിറ്റി മോൾ എന്നിവിടങ്ങളിലെ ഡൊമിനോസ് കേന്ദ്രങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് റെഗുലേഷൻസ് (2011) പ്രകാരമുള്ള ചട്ടങ്ങൾ വിൻ പാർലെയിലെ ഔട്ട്ലെറ്റ് പൂർണ്ണമായും ലംഘിച്ചതായി കണ്ടെത്തി. എഫ്.എസ്.എസ്.എ.ഐ ലൈസൻസ് പ്രദർശിപ്പിക്കാതിരിക്കൽ, കുടിവെള്ള പരിശോധന നടത്തുന്നതിൽ വീഴ്ച, കീട നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം, ജീവനക്കാർക്കുള്ള ശുചിത്വക്കുറവ് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. പിസ തയ്യാറാക്കുന്ന അടുക്കളയുടെ പിൻവശത്തെ വാതിൽ, തറ, ചില്ലിംഗ് റൂം എന്നിവ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനും നിർദേശിച്ചിട്ടുണ്ട്.
54 ശതമാനം മാത്രം സ്കോർ നേടിയ ബോറിവലി വെസ്റ്റിലെ ഔട്ട്ലെറ്റിൽ വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങളും വേവിച്ചതും വേവിക്കാത്തതുമായ സാധനങ്ങളും വെവ്വേറെ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച കണ്ടെത്തി. പിസ ഉണ്ടാക്കുന്ന സ്ഥലത്തെ എണ്ണമയവും ഭക്ഷണാവശിഷ്ടങ്ങളും മാറ്റി ശുചീകരിക്കാനും നിർദേശമുണ്ട്. ഘാട്കോപ്പർ വെസ്റ്റ് ഔട്ട്ലെറ്റിൽ പ്രാണി ശല്യവും വൃത്തിഹീനമായ അന്തരീക്ഷവുമാണ് നടപടിക്ക് കാരണമായത്.
സാത്താറയിലെ ഔട്ട്ലെറ്റിൽ നടത്തിയ പരിശോധനയിൽ വെറും 47 ശതമാനം മാർക്ക് മാത്രമാണ് ലഭിച്ചത്. കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മ, വൃത്തിഹീനമായ ഉപകരണങ്ങൾ, പ്രാണികളുടെ ശല്യം എന്നിവയാണ് ഇവിടെ കണ്ടെത്തിയത്. അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കാൻ പ്രത്യേക റാക്കുകൾ സ്ഥാപിക്കാനും ഭക്ഷണസാധനങ്ങൾ ലാബ് പരിശോധനയ്ക്ക് വിധേയമാക്കി കൃത്യമായ രേഖകൾ സൂക്ഷിക്കാനും എഫ്.ഡി.എ ഉത്തരവിട്ടു.




