ന്യൂഡൽഹി: കഴിഞ്ഞ 2025 നവംബറിൽ ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ ആഗോള ഭീകരസംഘടനയായ അൽ-ഖ്വയ്ദയുടെ ഇന്ത്യൻ വിഭാഗമാണെന്ന് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട്. 11 പേരുടെ ജീവനെടുത്ത ഈ ഭീകരാക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വാദങ്ങൾ ശരിവെക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ ഈ പുതിയ റിപ്പോർട്ട്. മേഖലയിൽ തങ്ങളുടെ പ്രവർത്തന ശൃംഖല വേഗത്തിൽ വിപുലീകരിക്കാൻ ഭീകര സംഘടന ശ്രമിക്കുന്നതായും റിപ്പോർട്ട് ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ് എന്ന ഭീകര സംഘടനാ ദക്ഷിണ-കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്നും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾ മുതലെടുക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻപ് വലിയ ഗ്രൂപ്പുകളായി പ്രവർത്തിച്ചിരുന്ന ഭീകരർ, ഇപ്പോൾ ചെറിയ സെല്ലുകളായി പിരിഞ്ഞ് കൂടുതൽ കാര്യക്ഷമമായ സാമ്പത്തിക, സാങ്കേതിക ശൃംഖലകൾ രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആസൂത്രിതമായി പ്രവർത്തിക്കാനുള്ള ഇവരുടെ ശേഷിയുടെ ഏറ്റവും വ്യക്തമായ തെളിവാണ് ഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണമെന്ന് യു.എൻ റിപ്പോർട്ട് അടിവരയിടുന്നു.
2025 നവംബർ 10നായിരുന്നു സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന സൂത്രധാരൻ ഹരിയാനയിലെ ഫരീദാബാദ് അൽ-ഫലാഹ് സർവകലാശാലയിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഉമർ ഉൻ-നബിയാണെന്ന് ദേശീയ അന്വേഷണ ഏജൻസി നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഇയാൾ സ്ഫോടനത്തിൽ തന്നെ കൊല്ലപ്പെടുകയായിരുന്നു.





