കാവേരി വീണ്ടും വാർത്തകളിൽ നിറയുകയാണ്. മഴ കുറയുമ്പോഴൊക്കെ ഉയരുന്ന ജലക്ഷാമത്തിന്റെ രാഷ്ട്രീയവും തർക്കവും കൂടാതെ കർഷകരുടെ ആശങ്കകളും, കോടതിവിധികളും, കേന്ദ്ര ഇടപെടലുകളും എല്ലാം ഒരിക്കൽ കൂടി ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള അന്തർസംസ്ഥാന ജലതർക്കത്തെ ഒരിക്കൽക്കൂടി ചൂടുപിടിപ്പിക്കുകയാണ്. തമിഴ്നാട്ടിലേക്ക് പ്രതിദിനം 3500 ക്യൂസെക് വെള്ളം 15 ദിവസത്തേക്ക് വിട്ടുനൽകണമെന്ന കാവേരി ജല നിയന്ത്രണ സമിതിയുടെ നിർദേശം കാവേരി ജല മാനേജ്മെന്റ് അതോറിറ്റി ശരിവച്ചതോടെയാണ് കർണാടകയിൽ പ്രതിഷേധം ശക്തമായത്. ഏകദേശം നാല് ടി.എം.സി വെള്ളമാണ് ഈ കാലയളവിൽ തമിഴ്നാട്ടിലേക്ക് എത്തുക.
കർണാടകയിൽ പ്രതിഷേധം ഉയരുമ്പോൾ, തമിഴ്നാട്ടിലെ കാവേരി ഡെൽറ്റയിലെ കർഷകർ മറുവശത്ത് വെള്ളം ലഭിക്കാത്തതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കർണാടക വെള്ളം വിട്ടുനൽകാൻ വിസമ്മതിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളുടെ ലംഘനമാണെന്നാണ് തമിഴ്നാട്ടിലെ കർഷക സംഘടനകളുടെ ആരോപണം. എന്നാൽ കർണാടകയിലെ രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും പറയുന്നത് സംസ്ഥാനത്തിനുതന്നെ മതിയായ വെള്ളമില്ലാത്ത സാഹചര്യമാണ് എന്നാണ്. ഈ അവസ്ഥയിൽ തമിഴ്നാട്ടിലേക്ക് വെള്ളം വിട്ടുനൽകുന്നത് കർണാടകയിലെ കർഷകരോടും ജനങ്ങളോടുമുള്ള അനീതിയാണെന്നാണ് അവരുടെ വാദം.
ഇതാണ് കാവേരി തർക്കത്തിന്റെ അടിസ്ഥാന വൈരുധ്യം. ഒരേ നദിയെ ആശ്രയിക്കുന്ന രണ്ട് സംസ്ഥാനങ്ങൾക്കും വെള്ളം വേണം. മഴയുടെ അസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും മാറുന്ന കൃഷിരീതികളും ചേർന്നപ്പോൾ നിയമപ്രകാരമുള്ള ജലം പങ്കുവെക്കൽ രാഷ്ട്രീയ സംഘർഷത്തിലേക്ക് വഴിമാറുകയാണ്. വർധിക്കുന്ന നഗരവത്കരണവും ഒരു പ്രധാന വിഷയമാണ്. നഗരങ്ങളിലേക്കുള്ള ജല ആവശ്യവും അനുദിനം വർധിക്കുകയാണ്.
ഒരു നദിക്ക് എങ്ങനെയാണ് തർക്കങ്ങളുടെ ചരിത്രമുണ്ടായത്?
കർണാടകയിലെ കുടക് മലനിരകളിൽ ഉദ്ഭവിച്ച് തമിഴ്നാട്ടിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന കാവേരി ഏകദേശം 800 കിലോമീറ്റർ നീളമുള്ള നദിയാണ്. കർണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ പ്രദേശങ്ങളാണ് കാവേരി നദീതടവുമായി ബന്ധപ്പെട്ട പ്രധാന ഭരണഘടകങ്ങൾ. എന്നാൽ കാവേരിയുടെ ജലവിനിയോഗത്തിന്റെ ഏറ്റവും വലിയ പങ്ക് കർണാടകയും തമിഴ്നാടുമാണ് ആശ്രയിക്കുന്നത്.
കാവേരി തർക്കത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയും മൈസൂർ രാജ്യവും തമ്മിലുണ്ടായ കരാറുകളിൽ നിന്നാണ് ആധുനിക കാവേരി തർക്കത്തിന്റെ നിയമപരമായ വേരുകൾ തുടങ്ങുന്നത്. ഉദ്ഭവപ്രദേശത്തെ നദീതടത്തിലുള്ള കർണാടകയ്ക്ക് കൂടുതൽ അണക്കെട്ടുകളും ജലസേചന പദ്ധതികളും വികസിപ്പിക്കാനുള്ള അവകാശമുണ്ടെന്നാണ് കർണാടകയുടെ നിലപാട്. എന്നാൽ താഴ്ന്ന പ്രദേശമായ തമിഴ്നാട് നൂറ്റാണ്ടുകളായി കാവേരി ജലത്തെ ആശ്രയിച്ചുള്ള കൃഷി നടത്തിവരുന്നതിനാൽ കർണാടകത്തിന്റെ പുതിയ പദ്ധതികൾ തങ്ങളുടെ ജലലഭ്യതയെ ബാധിക്കരുതെന്നാണ് തമിഴ്നാട്ടിന്റെ വാദം.
ഇവിടെയാണ് ‘അപ്പർ റിപേറിയൻ – ലോവർ റിപേറിയൻ’ അവകാശങ്ങളുടെ സംഘർഷം തുടങ്ങുന്നത്. കർണാടകയിൽ മഴ ലഭിച്ചാലും അതിന്റെ വലിയൊരു ഭാഗം അണക്കെട്ടുകളിൽ സംഭരിക്കപ്പെടുന്നു. തമിഴ്നാട്ടിലെ കാവേരി ഡെൽറ്റയിൽ കൃഷിക്ക് ആവശ്യമായ സമയത്ത് ആ വെള്ളം എത്തണമെങ്കിൽ കർണാടകയിലെ അണക്കെട്ടുകളിൽനിന്ന് നിയന്ത്രിതമായി വെള്ളം പുറത്തുവിടേണ്ടിവരും. മഴ കുറയുന്ന വർഷങ്ങളിൽ ഈ സംവിധാനമാണ് ഏറ്റവും വലിയ പ്രതിസന്ധിയിലാകുന്നത്.
നിയമപരമായി പരിഹാരം കണ്ടു; പക്ഷേ മഴ ചതിച്ചു
കാവേരി ജല തർക്ക പരിഹാര ട്രൈബ്യൂണലിന്റെ 2007ലെ അന്തിമ വിധിയും 2018ലെ സുപ്രീം കോടതി വിധിയും ജലവിതരണത്തിന് ഒരു നിയമപരമായ ചട്ടക്കൂട് സൃഷ്ടിച്ചു. 2018ൽ സുപ്രീം കോടതി ട്രൈബ്യൂണലിന്റെ വിഹിതത്തിൽ മാറ്റം വരുത്തി കർണാടകയ്ക്ക് അനുവദിച്ച ജലത്തിന്റെ അളവ് വർധിപ്പിക്കുകയും തമിഴ്നാടിന്റെ വിഹിതത്തിൽ കുറവ് വരുത്തുകയും ചെയ്തു. അതോടൊപ്പം കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയും കാവേരി ജല നിയന്ത്രണ സമിതിയും ഉൾപ്പെടുന്ന സംവിധാനവും നിലവിൽ വന്നു.
സാധാരണ മഴക്കാലത്ത് തമിഴ്നാട്ടിലേക്ക് എത്തിക്കേണ്ട വെള്ളത്തിന്റെ മാസവിതരണവും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നം ‘ഡിസ്ട്രസ് ഇയർ’ അഥവാ ജലക്ഷാമ വർഷത്തിലാണ്. നദീതടത്തിൽ തന്നെ വെള്ളം കുറയുമ്പോൾ, ആ കുറവ് എങ്ങനെ നാല് പങ്കാളികൾക്കിടയിൽ കൃത്യമായി പങ്കിടണം എന്നതാണ് യഥാർത്ഥ തർക്കം. മഴയുടെ കുറവ് ആനുപാതികമായി എല്ലാവരും സഹിക്കണമെന്ന അടിസ്ഥാന തത്വം അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഓരോ വർഷവും യഥാർത്ഥ കുറവ് എത്രയാണെന്നും ആരാണ് എത്ര വെള്ളം നൽകേണ്ടതെന്നും സംബന്ധിച്ച് തർക്കം ഉയരുന്നു.
അതുകൊണ്ടുതന്നെ കാവേരി തർക്കം നിയമപരമായ തർക്കം മാത്രമല്ല. നിയമപരമായ അവകാശങ്ങൾക്കും മഴയിലൂടെയുള്ള ജലലഭ്യതയും തമ്മിലുള്ള വിടവാണ് പ്രശ്നത്തിന്റെ കാതൽ.
2026ലെ പ്രതിസന്ധി: ദുർബലമായ മഴ, വെള്ളമില്ലാത്ത അണക്കെട്ടുകൾ
2026ലെ മൺസൂൺ തുടക്കത്തിൽ തന്നെ കർണാടകയിലെ ജല ലഭ്യതയെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. ജൂലൈ ആദ്യവാരത്തിലെ റിപ്പോർട്ടുകൾ പ്രകാരം കർണാടകയിലെ 14 പ്രധാന അണക്കെട്ടുകളിലെ മൊത്തം സംഭരണം കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് വളരെ താഴെയായിരുന്നു. ശരാശരി മഴയിലും വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ പ്രധാന ജലസംഭരണികൾ പകുതിയിൽ താഴെ മാത്രമാണ് നിറഞ്ഞിരുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മഴക്കുറവിന്റെ പശ്ചാത്തലത്തിൽ കർഷകർ വെള്ളം കൂടുതലായി ആവശ്യപ്പെടുന്ന വിളകൾ ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ജലവൈദ്യുത ഉൽപാദനത്തിലും കുറവുണ്ടാകുമെന്ന ആശങ്ക സംസ്ഥാനത്ത് ഉയർന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് തമിഴ്നാട്ടിലേക്ക് വെള്ളം വിട്ടുനൽകണമെന്ന നിർദേശം കർണാടകയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും രാഷ്ട്രീയപ്രശ്നമായി മാറുകയും ചെയ്യുന്നത്. ജൂലൈ 31ന് കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിൽ കെ.ആർ.എസ് അണക്കെട്ടിന് സമീപം പ്രതിഷേധം നടക്കുകയും നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കർണാടകയുടെ സ്വന്തം ജലാവശ്യങ്ങൾ പരിഗണിക്കാതെയാണ് സർക്കാർ വെള്ളം വിട്ടുനൽകുന്നതെന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം.
തമിഴ്നാട്ടിൽ ചിത്രം പൂർണമായും വ്യത്യസ്തമാണ്. കാവേരി ഡെൽറ്റയിലെ കർഷകർക്ക് സമയബന്ധിതമായി വെള്ളം ലഭിച്ചില്ലെങ്കിൽ കൃഷിയെ അത് നേരിട്ട് ബാധിക്കും. അതിനാൽ കർണാടകയുടെ ‘വെള്ളമില്ല’ എന്ന വാദം അംഗീകരിക്കാൻ തമിഴ്നാട് തയ്യാറല്ല. നിയമപരമായി നിശ്ചയിച്ച പങ്ക് ലഭ്യമാക്കുക എന്നത് കർണാടകയുടെ ബാധ്യതയാണെന്നാണ് അവരുടെ നിലപാട്.
കാവേരി ഇനി കർഷകരുടെ മാത്രം പ്രശ്നമല്ല
തുടക്കം മുതൽ കാവേരി തർക്കം കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നെങ്കിലും ഇന്ന് അതിന്റെ സ്വഭാവം മാറിയിട്ടുണ്ട്. ബെംഗളൂരുവിന്റെ കുടിവെള്ള ആവശ്യകതയും കാവേരി തർക്കത്തിന്റെ പ്രധാന ഘടകമായി മാറിയിരിക്കുന്നു. കർണാടകയുടെ തലസ്ഥാന നഗരം എന്നതിന് അപ്പുറത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ള ഐടി കേന്ദ്രം കൂടിയാണ് ബെംഗളൂരു. നഗരം അനുദിനം വളരുകയാണ്. ഈ നഗരത്തിന്റെ കുടിവെള്ള ആവശ്യകത കാവേരി നദിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ കർണാടകത്തിന് അകത്ത് തന്നെ കൃഷിക്ക് വെള്ളം നൽകണമോ നഗരത്തിന് കുടിവെള്ളം ഉറപ്പാക്കണമോ എന്നത് പോലും വലിയ പ്രശ്നമായി മാറുകയാണ്.
എന്നാൽ മറുവശത്ത് തമിഴ്നാട്ടിലെ കാവേരി ഡെൽറ്റയിൽ കൃഷി നിലനിർത്താൻ വെള്ളം അനിവാര്യമാണ്. കാവേരി ഡെൽറ്റയിൽ കൃഷി പ്രതിസന്ധിയിലാകുന്നത് കർണാടകത്തെ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കും. ഒരേ ജലസ്രോതസ്സിൽ വർധിച്ചുവരുന്ന ആവശ്യകതകൾ തമ്മിലുള്ള സംഘർഷമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കുന്നത്. ഭാവിയിൽ ഇത് കൂടുതൽ രൂക്ഷമാവുക തന്നെയാണ് ചെയ്യുക.
മെക്കേദാട്ടു: വരാനിരിക്കുന്ന സംഘർഷ നാളുകൾ
കാവേരി തർക്കം ഒരു പുതിയ തലത്തിലേക്ക് മാറുന്നതിന്റെ തുടക്കം കൂടിയാണ് ഇപ്പോഴത്തെ ഈ പ്രതിഷേധങ്ങൾ. കർണാടക മുന്നോട്ടുവയ്ക്കുന്ന മെക്കേദാട്ടു പദ്ധതിയും തമിഴ്നാടിന്റെ ശക്തമായ എതിർപ്പും തർക്കത്തിന്റെ ഒരു പുതിയ അധ്യായമായി മാറുകയാണ്. ബെംഗളൂരുവിന്റെ കുടിവെള്ള ആവശ്യങ്ങൾക്കും ജലസംഭരണത്തിനുമായി മെക്കേദാട്ടുവിൽ അണക്കെട്ട് നിർമിക്കണമെന്നാണ് കർണാടകയുടെ നിലപാട്. എന്നാൽ അണക്കെട്ട് നിർമ്മിച്ചാൽ തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ നിയന്ത്രണം കർണാടകയ്ക്ക് കൂടുതൽ ലഭിക്കുമെന്നും ഭാവിയിൽ തമിഴ്നാട്ടിന്റെ ജലവിഹിതത്തെ അത് രൂക്ഷമായി ബാധിക്കുമെന്നും തമിഴ്നാട് വാദിക്കുന്നു.
2026 ജൂലൈയിൽ കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ പാർലമെന്ററി മറുപടിയിൽ, കർണാടകയ്ക്ക് കാവേരിയിൽ പുതിയ നിർമാണം നടത്താൻ തമിഴ്നാടിന്റെ സമ്മതം നിർബന്ധമാണെന്ന് സുപ്രീം കോടതി വിധി വ്യക്തമാക്കിയിട്ടില്ലെന്ന നിലപാട് പുറത്തുവന്നു. ഇത് തമിഴ്നാട്ടിൽ പ്രതിഷേധത്തിന്റെ തീവ്രത വർധിപ്പിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേന്ദ്ര നിലപാട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, കർണാടകയുടെ മെക്കേദാട്ടു പദ്ധതിയുടെ പരിഷ്കരിച്ച വിശദമായ പദ്ധതി റിപ്പോർട്ട് കേന്ദ്ര ജല കമ്മീഷൻ തിരിച്ചയച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. പദ്ധതി ഇപ്പോഴും അന്തിമ അനുമതിയുടെ ഘട്ടത്തിലെത്തിയിട്ടില്ല. മെക്കേദാട്ടു പദ്ധതി നടപ്പായാൽ കാവേരി തർക്കത്തിന്റെ സ്വഭാവം തന്നെ മാറുമെന്ന ആശങ്ക തമിഴ്നാടിനുണ്ട്. കർണാടകയുടെ വാദമാകട്ടെ, തമിഴ്‌നാടിന്റെ നിലവിലുള്ള നിയമപരമായ ജലവിഹിതത്തെ ബാധിക്കാതെ തന്നെ ബെംഗളൂരുവിന്റെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ പദ്ധതിക്ക് കഴിയുമെന്നാണ്. അതിനാൽ മെക്കേദാട്ടു ഒരു അണക്കെട്ട് പദ്ധതിയെന്നതിലുപരി ഭാവിയിലെ കാവേരി നിയന്ത്രണത്തിന്റെ രാഷ്ട്രീയ സൂചികയായി തന്നെ മാറിയിരിക്കുകയാണ്.
കാവേരിയിൽ തിളക്കുന്ന രാഷ്ട്രീയം
കാവേരി തർക്കം പലപ്പോഴും ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിനെ പോലും സ്വാധീനിക്കുന്ന രാഷ്ട്രീയ വിഷയമാണ്. കർണാടകത്തിൽ ‘തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കുന്ന സർക്കാർ’ എന്ന ആരോപണം ഉയരുമ്പോൾ, തമിഴ്നാട്ടിൽ ‘കാവേരി അവകാശം സംരക്ഷിക്കാൻ പരാജയപ്പെടുന്ന സർക്കാർ’ എന്ന വിമർശനമാണ് ഉയരുന്നത്. ഇരുസംസ്ഥാനങ്ങളിലെയും രാഷ്ട്രീയ പാർട്ടികൾക്ക് കാവേരി വികാരം ജനങ്ങളെ വേഗത്തിൽ ഇളക്കിവിടാൻ കഴിയുന്ന വലിയൊരു രാഷ്ട്രീയ ആയുധമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കർണാടകയിൽ പ്രതിഷേധം ശക്തമാകുകയും ആഗസ്റ്റ് 13ന് സംസ്ഥാനവ്യാപക ബന്ദിന് ചില കന്നഡ സംഘടനകൾ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കാവേരി പ്രശ്നം എത്രത്തോളം വികാരപരമായ തലത്തിലേക്ക് നീങ്ങിയെന്നതിന്റെ സൂചനയാണിത്.
എന്നാൽ രാഷ്ട്രീയ വികാരങ്ങൾക്കിടയിലും സംഭാഷണത്തിന്റെ സാധ്യതകൾ പൂർണമായി അടഞ്ഞിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ചയ്ക്ക് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഏകദേശം 14 വർഷത്തിന് ശേഷം ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ തമ്മിൽ നേരിട്ടുള്ള ചർച്ചയ്ക്ക് സാധ്യത ഉയർന്നത് ശ്രദ്ധേയമായിരുന്നു. എന്നാൽ നിലവിലെ പ്രതിഷേധ സാഹചര്യത്തിൽ കൂടിക്കാഴ്ച മാറ്റിവയ്ക്കണമെന്ന് വിജയിയോട് ശിവകുമാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ നീക്കം തന്നെ ഒരു പ്രധാന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്. പതിറ്റാണ്ടുകളായി കാവേരി വിഷയത്തിൽ കോടതികളെയും കേന്ദ്ര സംവിധാനങ്ങളെയും ആശ്രയിച്ചിരുന്ന തമിഴ്നാട്, ഇപ്പോൾ നേരിട്ടുള്ള രാഷ്ട്രീയ ചർച്ചയ്ക്കും സാധ്യത തേടുന്നു. കർണാടക സർക്കാരും അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ജനവികാരത്തെ മറികടക്കാനുള്ള രാഷ്ട്രീയ ധൈര്യം ഇരുസംസ്ഥാന സർക്കാരുകൾക്കും ഉണ്ടാകുമോ എന്നത് വലിയൊരു ചോദ്യമാണ്.
ഇനി വേണ്ടത് പുതിയൊരു കാവേരി കരാറോ?
കാവേരി പ്രശ്നത്തിന്റെ അടിസ്ഥാന നിയമപരമായ ഘടന ഇതിനകം നിലവിലുണ്ട്. സുപ്രീം കോടതി വിധിയുണ്ട്. ജല മാനേജ്മെന്റ് അതോറിറ്റിയുണ്ട്. നിയന്ത്രണ സമിതിയുണ്ട്. എന്നിട്ടും ഓരോ മഴക്കുറവിലും തർക്കം വീണ്ടും പൊട്ടിപ്പുറപ്പെടുന്നു എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് ഇനി വേണ്ടത് നിലവിലുള്ള സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുകയാണ്. ജലക്ഷാമ വർഷങ്ങളിൽ ആരെത്ര വെള്ളം നൽകണം എന്നത് മുൻകൂട്ടി കണക്കാക്കുന്ന വ്യക്തമായ ‘ഡിസ്ട്രസ് ഫോർമുല’ വേണം. മഴയുടെ അളവ്, അണക്കെട്ടുകളിലെ സംഭരണം, ഭൂഗർഭജലനില, കൃഷി ആവശ്യകത, കുടിവെള്ള ആവശ്യം തുടങ്ങിയവ പരിഗണിച്ച് തത്സമയ ഡാറ്റയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണം. ഇതിനായി നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം.
ഇതിനൊപ്പം കാവേരി നദീതടത്തിൽ ജലസംരക്ഷണവും വിള വൈവിധ്യവൽക്കരണവും അനിവാര്യമാണ്. വെള്ളം കൂടുതലായി ആവശ്യപ്പെടുന്ന വിളകളിൽ നിന്ന് കുറവ് ജലം ആവശ്യപ്പെടുന്ന വിളകളിലേക്ക് മാറാൻ കർഷകർക്ക് സാമ്പത്തിക പ്രോത്സാഹനം നൽകണം. മഴവെള്ള സംഭരണം ശക്തമാക്കണം. ഭൂഗർഭജലത്തിന്റെ അമിത ഉപയോഗം നിയന്ത്രിക്കണം. നഗരങ്ങളിൽ ശുദ്ധീകരിച്ച മലിനജലം വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സംവിധാനം വികസിപ്പിക്കണം. കാവേരി പ്രശ്നത്തെ ‘കർണാടക വേഴ്സസ് തമിഴ്നാട്’ എന്ന രാഷ്ട്രീയ യുദ്ധത്തിൽ നിന്ന് പുറത്തുകൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം. നദി ഒരു സംസ്ഥാനത്തിന്റേതല്ല. അതിന്റെ ഒഴുക്ക് അതിർത്തികളെ അംഗീകരിക്കുന്നില്ല. അതിനാൽ ജലവിഹിതം സംബന്ധിച്ച നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുമ്പോഴും നദീതടത്തെ ഒരു സമഗ്ര ജലവ്യവസ്ഥയായി കാണേണ്ടതുണ്ട്.
കാവേരിയുടെ ഭാവി നിർണയിക്കേണ്ടത് പ്രതിഷേധങ്ങളിലൂടെയോ ബന്ദുകളിലൂടെയോ മാത്രം ആയിരിക്കരുത്. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം ശാസ്ത്രീയമായ ജലവിനിയോഗം, സുതാര്യമായ ഡാറ്റ, കൃത്യമായ പങ്കുവെക്കൽ സംവിധാനം, സ്ഥിരമായ അന്തർസംസ്ഥാന സംഭാഷണം എന്നിവയാണ് വേണ്ടത്. കാവേരി തർക്കത്തിൽ ആരാണ് ജയിക്കുന്നത് എന്നതല്ല, കാവേരി നദി തന്നെ നിലനിൽക്കുമോ എന്നതാണ് സുപ്രധാനമായ ചോദ്യം. രണ്ടു സംസ്ഥാനങ്ങൾക്കിടയിലെ രാഷ്ട്രീയത്തിൽ നിന്ന്, രണ്ട് സംസ്ഥാനങ്ങളുടെയും ജല സുരക്ഷ ഒരേ നദിയുടെ നിലനിൽപുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന യാഥാർഥ്യത്തിലേക്ക് മാറിയില്ലെങ്കിൽ വരാനിരിക്കുന്ന ഓരോ വരൾച്ചയും കാവേരിയെ വീണ്ടും രാഷ്ട്രീയസംഘർഷത്തിലേക്ക് തന്നെ നയിക്കും.





