ഓപ്പറേഷൻ തൂഫാൻ; ആദ്യ മാസത്തിൽ കൂടിയ അളവിൽ ലഹരി വസ്തുക്കൾ കൈവശം വച്ചതിന് 39 കേസുകൾ മാത്രം!

കേരളത്തിലെ ലഹരി വിതരണക്കാരെയും അന്തർസംസ്ഥാന മയക്ക് മരുന്ന് മാഫിയകളേയും ലക്ഷ്യമിട്ട് കൊണ്ട് കേരളാ പോലീസ് നടത്തുന്ന നീക്കമാണ് ഓപ്പറേഷൻ തൂഫാൻ. ഇതിന്റെ ഭാഗമായി നിരവധി ബോധവത്കരണ പരിപാടികളും നടന്നുവരുന്നുണ്ട്. അധ്യാപകർ, ഡോക്ടർമാർ, സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്നിവർ അറസ്റ്റിലാകുന്നത് വലിയ രീതിയിലുള്ള വാർത്തകളും ആകാറുണ്ട്. ആഷോഷങ്ങൾക്കപ്പുറത്ത് വസ്തുതകൾ പരിശോധിക്കുമ്പോൾ കൊട്ടിഘോഷിച്ച് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ വെറും കൺകെട്ടാണെന്ന് സൂചിപ്പിക്കുന്ന കണക്കുകൾ പുറത്ത്. മയക്കുമരുന്ന് മാഫിയാ സംഘങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ ലഹരി ഉപയോഗിക്കുന്നവർക്കെതിരെയാണ് നടപടികൾ കൂടുതലും കേന്ദ്രീകരിക്കുന്നതെന്ന സൂചനയാണ് വിവരാവകാശ രേഖകൾ നൽകുന്നത്.

ജൂൺ രണ്ടാം തീയതി ആരംഭിച്ച ഓപ്പറേഷനിൽ ജൂൺ മാസം അവസാന ആഴ്ചവരെ സംസ്ഥാന വ്യാപകമായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 2678 കേസുകളാണ്. ഇവയിൽ 2639 കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത് യൂസർ ലെവൽ അളവിൽ ലഹരി വസ്തുക്കൾ കൈവശം വച്ചതിനാണ്. അതായത് ഈ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നവരെല്ലാം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണ്. ഇതേ സമയം കൊമേഴ്‌സ്യൽ അളവിൽ ലഹരി കൈവശം വച്ചതിന് രജിസ്റ്റർ ചെയ്തിരിക്കുന്നത് വെറും 39 കേസുകൾ മാത്രമാണ്. ലഹരി മാഫിയയെ ലക്ഷ്യമിട്ട് കൊണ്ട് വലിയ പോലീസ് നടപടിയുണ്ടാകുന്നു എന്ന പ്രതീതി ഉണ്ടാക്കിക്കൊണ്ട് ഒന്നോ രണ്ടോ ഗ്രാം ലഹരി വസ്തുക്കൾ കൈവശം വെക്കുന്ന ലഹരിക്ക് അടിമയായ ആളുകളെ പിടികൂടുകയാണ് ഓപ്പറേഷൻ തൂഫാനിലൂടെ ചെയ്യുന്നത് എന്നാണ് ഈ കണക്കുകൾ നൽകുന്ന വിവരം.

അതായത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത 98.5% കേസുകളും യുസർ ലെവൽ അളവിൽ ലഹരിവസ്തുക്കൾ പിടികൂടിയതാണ്. വെറും 1.46% മാത്രമാണ് കൊമേഴ്ഷ്യൽ അളവിലുള്ള മയക്കുമരുന്ന് പിടികൂടിയ കേസുകൾ. ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതിൽ നിന്നും സംസ്ഥാനത്തേക്ക് വലിയ അളവിൽ ലഹരിയൊഴുകുന്നുണ്ടെന്നത് വ്യക്തമാണ്. എന്നിട്ടും കൂടിയ അളവിലുള്ള ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിൽ കാര്യമായ പുരോഗതി കാണുന്നില്ലെന്ന ചോദ്യം ഈ കണക്കുകൾ ഉയർത്തുന്നു.

ലഹരി ഉപയോഗിക്കുന്നവരെപിടികൂടുന്ന പൊലീസും മയക്കുമരുന്നൊഴുക്കുന്ന മാഫിയയും

ഒരു മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷന്റെ വിജയത്തെ വിലയിരുത്തുമ്പോൾ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മാത്രം നോക്കിയാൽ പോരാ. കൊമേഴ്ഷ്യൽ അളവിലുള്ള ലഹരിമരുന്നുകൾ പിടികൂടുകയും, അവയുടെ പിന്നിലുള്ള വിതരണ ശൃംഖല തകർക്കുകയും ചെയ്യുന്നത് വഴി മാത്രമേ ഡ്രഗ് മാഫിയയെ നിയന്ത്രിക്കാൻ കഴിയൂ.

IMG

ലഹരിയുടെ ഇരയായ ഒരു വ്യക്തിയിൽ നിന്ന് ചെറിയ അളവിലുള്ള മയക്കുമരുന്ന് പിടിച്ചെടുക്കുന്നത് കൊണ്ട് വ്യക്തിഗത കുറ്റകൃത്യങ്ങൾ തടയാൻ കഴിയുമെങ്കിലും, അത് മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനത്തെ തടയാൻ ഉപകരിക്കില്ല. കൂടിയ അളവിൽ സംഭരിക്കപ്പെട്ട മയക്കുമരുന്നുകൾ ആണ് വലിയ തോതിലുള്ള ലഹരിക്കടത്ത്, മൊത്തവിതരണം, സംസ്ഥാനാന്തരമോ അന്തർദേശീയമോ ആയ ലഹരി ശൃംഖലകളുമായുള്ള ബന്ധം എന്നിവയിലേക്ക് അന്വേഷണത്തെ നയിക്കൂ. ഇത്തരം കേസുകളിൽ അന്വേഷണം മുന്നോട്ടുപോയാൽ വിതരണ ശൃംഖല, സാമ്പത്തിക ഇടപാടുകൾ, മുഖ്യ ആസൂത്രകർ, ധനസ്രോതസ്സ് എന്നിവ കണ്ടെത്താൻ കഴിയൂ.

ന്യായീകരണങ്ങൾ ന്യായമല്ല

ഓപ്പറേഷൻ തൂഫാൻ തുടങ്ങിയതല്ലേ ഉള്ളൂ എന്ന നിലയിൽ ആദ്യഘട്ടത്തിൽ കുറഞ്ഞ കൊമേഴ്ഷ്യൽ അളവിലുള്ള കേസുകളേ പിടികൂടാനായുള്ളൂ എന്ന നിലയിൽ ഈ കണക്കുകളെ തള്ളിക്കളയാൻ കഴിയില്ല. കാരണം ദീർഘകാലമായി കേരളാ പോലീസ് ലഹരിക്കെതിരെ നടപടികൾ കൈക്കൊണ്ടു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ഓരോ പോലീസ് ജില്ലയിലും ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് (DANSAF) എന്ന ഡ്രഗ് ആന്റി-നാർകോട്ടിക്സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് എന്ന യൂണിറ്റുകൾ ഉണ്ട്. ഇവരുടെ കൈവശം ജില്ലയിലെ മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ഉൾപ്പെടെ ഉണ്ട്. നിലവിലെ ഓപ്പറേഷൻ തൂഫാനിലും പ്രധാന പങ്ക് വഹിക്കുന്നത് ഇവരാണ്. എന്നിട്ടും ഒരു മാസക്കാലയളവിൽ കൊമെഴ്ഷ്യൽ അളവിൽ വെറും 39 കേസുകൾ മാത്രമേ പിടിക്കാൻ സാധിച്ചിട്ടുള്ളൂ എന്നത് വലിയ വീഴ്ചയാണ്.

IMG 1

ലഹരി ഉപയോഗിക്കുന്ന ഒരാളെ പിടികൂടിയാൽ അയാളിൽ നിന്ന് ചെറുകിട വിതരണക്കാരിലേക്കും ഏജന്റുമാരിലേക്കും, അവിടെ നിന്ന് വലിയ ലഹരി ശൃംഖലയിലേക്കും അന്വേഷണം എത്തിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയിരിക്കെ, ആയിരക്കണക്കിന് യൂസർ ലെവൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുമ്പോഴും കൊമേഴ്ഷ്യൽ അളവിലുള്ള കേസുകൾ വിരലിലെണ്ണാവുന്നത്ര മാത്രമായി ചുരുങ്ങുന്നത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. യൂസർ ലെവൽ കേസുകളിൽ എത്രയെണ്ണമാണ് ഫലപ്രദമായ തുടർഅന്വേഷണത്തിലൂടെ വിതരണക്കാരിലേക്കും ഏജന്റുമാരിലേക്കും എത്തുന്നത്? എത്ര കേസുകളാണ് കൂടുതൽ അളവിലുള്ള ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിലേക്കും സംഘടിത ലഹരി മാഫിയയെ തകർക്കുന്നതിലേക്കും നയിക്കുന്നത്? ഉപഭോക്താക്കളെ പിടികൂടുന്നതിൽ ഒതുങ്ങുന്നതാണോ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, അതോ വിതരണ ശൃംഖലയുടെ വേരറുക്കാൻ കഴിയുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് കണക്കുകൾക്കൊപ്പം വ്യക്തമായ ഉത്തരവും നൽകേണ്ടത് പോലീസിന്റെ ബാധ്യതയാണ്. 

യൂസർ ലെവലിൽ ലഹരി വസ്തുക്കൾ വീതം വച്ച് കൈവശം വെക്കുന്ന രീതി ലഹരി വിൽപ്പന സംഘങ്ങൾക്കുണ്ട്. ഇത്തരത്തിൽ പിടികൂടുന്ന കേസുകളെ ഇന്റർമീഡിയറ്റ് ക്വാണ്ടിറ്റി (Intermediate Quantity) കേസുകൾ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇതും യൂസർ ലെവൽ കേസുകളിൽ ഉൾപ്പെടും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടിയവയിൽ ഇത്തരത്തിലുള്ള കേസുകൾ താരതമ്യേനെ കുറവാണ്. പലപ്പോഴും കൊച്ചി പോലെയുള്ള നഗരങ്ങളിൽ കൂട്ടമായി ലഹരി ഉപയോഗിക്കുന്ന ആളുകളിൽ നിന്നും പിടിച്ചെടുക്കുന്ന കേസുകൾ മാത്രമാണ് ഇത്തരത്തിൽ വരുന്നത്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട കേരളാ പോലീസിന്റെ പ്രതിദിന ഔദ്യോഗിക പത്രക്കുറിപ്പുകളിലും ഇന്റർമീഡിയറ്റ് ക്വാണ്ടിറ്റി സംബന്ധിച്ച വിവരങ്ങൾ ഉണ്ടാവാറില്ല.

ഒരു ഗ്രാമിൽ നിന്ന് ഒരു കിലോയിലേക്ക്!

യുസർ ലെവലിൽ ഉള്ള ആളുകളെ പിടികൂടാനായി വ്യാപക തിരച്ചിലും മറ്റുമാണ് പോലീസ് നടത്തുന്നത്. ഒന്നോ രണ്ടോ ഗ്രാമുമായി പിടിയിലാകുന്ന വിദ്യാർഥികൾ, യുവാക്കൾ എന്നിവരുടെ പേരും ചിത്രവും വീഡിയോയും മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ഇതിന്റെ ഫലമായി ഭൂരിപക്ഷം പേരും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുകയും മറ്റ് ജോലികൾ ലഭിക്കാതിരിക്കുകയും ചെയ്യും. പലപ്പോഴും ചെറിയ അളവിലുള്ള ലഹരിവസ്തുക്കൾ പിടികൂടുന്നതിനായി തന്നെ ചെറിയ ശിക്ഷ ലഭിച്ച് പുറത്തിറങ്ങുന്ന ഇവർക്ക് ലഹരിയുടെ ലേബൽ ഇല്ലാതാകുന്നില്ല. ഇതോടെ ജീവിതമാർഗ്ഗമായി ലഹരി കടത്തലിലേക്കോ, വിതരണത്തിലേക്കോ ഇവർ കടക്കുകയാണ്‌. കൂടാതെ ജയിലിൽ എത്തുന്നതോടെ അവിടെനിന്നും ലഹരി മാഫിയകളിലെ വിവിധ കണ്ണികളുമായി അടുത്ത ബന്ധം ഉണ്ടാക്കാനുള്ള സാഹചര്യവും ലഭിക്കുന്നു.

ചെറുകിട ലഹരിക്കടത്തുമായോ ലഹരി വിതരണവുമായോ ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന മിക്ക ആളുകൾക്കും നേരത്തെ ഒന്നോ രണ്ടോ ഗ്രാം ഡ്രഗ്‌സുമായി പിടിയിലായതിന്റെ ചരിത്രം കാണും. ചെറിയ അളവുകളിൽ പിടിക്കപ്പെടുന്ന, ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളും യുവാക്കളും ഒക്കെ ഒരു തരത്തിൽ ലഹരിയുടെ ഇരകൾ തന്നെയാണ്. ഇവരെ ലഹരിയുടെ ലോകത്തിൽ നിന്ന് മോചിപ്പിക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ഇവരെ ചാപ്പ കുത്തി സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ ലഹരിയുടെ വഴിയിലേക്ക് തന്നെ തള്ളിവിടാനുമാണ് പോലീസ് സംവിധാനങ്ങൾ ശ്രമിക്കുന്നത്. ഇത്തരം സംഭവങ്ങൾ അപൂർവമല്ല. ചെറിയ അളവിലുള്ള ലഹരിമരുന്നുമായി ആദ്യം പിടിയിലായ ശേഷം പിന്നീട് വലിയ അളവിലുള്ള ലഹരിമരുന്ന് കേസുകളിൽ പ്രതികളായ നിരവധി ഉദാഹരണങ്ങൾ പോലീസ് രേഖകളിൽ തന്നെയുണ്ട്. 

ഓപ്പറേഷൻ തൂഫാൻ എന്ന പ്രതിച്ഛായാ നിർമിതി

യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ. ലഹരി മരുന്ന് മാഫിയക്കെതിരെ കേരളാ പോലീസ് വിവിധ യൂണിറ്റുകളെ ഏകോപിപ്പിച്ച് നടത്തുന്ന വലിയ ഓപ്പറേഷനായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ പിന്തള്ളപ്പെടുകയും ആഭ്യന്തരമന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടി വരികയും ചെയ്ത രമേശിന്റെ പൊളിറ്റിക്കൽ പ്രതിച്ഛായ മിനുക്കൽ കൂടിയായാണ് ഓപ്പറേഷൻ തൂഫാൻ. രജിസ്റ്റർ ചെയ്യുന്ന കേസുകളുടേയും അറസ്റ്റിലാവുന്ന ആളുകളുടെ എണ്ണത്തിനും അപ്പുറത്ത് ഫലപ്രദമായ നടപടികൾ ഉണ്ടാവാത്തിടത്തോളം കാലം ഓപ്പറേഷൻ തൂഫാൻ എന്നത് ഒരു പിആർ പ്രവർത്തനമായി മാത്രം അവശേഷിക്കും.

Hot this week

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

കനത്ത മഴയിലും പ്രളയത്തിലും കേരളം വീണ്ടുമൊരു അതിജീവനത്തിന്റെ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ...

അക്വാപ്ലാനിങ് എന്ന വില്ലൻ: കനത്ത മഴയിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

കേരളത്തിൽ കാലവർഷവും കനത്ത മഴയും കനക്കുമ്പോൾ റോഡുകളിൽ അപകടങ്ങൾ അസാധാരണമായി വർധിക്കാറുണ്ട്....

ജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വിവിധ സർക്കാർ വകുപ്പുകളുടെ...

ട്രെയിൻ ടിക്കറ്റില്ല, വിമാന നിരക്ക് കുതിക്കുന്നു; ഓണത്തിന് നാട്ടിലെത്താൻ ഡൽഹി മലയാളികൾക്ക് കടമ്പകൾ

ന്യൂഡൽഹി: ഓണം അടുത്തെത്തിയതോടെ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര മലയാളി കുടുംബങ്ങൾക്ക്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എൻടിഎ; 7.5 കോടിയുടെ ടെൻഡർ

ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെയും സിജെപി പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ...

Topics

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

കനത്ത മഴയിലും പ്രളയത്തിലും കേരളം വീണ്ടുമൊരു അതിജീവനത്തിന്റെ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ...

അക്വാപ്ലാനിങ് എന്ന വില്ലൻ: കനത്ത മഴയിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

കേരളത്തിൽ കാലവർഷവും കനത്ത മഴയും കനക്കുമ്പോൾ റോഡുകളിൽ അപകടങ്ങൾ അസാധാരണമായി വർധിക്കാറുണ്ട്....

ജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വിവിധ സർക്കാർ വകുപ്പുകളുടെ...

ട്രെയിൻ ടിക്കറ്റില്ല, വിമാന നിരക്ക് കുതിക്കുന്നു; ഓണത്തിന് നാട്ടിലെത്താൻ ഡൽഹി മലയാളികൾക്ക് കടമ്പകൾ

ന്യൂഡൽഹി: ഓണം അടുത്തെത്തിയതോടെ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര മലയാളി കുടുംബങ്ങൾക്ക്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എൻടിഎ; 7.5 കോടിയുടെ ടെൻഡർ

ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെയും സിജെപി പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ...

ഇറാനെതിരായ ആക്രമണം തൽക്കാലം ഒഴിവാക്കിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കൽ ഉൾപ്പെടെ കരാർ ചർച്ചയിലെന്ന് അവകാശവാദം

വാഷിങ്ടൺ: ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണം തൽക്കാലം ഒഴിവാക്കിയതായി യുഎസ് പ്രസിഡന്റ്...

മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കാലാവസ്ഥാ വകുപ്പ്; അതിതീവ്രമഴയിലും ഓറഞ്ച് അലർട്ട് മാത്രം നൽകിയതിൽ വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശനഷ്ടവും ദുരിതവും വിതച്ച മഴയിൽ കാലാവസ്ഥാ മുന്നറിയിപ്പ്...

ദുർബലമായ മൺസൂൺ, അതിതീവ്ര മഴ; കാരണം സൊമാലിയൻ ജെറ്റോ അതോ കാലാവസ്ഥാ വ്യതിയാനമോ?

കേരളത്തിൽ ഇത്തവണ മൺസൂൺ മഴ കുറവാണെന്ന പ്രതിദിന കണക്കുകൾക്കിടയിലാണ് നാടൊട്ടാകെ പല...
spot_img

Related Articles

Popular Categories

spot_imgspot_img