പാരീസ്: അധ്യാപകരുടെ ക്ഷാമത്തിനും മോശം പഠനാന്തരീക്ഷത്തിനുമെതിരെ ഫ്രാൻസിൽ കനത്ത വിദ്യാർത്ഥി പ്രക്ഷോഭം. സമരം അക്രമാസക്തമായതോടെ രാജ്യത്തെ അഞ്ഞൂറോളം ഹൈസ്കൂളുകകൾ അടച്ചിടുകയാണെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി എഡ്വേർഡ് ഗെഫ്രെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. സമരം തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ കൈയ്യടക്കിയിരിക്കുകയാണെന്നും വൻ അക്രമസംഭവങ്ങളാണ് നടക്കുന്നതെന്നും എഡ്വേർഡ് ഗെഫ്രെ ആരോപിച്ചു. പ്രക്ഷോഭങ്ങളിൽ ഇതുവരെ 78 വിദ്യാഭ്യാസ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം ഫ്രാൻസിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സമരം അക്രമാസക്തമായതോടെ 24 സ്കൂളുകൾക്ക് നേരെ തീവെപ്പ് അടക്കമുള്ള അക്രമങ്ങൾ നടന്നിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ആരോപിക്കുന്നത്.
അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ അമിത തിരക്ക്, തകർന്ന കെട്ടിടങ്ങൾ എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്. തലസ്ഥാനമായ പാരീസിന് പുറമെ മോണ്ട്പെല്ലിയർ, നാന്റ്സ്, മാർസെയിൽ തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം പടർന്നുപിടിച്ചിരിക്കുകയാണ്.
സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. എന്നാൽ, പ്രശ്നപരിഹാരത്തിനായി സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കൂടുതൽ അധ്യാപക നിയമനം ഉറപ്പാക്കാനും, സർവകലാശാല പ്രവേശന നടപടികൾ കൂടുതൽ സുതാര്യമാക്കാനും നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു വ്യക്തമാക്കിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് തന്നെ തുക ഈടാക്കുന്നതിനുള്ള നിയമനിർമ്മാണം വേഗത്തിലാക്കുമെന്നും സർക്കാർ അറിയിച്ചു.
വെള്ളിയാഴ്ച മാത്രം രാജ്യത്തെ 3700 സ്കൂളുകളിൽ 735 എണ്ണത്തിന്റെ പ്രവർത്തനത്തെ സമരം ബാധിച്ചതായി ഫ്രഞ്ച് നീതി ന്യായ മന്ത്രി ജെറാൾഡ് ദർമനിൻ പറഞ്ഞു. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അയ്യായിരത്തിലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 85 ശതമാനവും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ്. വെള്ളിയാഴ്ച മാത്രം 1747 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ലോറന്റ് നുണെസ് സ്ഥിരീകരിച്ചു.