അഗർത്തല: മുതിർന്ന സിപിഐ എം നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാരിന്റെ വാഹനവ്യൂഹത്തിന് നേരെ ബിജെപി പ്രവർത്തകരുടെ അക്രമണം. ആക്രമണത്തിൽ എസ്‌കോർട്ട് വാഹനം തകർന്നു. മണിക് സർക്കാരിന്റെ കാറിന് നേരെ മുട്ടയും കല്ലുകളും എറിഞ്ഞുവെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ത്രിപുരയിലെ ബമൂതിയയിൽ കാലിബസാറിൽ വച്ച് ബിജെപി പ്രവർത്തകർ മണിക് സർക്കാരിന്റെ വാഹനവ്യൂഹത്തെ വളയുകയായിരുന്നു. ഡിവൈഎഫ്ഐ മോഹൻപുർ ഡിവിഷണൽ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം.
അക്രമം നടക്കുന്ന വിവരമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ വൻതോതിൽ സ്ഥലത്തേക്ക് സംഘടിച്ചെത്തുകയും ബിജെപി പ്രവർത്തകരെ നീക്കുകയുമായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു. തുടർന്ന് പ്രവർത്തകരുടെ അകമ്പടിയോടെ മണിക് സർക്കാർ മോഹനപുരിൽ എത്തുകയും ഡിവൈഎഫ്ഐ സമ്മേളനത്തിൽ പങ്കെടുക്കുകയും മടങ്ങുകയും ചെയ്തു. ചെയ്തു.
ത്രിപുര പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായി ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ മണിക് സർക്കാരിന്റെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി ത്രിപുര പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് മോഹൻപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ആശിഷ് ദാസ് ഗുപ്തയുടെ നേതൃത്വത്തിൽ വലിയ പൊലീസ്-സിആർപിഎഫ് സംഘം സ്ഥലത്തെത്തിയിരുന്നതായും തുടർന്ന് മണിക് സർക്കാരിനെ സുരക്ഷിതമായി പ്രാദേശിക സിപിഐഎം ഓഫീസിലേക്ക് പൊലീസ് അകമ്പടിയോടെ എത്തിച്ചതായും പൊലീസ് പറയുന്നു.
1998 മുതൽ 2018 വരെ തുടർച്ചയായി 20 വർഷം ത്രിപുര മുഖ്യമന്ത്രിയായിരുന്ന നേതാവാണ് മണിക് സർക്കാർ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അധികാരത്തിൽ നിന്ന് പുറത്തായത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് സിപിഐഎം നേതാക്കൾക്കും പ്രവർത്തകർക്കും നേരെ വ്യാപക അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സംഭവത്തെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎം പശ്ചിമ ത്രിപുര ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗർത്തലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ആക്രമണത്തിൽ പ്രതിപക്ഷ നേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ ജിതേന്ദ്ര ചൗധരി പ്രതിഷേധം രേഖപ്പെടുത്തി. മുൻ മുഖ്യമന്ത്രിയെ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് ജിതേന്ദ്ര ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച ബിജെപി നേതാക്കൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങിയാൽ അവർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമനും ബിജെപിയെ വിമർശിച്ച് പ്രതികരിച്ചു. സംസ്ഥാനത്ത് ബിജെപി ഭരണത്തിന് കീഴിൽ ‘ജംഗിൾ രാജ്’ ആണ് നിലനിൽക്കുന്നതെന്നും നിയമവാഴ്ച ഇല്ലെന്നും സുദീപ് റോയ് ബർമൻ ആരോപിച്ചു. സംഭവത്തിൽ സിപിഐ സംസ്ഥാന നേതൃത്വവും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.