കൊച്ചി: കഴിഞ്ഞ ഒന്നര മാസമായി സ്പൈസ് ജെറ്റ് വിമാനങ്ങൾ 10 മുതൽ 24 മണിക്കൂർ വരെ വൈകുന്ന സംഭവത്തിൽ വിമാനക്കമ്പനിയുടെ വാദം തള്ളി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അധികൃതർ. മോശം കാലാവസ്ഥ മൂലമാണ് സർവീസുകൾ വൈകുന്നത് എന്ന സ്പൈസ് ജെറ്റിന്റെ വിശദീകരണം വസ്തുതാവിരുദ്ധമാണെന്ന് സിയാൽ വ്യക്തമാക്കി. വിമാനത്താവളത്തിൽ നിലവിൽ ഗതാഗതത്തിന് അനുയോജ്യമായ കാലാവസ്ഥയാണുള്ളതെന്നും മറ്റ് എയർലൈനുകൾ കൃത്യസമയത്ത് സർവീസ് നടത്തുന്നുണ്ടെന്നും സിയാൽ വ്യക്തമാക്കി. മുൻകൂട്ടി അറിയിപ്പില്ലാതെ സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്യുന്നത് ദിവസേന നൂറുകണക്കിന് യാത്രക്കാരെയാണ് കടുത്ത അനിശ്ചിതത്വത്തിലാക്കുന്നത്.
അടിയന്തരമായി വിദേശത്തേക്ക് പോകേണ്ട പ്രവാസികൾ, തൊഴിൽ തേടുന്നവർ, രോഗികൾ എന്നിവരടക്കം മണിക്കൂറുകളോളമാണ് വിവരമൊന്നുമില്ലാതെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. സർവീസുകൾ വൈകുമ്പോൾ യാത്രക്കാർക്ക് കാത്തിരിക്കാൻ ആവശ്യമായ സൗകര്യങ്ങളോ ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളോ ഒരുക്കാൻ കമ്പനി തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഗ്രൗണ്ട് സ്റ്റാഫുകളിൽ നിന്നും കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് ടിക്കറ്റെടുത്ത യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ തുടർച്ചയായി പ്രതിഷേധിക്കുകയാണ്.
കൊച്ചിക്ക് പുറമേ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ പ്രമുഖ ആഭ്യന്തര വിമാനത്താവളങ്ങളിലും ദുബായ് ഉൾപ്പെടെയുള്ള വിദേശ കേന്ദ്രങ്ങളിലും സ്പൈസ് ജെറ്റിനെതിരെ സമാനമായ പരാതികൾ ഉയരുന്നുണ്ട്. ഒരു കേന്ദ്രത്തിൽ സർവീസ് വൈകുന്നത് തുടർന്നുള്ള റൂട്ടുകളെയും ബാധിക്കുന്ന ശൃംഖലാപരമായ പ്രത്യാഘാതമാണ് കമ്പനിയുടെ ശൃംഖലയിൽ ഉണ്ടാകുന്നത്. ചെക്ക്-ഇൻ കൗണ്ടറുകളിലെ ജീവനക്കാരുടെ കുറവും ലഗേജ് കൈകാര്യം ചെയ്യുന്നതിലെ കാലതാമസവും മറ്റ് പ്രധാന വിമാനത്താവളങ്ങളിലും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
യഥാർത്ഥ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി
മോശം കാലാവസ്ഥയല്ല, മറിച്ച് കമ്പനി നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വർധിച്ചുവരുന്ന കുടിശ്ശിക ബാധ്യതകളുമാണ് നിലവിലെ പ്രവർത്തന തടസ്സങ്ങൾക്ക് കാരണം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും സിയാൽ ഉൾപ്പെടെയുള്ള വിമാനത്താവള ഓപ്പറേറ്റർമാർക്കും ലാൻഡിംഗ്, പാർക്കിംഗ് ഫീസിനത്തിൽ കോടിക്കണക്കിന് രൂപ സ്പൈസ് ജെറ്റ് നൽകാനുണ്ട്. കൂടാതെ, വിമാനങ്ങൾ വാടകയ്ക്ക് നൽകിയ കമ്പനികൾക്ക് കുടിശ്ശിക വരുത്തിയതിനെ തുടർന്ന് നിയമനടപടികൾ നേരിടേണ്ടി വരികയും പല വിമാനങ്ങളും സർവീസിൽ നിന്ന് പിൻവലിക്കേണ്ടി വരികയും ചെയ്തു. നിലവിൽ ലഭ്യമായ ചുരുക്കം വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താൻ ശ്രമിക്കുന്നതാണ് മണിക്കൂറുകളോളം സമയം തെറ്റാൻ ഇടയാക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ശമ്പളവും പ്രൊവിഡന്റ് ഫണ്ട് വിഹിതവും നൽകുന്നതിൽ മാനേജ്മെന്റ് വീഴ്ച വരുത്തുന്നതായും പരാതിയുണ്ട്. ഇത് ജീവനക്കാരുടെ മാനസികസമ്മർദ്ദത്തിനും പ്രവർത്തനക്ഷമതയിലെ കുറവിനും കാരണമായി. സർവീസുകളുടെ എണ്ണം വൻതോതിൽ വെട്ടിക്കുറച്ചിട്ടും കൃത്യമായ സംവിധാനങ്ങളില്ലാതെ ബുക്കിംഗ് തുടരുകയാണ് സ്പൈസ് ജെറ്റ്. ഇതും പ്രതിസന്ധിയെ രൂക്ഷമാക്കുന്നു. സാഹചര്യം രൂക്ഷമാകുമ്പോഴും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും വ്യോമയാന മന്ത്രാലയവും ഇതുവരെയായി കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയിട്ടില്ല.




