കാലിഫോര്‍ണിയ: അമേരിക്കയിൽ കാലിഫോര്‍ണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതക കാരണത്തിൽ ദുരൂഹത. കൊല്ലപ്പെട്ട യുവതികളും അറസ്റ്റിലായ യുവതിയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഒരേ അപാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന ഇവർ സംഭവത്തിന്റെ തലേദിവസം നടന്ന ഓണാഘോഷത്തിലടക്കം ഒരുമിച്ച് സജീവമായി പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോകൾ ഇവർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അനിലയ്‌ക്ക് ഈയിടെ അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്നുണ്ടായ മാനസികപ്രശ്‌നങ്ങളാണ് കൊലയ്‌ക്ക് പിന്നിലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ടെങ്കിലും ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല.
തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) മിൽപിറ്റാസ് പോലീസ് അറസ്റ്റ് ചെയ്തു. മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള ‘മിൽ ക്രീക്’ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് കൊലപാതകങ്ങൾ നടന്നത്.
നടന്നത് ഇരട്ടക്കൊലപാതകം
ആൻ മേരിയെ അപ്പാർട്ട്മെന്റിനുള്ളിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിലും അഞ്ജനയെ അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ വാഹനം ഇടിച്ച് പരുക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്. പാർക്കിങ് ഏരിയയിൽ കാറിടിച്ച് അപകടമുണ്ടായെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് അഞ്ജനയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. അഞ്ജന കൊല്ലപ്പെട്ട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആനിന്റെ ഭർത്താവ് ജേക്കബ് അപ്പാർട്ട്മെന്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് കുത്തേറ്റ നിലയിൽ ആൻ മേരിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കത്തി കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ജനയെ ഇടിച്ചുതെറിപ്പിച്ചശേഷം കാറുമായി അനില കടന്നുകളയുകയായിരുന്നു. നീല നിറത്തിലുള്ള എസ്‍യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നതു ദൃക്സാക്ഷികൾ കണ്ടിരുന്നു. കാർ ഓടിച്ചത് ഒരു സ്ത്രീയാണെന്നും മിൽപീറ്റസ് പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ തൊട്ടടുത്തുള്ള മറ്റൊരു പാർക്കിങ് ഏരിയയിൽ നിന്ന് കാർ കണ്ടെത്തുകയും കാറിലുണ്ടായിരുന്ന അനിലയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സ്ഥിരീകരിക്കാതെ പൊലീസ്
ആദ്യം ആൻ മേരിയെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തുകയും കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ മിഥുൻ എന്ന ജേക്കബിന്റെ ഭാര്യയാണ് ആൻ. ഇരുവരും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. എട്ട് വർഷമായി കാലിഫോർണിയയിൽ താമസക്കാരാണ് ഇവർ. രണ്ടാഴ്ചമുമ്പാണ് ആനിന് വർക്ക് പെർമിറ്റ് ലഭിച്ചത്. ആൻഡ്രീന (10), അലീസ (5) എന്നിവരാണ് മക്കൾ.
തൃശൂർ പീച്ചിയ്‌ക്കടുത്ത് വിലങ്ങന്നൂർ സ്വദേശി വീജിഷാണ് അഞ്ജനയുടെ ഭർത്താവ്. മകൾ വാമിക (6). വിജീഷ് ജോലിക്ക് പോയ സമയത്താണ് സംഭവം. ആറു വർഷമായി അഞ്ജനയും കുടുംബവും കാലിഫോർണിയയിൽ താമസിച്ചുവരുന്ന ഇവർ 2023ലാണ് അവസാനമായി നാട്ടിൽ വന്നത്.




