HomeExclusiveSpecial Reportകട്ടപ്പുറത്തായ ബസുകൾ നന്നാക്കാതെ കെഎസ്ആർടിസി; ഓണക്കാല സർവീസുകൾ നടത്താൻ വാടക വണ്ടികൾ

കട്ടപ്പുറത്തായ ബസുകൾ നന്നാക്കാതെ കെഎസ്ആർടിസി; ഓണക്കാല സർവീസുകൾ നടത്താൻ വാടക വണ്ടികൾ

Published on

spot_img

ഓണം അടക്കമുള്ള ഉത്സവ സീസണുകൾ അടുത്തെത്തുമ്പോൾ പ്രവാസി മലയാളികൾ ആദ്യം തിരയുന്നത് ആനവണ്ടിയെ ആണ്. ബെംഗളൂരു, ചെന്നൈ തുടങ്ങിയ അയൽ സംസ്ഥാന നഗരങ്ങളിൽ നിന്നും ഓണക്കാലത്ത് വീട്ടിലേക്കെത്താൻ കൊതിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികൾക്കും വിദ്യാർത്ഥികൾക്കും കെഎസ്ആർടിസി വലിയ ഒരു ആശ്വാസമാണ്. എന്നാൽ, പ്രിയദർശിനി പദ്ധതിയിൽ നട്ടെല്ലൊടിഞ്ഞിരിക്കുന്ന കെഎസ്ആർടിസിക്ക് ഈ ഓണക്കാലം അത്ര നല്ല കാലമാകില്ല എന്നാണ് റിപ്പോർട്ടുകൾ. പ്രീമിയം ബസ് സർവീസുകൾ സംബന്ധിച്ച ഭരണപരമായ വീഴ്ചകൾ ഉൾപ്പെടെ കടുത്ത പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അറ്റകുറ്റപ്പണികൾ പോലും കൃത്യമായി ചെയ്യാതെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കിത്തന്നിരുന്ന പുത്തൻ വോൾവോ ബസുകൾ വർക്‌ഷോപ്പുകളിൽ കട്ടപ്പുറത്തുകൂടി ആയതോടെ, കെഎസ്ആർടിസിയുടെ ഓണക്കാല സർവീസുകൾ പ്രതിസന്ധിയിലാവുകയാണ്.

മുൻപ് കെഎസ്ആർടിസി-സ്വിഫ്റ്റിന് കീഴിൽ അതീവ കാര്യക്ഷമമായി സർവീസ് നടത്തിയിരുന്ന പ്രീമിയം വോൾവോ സർവീസുകൾ കെഎസ്ആർടിസി നേരിട്ട് ഏറ്റെടുത്തതോടെയാണ് കാര്യങ്ങൾ പൂർണ്ണമായി താളംതെറ്റാൻ തുടങ്ങിയത്. കൃത്യമായ പ്ലാനിംഗോ സാങ്കേതിക വിഭവശേഷിയോ ഇല്ലാതെ നടപ്പിലാക്കിയ ഈ ഏറ്റെടുക്കൽ ഇന്ന് ബസുകളുടെ അറ്റകുറ്റപ്പണി പോലും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മെക്കാനിക്കൽ വിഭാഗത്തെ എത്തിച്ചിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് കെഎസ്ആർടിസിക്ക് പ്രതിദിനം ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കിത്തന്നിരുന്ന അന്തർസംസ്ഥാന റൂട്ടുകളാണ്.

തിരുവനന്തപുരത്തുനിന്നും കണിയാപുരം ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന ബെംഗളൂരു ഗജരാജ് മൾട്ടി ആക്സിൽ വോൾവോ സർവീസിലെ ഒരു ബസ് അപകടത്തിൽപ്പെട്ട് മാസങ്ങളോളമായി ബെംഗളൂരുവിലെ വർക്‌ഷോപ്പിൽ കിടക്കുകയാണ്. ദിവസം തോറും 60,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്ന ഈ സർവീസിൽ നിലവിൽ ഒരു ബസ് മാത്രമാണ് ഓടുന്നത്. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് പോയി പിറ്റേ ദിവസം മാത്രം തിരികെ വരാൻ കഴിയുന്നതിനാൽ, ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ഇപ്പോൾ ഈ റൂട്ടിൽ സർവീസുള്ളത്. ദിവസേന കൃത്യമായി സർവീസ് ഇല്ലാതായതോടെ കെഎസ്ആർടിസിയുടെ സ്ഥിരം യാത്രക്കാർ ഈ ബസിനെ കയ്യൊഴിഞ്ഞിരിക്കുകയാണ്.

സമാനമായ അവസ്ഥ തന്നെയാണ് എറണാകുളം അടക്കമുള്ള പ്രധാന ഡിപ്പോകളിലും നിലനിൽക്കുന്നത്. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന പ്രീമിയം വോൾവോ ബസുകളിൽ പലതും സാങ്കേതിക തകരാറുകൾ മൂലവും അറ്റകുറ്റപ്പണികൾ നടത്താത്തതിനാലും റദ്ദാക്കിയിരിക്കുകയാണ്. ബെംഗളൂരു റൂട്ടിൽ മികച്ച വരുമാനം തന്നിരുന്ന സ്വിഫ്റ്റ് എസി ബസുകളും തകരാറിലായി കട്ടപ്പുറത്തായ ബസുകൾക്ക് പകരം മറ്റ് ഡിപ്പോകളിൽ നിന്ന് ബസുകൾ എത്തിച്ചാണ് തട്ടിക്കൂട്ടി സർവീസ് നടത്തുന്നത്. പൊന്നു കായ്ക്കുന്ന മരങ്ങളായ ഇത്തരം റൂട്ടുകളിലെ ബസുകൾക്ക് ചെറിയ റിപ്പെയറിംഗ് പോലും നടത്താതെ കട്ടപ്പുറത്തിട്ട്, കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് കെഎസ്ആർടിസി വരുത്തിവെക്കുന്നത്. സ്വന്തം ബസുകൾ നന്നാക്കാൻ ഫണ്ടില്ലെന്ന് പറയുന്ന മാനേജ്‌മെന്റാണ് സ്വകാര്യ ഉടമകളിൽ നിന്ന് ഭീമമായ തുകയ്ക്ക് ഇപ്പോൾ ബസുകൾ വാടകയ്ക്ക് എടുക്കാൻ ശ്രമിക്കുന്നത്.

ഉത്സവ സീസണുകളിൽ പ്രവാസി മലയാളികളെ ജീവനോടെ ഊറ്റിക്കുടിക്കുന്ന നയമാണ് സ്വകാര്യ ബസ് ലോബികൾ കാലങ്ങളായി സ്വീകരിക്കുന്നത്. നിലവിൽ തിരുവനന്തപുരം-ബെംഗളൂരു യാത്രയ്ക്ക് സ്വകാര്യ ബസുകൾ സാധാരണ ദിവസങ്ങളിൽ തന്നെ 2,500 രൂപ മുതൽ മുകളിലേക്ക് ഈടാക്കുമ്പോൾ, കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ ബസുകളിൽ കേവലം 1,711 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാണ്. എന്നാൽ ഉത്സവ സീസണുകളിലും ഓണക്കാലത്തും ഫ്ലെക്സി ചാർജിന്റെ പേരിൽ സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് 3,500 മുതൽ 4,500 രൂപയ്ക്ക് മുകളിലേക്ക് വരെ വർദ്ധിപ്പിക്കാറുണ്ട്. ഇത്തരം ചൂഷണങ്ങളിൽ നിന്ന് സാധാരണക്കാരായ യാത്രക്കാർക്ക് ഏക ആശ്വാസമായിരുന്നത് കെഎസ്ആർടിസിയുടെ കുറഞ്ഞ നിരക്കിലുള്ള വോൾവോ സർവീസുകളായിരുന്നു. എന്നാൽ ഓണത്തിന് കെഎസ്ആർടിസിയുടെ വോൾവോ സർവീസുകൾ ആവശ്യത്തിന് നിരത്തിലിറങ്ങാതിരുന്നാൽ, കുറഞ്ഞ നിരക്കിൽ സുരക്ഷിതമായി നാട്ടിലെത്താനുള്ള സാധാരണക്കാരുടെ വഴികൂടിയാണ് അടയുന്നത്. ഈ അവസരം കൂടി മുതലെടുത്ത് സ്വകാര്യ ബസ് മാഫിയ കൊള്ളലാഭം ഉണ്ടാക്കാൻ മുന്നിട്ടിറങ്ങുമെന്നതും ഉറപ്പാണ്.

കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും ഒരുവിധ ഇടപെടലും നടത്താതെ നോക്കുകുത്തിയായി നിൽക്കുകയാണ് ഗതാഗത മന്ത്രിയും മാനേജ്‌മെന്റും. ജനപ്രിയ എസി സർവീസുകൾ ഓരോന്നായി നിർത്തിവെക്കേണ്ടി വരുമ്പോഴും, വരാനിരിക്കുന്ന യാത്രാ ദുരിതത്തെക്കുറിച്ച് മുന്നറിയിപ്പുകൾ ഉണ്ടായിട്ടും വിഷയത്തിൽ നിശബ്ദത പാലിക്കുകയാണ് ഗതാഗത മന്ത്രി. ബസുകളുടെ റിപ്പയറിംഗ് പൂർത്തിയാക്കാനോ, ആവശ്യമായ സ്പെയർ പാർട്സുകൾ ലഭ്യമാക്കാനോ, മെക്കാനിക്കൽ വിഭാഗത്തിന് കൃത്യമായ നിർദ്ദേശം നൽകാനോ ഗതാഗത വകുപ്പ് തയാറായിട്ടില്ല. പകരം, പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വകാര്യ വാടക ബസുകൾ എന്ന എളുപ്പവഴി തേടുന്നത് വഴി കെഎസ്ആർടിസിയെ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടാനാണ് അധികൃതർ ശ്രമിക്കുന്നത്.

Latest articles

മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്.

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.

വാക്സിൻ വിരുദ്ധതയുടെ കുഴിയിൽ ‘കേരള മോഡൽ’; പാളിപ്പോകുന്ന എച്ച്.പി.വി. വാക്സിനേഷൻ

വാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗർഭധാരണത്തിന് തടസ്സമുണ്ടാകുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

നിതിൻ രാജ് കേസിലെ വീഴ്ച: ക്രൈംബ്രാഞ്ച് സംഘത്തിനെതിരായ അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയെന്ന് പൊലീസ്

പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.

More like this

മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്.

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.

വാക്സിൻ വിരുദ്ധതയുടെ കുഴിയിൽ ‘കേരള മോഡൽ’; പാളിപ്പോകുന്ന എച്ച്.പി.വി. വാക്സിനേഷൻ

വാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗർഭധാരണത്തിന് തടസ്സമുണ്ടാകുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.