കൊച്ചി: യൂത്ത് ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ കൊലപാതകക്കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും കുറ്റവിമുക്തർ. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി (3) ആണ് വിധി പറഞ്ഞത്. പി ജയരാജനും ടിവി രാജേഷിനുമെതിരെ ചുമത്തിയിരുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. പ്രദേശത്ത് ഉണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് പരിക്കേറ്റ പി ജയരാജനും ടി വി രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ വച്ച് ഗൂഡാലോചന നടത്തിയ ശേഷം അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു സിബിഐയുടെ കുറ്റപത്രം.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനേയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. പതിനെട്ട് പ്രതികളെയാണ് കേസിൽ കുറ്റവിമുക്തരാക്കിയിരിക്കുന്നത്.
ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനാലാം പ്രതി ഇ പി രാധാകൃഷ്ണൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ, പതിനാറാം പ്രതി കെ വി സജിത്ത്, ഇരുപത്തിയഞ്ചാം പ്രതി വി വി മോഹനൻ, ഇരുപത്തിയാറാം പ്രതി പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി പി സുരേശൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. കൊലക്കുറ്റം തെളിഞ്ഞ പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ നൽകി. കേസിലെ മറ്റ് ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അതേസമയം, മേൽ കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ സാവകാശം നൽകിയിട്ടുണ്ട്.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരത്തിനടുത്ത് കീഴറ വള്ളുവൻ കടവ് ചുള്ളിയോട് വയലിൽ വച്ച് അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. ആക്രമണത്തിൽ പരിക്കേറ്റ മുസ്ലിം ലീഗ് പ്രവർത്തകൻ സക്കരിയ നൽകിയ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വളപട്ടണം സിഐ യു പ്രേമനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറിയായിരിക്കെ പി ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ആരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കേസ്.
തുടർന്ന് അരിയിൽ ഷുക്കൂറിന്റെ മാതാവ് പി ആത്തിക്കയുടെ ശ്രമങ്ങളെത്തുടർന്ന് 2016 ഫെബ്രുവരിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരി 11നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്.
2012 ഫെബ്രുവരി 19ന് വൈകിട്ട് അരിയിൽ പ്രദേശത്ത് മുസ്ലിം ലീഗ് പ്രവർത്തകർ സിപിഐഎം പ്രവർത്തകരെ ആക്രമിച്ചിരുന്നു. തുടർന്ന് പാർട്ടി പ്രവർത്തകരെ കാണാനായി ഫെബ്രുവരി 20ന് രാവിലെ 11.30നുശേഷം അരിയിൽ പ്രദേശത്തേക്ക് വരികയായിരുന്നു അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ. കല്ല്യാശ്ശേരി എംഎൽഎ ടി വി രാജേഷും പി ജയരാജനോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു. അരിയിൽ മുസ്ലിം ലീഗ് ഓഫീസിന് സമീപം വച്ച് ഇവരുടെ വാഹനം ഒരു സംഘം മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ നേതാക്കൾ തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
ഇതിനിടെ കോതായി എന്ന സ്ഥലത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയിൽ കാണിക്കാനായി വീട്ടിനു മുന്നിലെ പുഴയിലൂടെ തോണിയിൽ ചെറുകുന്ന് മിഷൻ ആശുപത്രിയിലേക്ക് പുറപ്പെട്ട അരിയിൽ ഷുക്കൂറിനേയും സുഹൃത്തുക്കളേയും കീഴറ വള്ളുവൻ കടവിൽവെച്ച് സിപിഐഎം പ്രവർത്തകർ പിന്തുടർന്നുവെന്നും സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടിയപ്പോൾ തടഞ്ഞുവെച്ചുവെന്നും തുടർന്ന് കീഴറ വള്ളുവൻ കടവ് ചുള്ളിയോട് വയലിൽ വച്ച് കൊലപ്പെടുത്തി എന്നുമാണ് കേസ്.