തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന പ്രതിയെ യുഎഇയിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ചതായി സിബിഐ അറിയിച്ചു. കൊലക്കേസിൽ പ്രതിയായ ശേഷം വിദേശത്തേക്ക് ഒളിവിൽ പോയ രാഗേഷ് ഉണ്ണിക്കൊച്ചനെയാണ് സിബിഐയുടെ ഇടപെടലിൽ ഇന്റർപോളിന്റെ സഹായത്തോടെ യുഎഇയിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ചത്.
വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, കേരള പോലീസ് എന്നിരുടെ ഏകോപിത ഇടപെടലിലൂടെയാണ് സിബിഐ യുഎഇയിൽ നിന്ന് പ്രതിയെ നാടുകടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. കേരള പോലീസിന്റെ പ്രത്യേക എസ്കോർട്ട് സംഘത്തിനൊപ്പം രാഗേഷ് ഉണ്ണിക്കൊച്ചൻ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിച്ചേർന്നു.
കേരള പോലീസ് രജിസ്റ്റർ ചെയ്ത കൊലക്കേസിലാണ് ഇയാൾ പ്രതിയായിട്ടുള്ളത് എന്നതിനപ്പുറത്ത് കേസ് സംബന്ധിച്ച വിശദമായ വിവരങ്ങൾ സിബിഐ വെളിപ്പെടുത്തിയിട്ടില്ല. കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഇയാൾ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. കേസിൽ ബന്ധപ്പെട്ട കോടതിയിൽ ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും, പ്രതിക്കെതിരെ കോടതി ഓപ്പൺ ഡേറ്റഡ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതായും സിബിഐ വ്യക്തമാക്കി.
കേരള പോലീസിന്റെ അഭ്യർത്ഥനപ്രകാരം സിബിഐ ഇന്റർപോൾ മുഖേന പ്രതിക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് യുഎഇ അധികൃതർ നടത്തിയ പരിശോധനയിൽ രാഗേഷ് ഉണ്ണിക്കൊച്ചന്റെ ഒളിത്താവളം കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യുഎഇ അധികൃതർ പ്രതിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി. യുഎഇയിൽ എത്തിയ കേരള പോലീസിന്റെ എസ്കോർട്ട് സംഘത്തിന് പ്രതിയെ കൈമാക്കുകയായിരുന്നു.
2019 മുതൽ ഇതുവരെ ഇന്റർപോൾ മുഖേന 281ലധികം കൊടുംകുറ്റവാളികളെ വിജയകരമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചതായും, ഇതിൽ 73 പേരെ 2026ൽ മാത്രമാണ് നാട്ടിലെത്തിച്ചതെന്നും സിബിഐ അറിയിച്ചു. ഇന്ത്യയിലെ ഇന്റർപോൾ നാഷണൽ സെൻട്രൽ ബ്യൂറോ എന്ന നിലയിൽ, അന്താരാഷ്ട്ര പോലീസ് സഹകരണം സുഗമമാക്കുന്നതിനായി ‘ഭാരത്പോൾ’ വഴി രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികളുമായി സിബിഐ ഏകോപനം നടത്തുന്നുണ്ടെന്നും ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.