റാഞ്ചി: ജാർഖണ്ഡിലെ സരായികേല-ഖർസ്വാൻ ജില്ലയിൽ പരാതി നൽകാനെത്തിയ യുവതിയെ പോലീസ് സ്റ്റേഷനിൽ വെച്ച് ബലാത്സംഗം ചെയ്ത കേസിൽ കോൺസ്റ്റബിൾ അറസ്റ്റിൽ. സംഭവത്തിൽ ഗംഹാരിയ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പെടെ അഞ്ച് പോലീസുകാരെ ഡ്യൂട്ടിയിലെ വീഴ്ചയ്ക്ക് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ഭർത്താവ് മർദ്ദിക്കുമെന്ന് ഭയന്ന് യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും അയൽവാസിയുടെ വീട്ടിലെത്തി മൊബൈൽ ഫോൺ വഴി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കൺട്രോൾ റൂം വാഹനത്തിൽ യുവതിയെ അന്ന് രാത്രി തന്നെ പോലീസ് സ്റ്റേഷനിലെത്തിച്ചു.
തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ യുവതിക്ക് വിശ്രമിക്കാനായി പോലീസ് സ്റ്റേഷനിൽ ഒരു മുറി നൽകി. ഈ മുറിയിൽ വിശ്രമിക്കുന്നതിനിടയിലാണ് സ്റ്റേഷനിലെ വയർലെസ് ഓപ്പറേറ്ററായ കോൺസ്റ്റബിൾ യുവതിയെ ബലാത്സംഗംത്തിനിരയാക്കിയത്. വാർത്തകൾ പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ എസ്.പി. മനോജ് സ്വർഗിയാരി സരായികേല സബ് ഡിവിഷണൽ പോലീസ് ഓഫീസർ അനുഭവ് ഭരദ്വാജിന് നിർദ്ദേശം നൽകി. എസ്.ഡി.പി.ഒയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തത്.
കൃത്യവിലോപം, ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം, അച്ചടക്കമില്ലായ്മ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഗംഹാരിയ സ്റ്റേഷൻ ഇൻചാർജ് ഉൾപ്പെടെ അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തത്. സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും, ഇവ പരിശോധനയ്ക്കായി റാഞ്ചിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തി. പോലീസ് ഭരണസംവിധാനത്തിന് ആരെയും ഭയമില്ലാത്ത സ്ഥിതിയാണെന്നും ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് സാധാരണയായി മാറിയിട്ടുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. ഉയർന്ന ഉദ്യോഗസ്ഥർക്ക് പണം നൽകിയാണ് പോലീസ് ഉദ്യോഗസ്ഥർ പോസ്റ്റിംഗ് തരപ്പെടുത്തുന്നതെന്ന് ജാർഖണ്ഡ് ബി.ജെ.പി പ്രസിഡന്റും രാജ്യസഭാംഗവുമായ ആദിത്യ സാഹു ആരോപിച്ചു.