ലൈംഗിക പീഡനം, ആത്മഹത്യ, തീവെപ്പ്; ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നടക്കുന്നതെന്ത്?

Published on

spot_img

പഞ്ചാബിലെ ഫഗ്വാരയിൽ പ്രവർത്തിക്കുന്ന ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രതിഷേധം അക്രമാസക്തമായതോടെ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും സംഘർഷാവസ്ഥ. യൂണിവേഴ്‌സിറ്റിയിലെ വനിതാ ഹോസ്റ്റലിൽ ഒരു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തെന്നുമുള്ള ആരോപണത്തിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാൽ പീഡനവും ആത്മഹത്യയും സംബന്ധിച്ച വിവരങ്ങൾ യൂണിവേഴ്‌സിറ്റി നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി പഞ്ചാബ് പൊലീസ് അജ്ഞാത വ്യക്തിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഏഴംഗ എസ്‌ഐടി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധം ഞായറാഴ്ച പുലർച്ചെയോടെ വലിയ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. പ്രതിഷേധിച്ച വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ അക്രമം അഴിച്ചുവിടുകയും ചില ഭാഗങ്ങളിൽ തീയിടുകയും ചെയ്തു. തുടർന്ന് ഡൽഹി–അമൃത്സർ ദേശീയപാതയും ജലന്ധർ–ഫഗ്വാര റോഡും ഉപരോധിക്കുകയും ചെയ്തു.

ലൈംഗിക പീഡനം, ആത്മഹത്യ?

സെപ്റ്റംബർ 23ന് ഗേൾസ് ഹോസ്റ്റൽ-3ൽ ഒരു വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. പുറത്തു നിന്നും ക്യാമ്പസിൽ എത്തിയ ഒരു നിർമാണത്തൊഴിലാളിയാണ് കുറ്റകൃത്യം നടത്തിയത് എന്നാണ് വിദ്യാർഥികൾ പറയുന്നത്. സംഭവത്തെക്കുറിച്ച് ഹോസ്റ്റൽ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. തുടർന്ന് വീട്ടിലേക്ക് പോയ വിദ്യാർത്ഥിനി, അവിടെവച്ച് ആത്മഹത്യ ചെയ്തുവെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ ഈ കാര്യങ്ങൾ യൂണിവേഴ്‌സിറ്റി അധികൃതർ തള്ളി. വിദ്യാർത്ഥികളുടെ പരാതിയിൽ, സംഭവത്തെക്കുറിച്ച് ഹോസ്റ്റൽ വാർഡന് വിവരം ലഭിച്ചിരുന്നുവെന്നും എന്നാൽ പൊലീസിനെ അറിയിക്കുന്നതിന് പകരം വിദ്യാർത്ഥിനിയെ വീട്ടിലേക്ക് അയച്ചുവെന്നുമുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

ജലന്ധർ റേഞ്ച് ഡിഐജി നവീൻ സിംഗ്ലയുടെ നേതൃത്വത്തിൽ പൊലീസ് വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുകയാണ്. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അജ്ഞാത വ്യക്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റൽ, സാങ്കേതിക തെളിവുകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

അന്വേഷണത്തിനായി ഏഴ് അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ഫഗ്വാര എസ്.പി. മേജർ സിംഗ്, ഡിഎസ്പി പൽവിന്ദർ സിംഗ്, വനിതാ പൊലീസ് ഇൻസ്പെക്ടർ എന്നിവരോടൊപ്പം പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ അഞ്ച് പ്രതിനിധികളെയും അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. വിദ്യാർത്ഥി പ്രതിനിധികളെ അന്വേഷണവുമായി സഹകരിപ്പിക്കുമെന്നും ലഭ്യമായ എല്ലാ ഡിജിറ്റൽ, സാങ്കേതിക തെളിവുകളും പരിശോധിക്കുമെന്നും ഡിഐജി നവീൻ സിംഗ്ല പറഞ്ഞു.

അതേസമയം, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ സംഭവത്തിന് ഒരു ദിവസം മുമ്പ് സംസ്ഥാനത്തു തന്നെയുള്ള ചിത്കാര യൂണിവേഴ്സിറ്റിയിലും സമാനമായ ആരോപണങ്ങളെ തുടർന്ന് പ്രതിഷേധമുണ്ടായിരുന്നു. ഇരു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പഞ്ചാബ് പൊലീസ് ഇരു ക്യാമ്പസുകളിലെയും അക്രമ സംഭവങ്ങൾ തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമികമായി വ്യക്തമാക്കിയിട്ടുള്ളത്.

എല്ലാം നിഷേധിച്ച് യൂണിവേഴ്‌സിറ്റി

പീഡനവും ആത്മഹത്യയും സംബന്ധിച്ച ആരോപണങ്ങൾ ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി ശക്തമായി നിഷേധിച്ചു. സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും ചിലർ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ വിവരങ്ങൾ പ്രചരിപ്പിച്ച് വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ജസ്പാൽ സിംഗ് സന്ധുവും ഞായറാഴ്ച രാവിലെ വരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട യാതൊരു ഔദ്യോഗിക പരാതിയോ റിപ്പോർട്ടോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി രജിസ്ട്രാർ മോണിക്ക ഗുലാട്ടി പുറത്തുവിട്ട പ്രസ്താവനയിൽ, യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു. ഇതുവരെ തങ്ങൾക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് യൂണിവേഴ്‌സിറ്റിയുടെ നിലപാട്. സംഭവം നടന്നതായി ആരോപിക്കപ്പെടുന്ന ഹോസ്റ്റൽ മുറിയിലെ മൂന്ന് വിദ്യാർത്ഥിനികളെയും യൂണിവേഴ്‌സിറ്റി അധികൃതർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ മുറിയിൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും മുറിയുടെ നമ്പർ പുറത്തുവന്നതിനെ തുടർന്ന് തങ്ങൾ മാനസികമായി ബുദ്ധിമുട്ടിലായെന്നുമാണ് വിദ്യാർത്ഥിനികൾ വീഡിയോയിൽ പറയുന്നുണ്ട്.

പ്രതിഷേധം അക്രമത്തിലേക്ക്

ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചും നീതി ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധിച്ചത്. പിന്നീട് പ്രതിഷേധം വ്യാപിക്കുകയും സമരത്തെ നേരിടാൻ പുറത്തു നിന്നുള്ള സംഘം കൂടി എത്തിയതോടെ കടുത്ത സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു. ക്യാമ്പസിലെ കെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾ ഉൾപ്പെടെയുള്ളവ തകർക്കുകയും വാഹനങ്ങളും മറ്റും തകർക്കുകയും ചെയ്തു. വലിയ രീതിയിൽ തീവെപ്പും ഉണ്ടായി. ദേശീയപാത ഉപരോധിച്ചതോടെ പൊലീസ് പ്രതിഷേധക്കാരോട് റോഡ് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധക്കാർ പിന്മാറാതിരിക്കുകയും പൊലീസിന് നേരെ കുപ്പികളും മറ്റ് വസ്തുക്കളും എറിയുകയും ചെയ്തതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. തുടർന്ന് സംഘർഷം കൂടുതൽ രൂക്ഷമായി. അക്രമത്തിൽ പൊലീസ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മൂന്ന് എസ്‌യുവികൾക്കും ആറ് ഇരുചക്ര വാഹനങ്ങൾക്കും തീയിട്ടതായി വിവിധ റിപ്പോർട്ടുകൾ പറയുന്നു. നിരവധി പൊലീസ് വാഹനങ്ങളും തകർത്തു. സംഘർഷത്തിൽ പൊലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

വിദ്യാർത്ഥികൾ ഡൽഹി–അമൃത്സർ ദേശീയപാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ആരോപണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു റോഡ് ഉപരോധം. പൊലീസ് ഇടപെട്ടിട്ടും ഏറെ നേരം ഉപരോധം തുടർന്നു. സംഘർഷാവസ്ഥ തുടരുന്നതിനിടെ ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി സെപ്റ്റംബർ 28 മുതൽ പത്ത് ദിവസത്തേക്ക് സാധാരണ ക്ലാസുകൾ നിർത്തിവച്ചു. മിഡ്-സെമസ്റ്റർ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു.

Swathi S
Swathi S
Swathi S is a content creator at Varta Nexus. Specializing in deep-dive news analysis, regional politics, and socio-economic reporting, she focuses on uncovering grounded stories with clarity and editorial integrity.

Latest articles

വ്യാജ മരുന്ന് നിർമ്മാണക്കേസ്: പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന വ്യാജ മരുന്ന് കേസിൽ ജീവൻരക്ഷാ മരുന്നുകൾ, ഐസിയുവിൽ ഉപയോഗിക്കുന്ന മരുന്നുകൾ, കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവയുൾപ്പെടെയാണ് പിടിച്ചെടുത്തത്.

ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന് നേരെ ബിജെപി ആക്രമണം; എസ്‌കോർട്ട് വാഹനം തകർത്തു

അക്രമം നടക്കുന്ന വിവരമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ വൻതോതിൽ സ്ഥലത്തേക്ക് സംഘടിച്ചെത്തുകയും ബിജെപി പ്രവർത്തകരെ നീക്കുകയുമായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വരെ; ആരാണ് ഗ്യാനേഷ് കുമാർ?

കേരളത്തിലെ സർവീസ് കാലയളവിൽ ഗ്യാനേഷ് കുമാറിനെ കുപ്രസിദ്ധനാക്കുന്ന സംഭവം, 2006ലെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യയുമാണ്.

ജീവപര്യന്തം വരെയുള്ള കടുത്ത ശിക്ഷകൾ; കേരളത്തിൽ അന്ധവിശ്വാസവും ആഭിചാരവും തടയാനുള്ള നിയമത്തിന്റെ കരട്‌ ബിൽ തയ്യാർ

പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, കേരള യുക്തിവാദി സംഘം നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി നൽകിയ നിർദേശപ്രകാരമാണ് സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചത്.
spot_img

വ്യാജ മരുന്ന് നിർമ്മാണക്കേസ്: പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന വ്യാജ മരുന്ന് കേസിൽ ജീവൻരക്ഷാ മരുന്നുകൾ, ഐസിയുവിൽ ഉപയോഗിക്കുന്ന മരുന്നുകൾ, കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവയുൾപ്പെടെയാണ് പിടിച്ചെടുത്തത്.

ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന് നേരെ ബിജെപി ആക്രമണം; എസ്‌കോർട്ട് വാഹനം തകർത്തു

അക്രമം നടക്കുന്ന വിവരമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ വൻതോതിൽ സ്ഥലത്തേക്ക് സംഘടിച്ചെത്തുകയും ബിജെപി പ്രവർത്തകരെ നീക്കുകയുമായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വരെ; ആരാണ് ഗ്യാനേഷ് കുമാർ?

കേരളത്തിലെ സർവീസ് കാലയളവിൽ ഗ്യാനേഷ് കുമാറിനെ കുപ്രസിദ്ധനാക്കുന്ന സംഭവം, 2006ലെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യയുമാണ്.