HomeSocialനേതാവിൽ നിന്ന് ഹാഷ്‌ടാഗിലേക്ക്; ജെൻ സി ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുമോ?

നേതാവിൽ നിന്ന് ഹാഷ്‌ടാഗിലേക്ക്; ജെൻ സി ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുമോ?

Published on

spot_img

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഓരോ തലമുറയും അതിന്റേതായ രാഷ്ട്രീയ ഭാഷയും സമരരീതികളും രൂപപ്പെടുത്തിയിട്ടുള്ളതായി കാണാം. സ്വാതന്ത്ര്യസമര കാലത്തെ ഖദർ വസ്ത്രവും ഗാന്ധിയൻ സമരരീതികളും മുതൽ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭങ്ങളും, മണ്ടൽ-കമണ്ഡൽ രാഷ്ട്രീയവും, പിന്നീട് സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും വരെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ രൂപവും രീതിയും പലതവണ മാറിയിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന്റെ ഫലം കൂടിയാണ് ഇപ്പോഴത്തെ മോദി സർക്കാർ. ഇപ്പോൾ ആ മാറ്റത്തിന്റെ മറ്റൊരു നിർണായക ഘട്ടത്തിലാണ് രാജ്യം. ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ജെൻ സി സമരങ്ങൾ അതിന്റെ ഒരു പ്രധാന സൂചനയായി കാണാം.

ഇന്ത്യയിലെ രാഷ്ട്രീയ ഇടപെടലിന്റെ സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കുന്നതിന്റെ അടയാളമാണ് ധർമേന്ദ്ര പ്രധാന്റെ രാജി. രാഷ്ട്രീയ പാർട്ടികളുടെ കൊടികൾക്കപ്പുറം, പരമ്പരാഗത നേതാക്കളുടെ വ്യക്തിപൂജയ്ക്കപ്പുറം, ആശയങ്ങളെക്കാൾ വ്യക്തികളോട് ചേർന്നുനിൽക്കുന്ന രാഷ്ട്രീയ സംസ്കാരത്തിനപ്പുറം ഒരു പുതിയ തലമുറ സ്വന്തം രാഷ്ട്രീയ ഇടം കണ്ടെത്തുകയാണ്. ഈ മാറ്റം ഇന്ത്യൻ രാഷ്ട്രീയത്തെ എത്രത്തോളം സ്വാധീനിക്കുമെന്നതാണ് ഇനി പ്രധാന ചോദ്യം.

ഖദർ – കാഷായ രാഷ്ട്രീയത്തിന്റെ കാലം

ഇന്ത്യൻ രാഷ്ട്രീയത്തിൽ വസ്ത്രത്തിന് പോലും രാഷ്ട്രീയ അർത്ഥമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഖദർ ധരിക്കുന്നത് രാഷ്ട്രീയ പ്രവർത്തകന്റെ ഒരു തിരിച്ചറിയലായിരുന്നു. വെള്ള ഖദർ, ഗാന്ധി തൊപ്പി – ഇവയെല്ലാം ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ഒരു പാർട്ടിയോട് ചേർന്നുനിൽക്കുന്നത് പലപ്പോഴും ഒരു കുടുംബത്തോടോ ഒരു നേതാവിനോടോ ഒരു രാഷ്ട്രീയ പാരമ്പര്യത്തോടോ ചേർന്നുനിൽക്കുന്നതിന് തുല്യമായിരുന്നു. മഹാത്മാഗാന്ധി മുതൽ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിങ്ങനെ രാഹുലിലും പ്രിയങ്കയിലും എത്തിനിൽക്കുന്ന കോൺഗ്രസ് രാഷ്ട്രീയം പിന്തുടർന്നിരുന്നത് ആ ഒരു രീതിയായിരുന്നു. മറുവശത്ത് ബാബറി മസ്‌ജിദ്‌ തകർക്കപ്പെട്ടതോടെ കൂടുതൽ കരുത്താർജ്ജിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബിംബങ്ങളിലും മാറ്റമൊന്നും ഉണ്ടായിരുന്നില്ല. തീവ്രദേശീയത ഉൾപ്പെടെയുള്ള ആശയങ്ങളെ മുന്നിൽ നിർത്താൻ സംഘപരിവാർ എപ്പോഴും ശ്രമിച്ചെങ്കിലും ഒരു വലിയ ആൾക്കൂട്ടത്തെ പാർട്ടിയിൽ രൂപപ്പെടുത്തുന്നത് മോദി എന്ന നേതാവിന്റെ പ്രതിച്ഛായാ നിർമിതിയുടെ തന്നെയാണ്.

നേതാവിന്റെ പ്രസംഗം കേൾക്കുക, നേതാവിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുക, നേതാവിന്റെ പേരിൽ മുദ്രാവാക്യം വിളിക്കുക, നേതാവിന്റെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യാതെ പിന്തുടരുക – ഇതാണ് ഇന്ത്യയിലെ ഏറ്റവും കരുത്തരായ ഭരണപക്ഷ പാർട്ടിയിലും ഒപ്പം പ്രതിപക്ഷ പാർട്ടിയിലും നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ജെൻ സി രാഷ്ട്രീയത്തിന് ഈ രീതിയോട് വലിയൊരു അകലം ഉണ്ട്. അവർ ആദ്യം ചോദിക്കുന്നത് ‘ആരാണ് നേതാവ്?’ എന്നല്ല. ‘എന്താണ് വിഷയം?’ എന്നാണ്. അതുകൊണ്ടുതന്നെ ഈ തലമുറയുടെ രാഷ്ട്രീയം വ്യക്തികേന്ദ്രിതമാകുന്നതിനേക്കാൾ വിഷയകേന്ദ്രിതമാകാനുള്ള സാധ്യത കൂടുതലാണ്.

നേതാവിനെക്കാൾ വലുത് വിഷയമാണ്

പുതിയ തലമുറയുടെ രാഷ്ട്രീയ ഇടപെടലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വികേന്ദ്രീകൃത സ്വഭാവമാണ്. ഒരു സമരത്തിന് ഒരു ഔദ്യോഗിക നേതാവ് ഇല്ലാതിരിക്കാം. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഹ്വാനമില്ലാതെയും ആയിരങ്ങൾ തെരുവിലിറങ്ങാം. ഒരു സംഘടനയുടെ സ്ഥിരം അംഗത്വമില്ലാതെയും ഒരാൾക്ക് ഒരു പ്രക്ഷോഭത്തിന്റെ ഭാഗമാകാം. ഇവിടെയാണ് ജെൻ സി രാഷ്ട്രീയം പരമ്പരാഗത രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്നത്. ഒരു വിഷയത്തിൽ പ്രതിഷേധിക്കുമ്പോൾ അതിന്റെ നേതൃത്വം ഒരാളുടെ കൈയിൽ കേന്ദ്രീകരിക്കണമെന്നില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഒരു ആശയം പെട്ടെന്ന് വ്യാപിക്കുകയും, ആയിരക്കണക്കിന് ആളുകളെ ഒരേ സമയം രാഷ്ട്രീയമായി സജീവരാക്കുകയും ചെയ്യുന്നു. ഇതോടെ രാഷ്ട്രീയ പാർട്ടികളുടെ പരമ്പരാഗത ‘മൊബിലൈസേഷൻ മെഷിനറി’യുടെ പ്രാധാന്യം കുറയുകയാണ്.

ഇതോടെ രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകും എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്, അവയുടെ പ്രവർത്തനരീതി മാറേണ്ടിവരും എന്നാണ് സൂചിപ്പിക്കുന്നത്. പുതിയ തലമുറയെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി നിർദേശങ്ങൾ നൽകുന്നതിന് പകരം, അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിവരും. പാർട്ടി നേതാവിന്റെ പ്രസംഗം മാത്രം കേൾപ്പിക്കുന്നതിനുപകരം, യുവാക്കളുടെ അഭിപ്രായം കേൾക്കേണ്ടിവരും.

സോഷ്യൽ മീഡിയ എന്ന പുതിയ രാഷ്ട്രീയ മൈതാനം

ജെൻ സി രാഷ്ട്രീയത്തെ കുറിച്ച് വിലയിരുത്തുമ്പോൾ സോഷ്യൽ മീഡിയയെ മാറ്റിനിർത്താൻ കഴിയില്ല. പരമ്പരാഗത രാഷ്ട്രീയത്തിൽ ഒരു സമരം സംഘടിപ്പിക്കാൻ പോസ്റ്ററുകളും ലഘുലേഖകളും പൊതുയോഗങ്ങളും പാർട്ടി ശൃംഖലകളും ആവശ്യമായിരുന്നു. ഇന്ന് ഒരു ഹാഷ്‌ടാഗ് തന്നെ ഒരു വലിയ രാഷ്ട്രീയ വിഷയത്തിന്റെ തുടക്കമാവുകയാണ്. ഒരു വീഡിയോ വൈറലാകുന്നു. ഒരു സംഭവം ദേശീയ ചർച്ചയാകുന്നു. ഒരു വ്യക്തിയുടെ അനുഭവം ആയിരങ്ങളുടെ രാഷ്ട്രീയ അനുഭവമായി മാറുന്നു. ഇതോടെ വിഷയം ഗ്രൗണ്ടിലേക്ക് വരികയായി.

എന്നാൽ ഇതിന് മറുവശവുമുണ്ട്. സോഷ്യൽ മീഡിയ രാഷ്ട്രീയത്തിൽ വികാരങ്ങൾ പലപ്പോഴും വസ്തുതകളെ മറികടക്കാം. തെറ്റായ വിവരങ്ങൾ അതിവേഗം പ്രചരിക്കാം. ആൾക്കൂട്ട മനഃശാസ്ത്രം രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാം. സംഘപരിവാറും ബിജെപിയുമടക്കമുള്ള വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ ഒരു പ്രധാന ആയുധം തന്നെ ഇത്തരം പ്രചാരണങ്ങളാണ്. അതിനാൽ ജെൻ സി രാഷ്ട്രീയത്തിന്റെ ശക്തി അതിന്റെ വേഗതയാണെങ്കിൽ, അതിന്റെ ദൗർബല്യവും അതേ വേഗത തന്നെയാണ്. എങ്കിലും ഒരു കാര്യം വ്യക്തമാണ്. ഇനി രാഷ്ട്രീയത്തിന്റെ പ്രധാന പോരാട്ടഭൂമി പാർട്ടി സമ്മേളന ഹാളുകൾ മാത്രമല്ല. ഡിജിറ്റൽ ലോകവും തെരുവും ഒന്ന് ചേർന്ന ഒരു പുതിയ സങ്കേതത്തിലേക്ക് അത് വഴിമാറുകയാണ്.

‘ഫാൻ ക്ലബ്ബ്’ രാഷ്ട്രീയത്തിൽ നിന്ന് ‘ഫാക്ട് ചെക്കിംഗ്’ രാഷ്ട്രീയത്തിലേക്ക്

ഇന്ത്യൻ രാഷ്ട്രീയത്തിൽ നേതാക്കളുടെ ആരാധകസംസ്കാരം ശക്തമാണ്. ഒരു നേതാവിനെ വിമർശിക്കുന്നത് സ്വന്തം രാഷ്ട്രീയ വിശ്വാസത്തെ വിമർശിക്കുന്നതുപോലെ കാണുന്ന പ്രവണത പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ പുതിയ തലമുറ ഈ രീതിയെ ചോദ്യം ചെയ്യുകയാണ്. ജെൻ സി ഒരു നേതാവിനെ പിന്തുണയ്ക്കാം, പക്ഷേ അതേ നേതാവിനെ വിമർശിക്കാനും തയ്യാറാകും. ഒരു വിഷയത്തിൽ ഒരു പാർട്ടിക്കൊപ്പം നിൽക്കുമ്പോൾ മറ്റൊരു വിഷയത്തിൽ അതേ പാർട്ടിക്കെതിരെ പ്രതിഷേധിക്കാം. ഇത് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് വലിയ വെല്ലുവിളിയാണ്.

ഇന്ത്യൻ പാരമ്പര്യ രാഷ്ട്രീയ കക്ഷികളിൽ ഒരിക്കൽ ഒരു പാർട്ടിയുടെ അനുയായി ആയാൽ വർഷങ്ങളോളം അതേ നേതാവിന്റെയോ കുടുംബത്തിന്റെയോ തുടരുന്നതാണ് രീതി. പുതിയ തലമുറയിൽ രാഷ്ട്രീയ വിശ്വാസം കൂടുതൽ ദ്രവസ്വഭാവമുള്ളതാകാം. വിഷയാധിഷ്ഠിതമായ നിലപാടുകൾ സ്വീകരിക്കുന്നതിലേക്ക് ഒരു ചുവടുമാറ്റം പുതിയ തലമുറയിൽ വ്യക്തമാണ്. കോക്രോച്ച് സമരം വിജയം കണ്ടതിന് പിന്നാലെ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ തന്നെ ഒരു ഹീറോ ആക്കരുത് എന്ന നിലയിൽ നടത്തിയ പ്രസ്താവന ഇതിന്റെ സൂചനയാണ്.

രാഷ്ട്രീയത്തിന്റെ പുതിയ വ്യാകരണം

ജെൻ സി സമരങ്ങൾ പരമ്പരാഗത സമരരീതികളിൽ നിന്ന് വ്യത്യസ്തമാണ്. നീണ്ട പ്രചാരണപരിപാടികൾക്ക് പകരം റീൽസുകൾ, മീമുകൾ, ട്രോളുകൾ എന്നിങ്ങനെയാണ് ആശയപ്രചാരണം നടത്തുന്നത്. ഈ മാറ്റം രാഷ്ട്രീയ സമരങ്ങളുടെ ഭാഷയിലും പ്രകടമാണ്. ഇത്തരം സോഷ്യൽ മീഡിയ കണ്ടന്റുകൾ രാഷ്ട്രീയ ആയുധങ്ങളാകുന്നു. പരമ്പരാഗത രാഷ്ട്രീയ പ്രസംഗങ്ങൾക്ക് മണിക്കൂറുകൾ വേണ്ടിവന്നിരുന്നിടത്ത്, ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോക്ക് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താൻ കഴിയും.

ജെൻ സി രാഷ്ട്രീയത്തിന്റെ വളർച്ച ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളെ നിർബന്ധമായും ആത്മപരിശോധനയിലേക്ക് നയിക്കും. യുവാക്കളെ പാർട്ടി അംഗത്വത്തിലേക്ക് ആകർഷിക്കുക മാത്രം ഇനി മതിയാകില്ല. അവരുമായി രാഷ്ട്രീയ സംഭാഷണം നടത്തണം. യുവതലമുറ തൊഴിൽ, വിദ്യാഭ്യാസം, വിലക്കയറ്റം, സ്വകാര്യത, പരിസ്ഥിതി, ഡിജിറ്റൽ സ്വാതന്ത്ര്യം, സാമൂഹിക നീതി, അഴിമതി, ഭരണത്തിലെ സുതാര്യത തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ചോദ്യങ്ങൾ ചോദിക്കുകയാണ്. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാത്ത പാർട്ടികൾക്ക് അവരുടെ പരമ്പരാഗത വോട്ട് ബാങ്കുകൾക്കപ്പുറം പുതിയ തലമുറയെ ആകർഷിക്കാൻ പ്രയാസമാകും.

ജെൻ സി രാഷ്ട്രീയം വിജയിക്കുമോ?

ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഒരു പ്രതിഷേധം സംഘടിപ്പിക്കുക എന്നത് എളുപ്പമാണ്. പക്ഷേ അതിനെ സ്ഥിരമായ രാഷ്ട്രീയ മാറ്റമാക്കി മാറ്റുക എന്നത് ബുദ്ധിമുട്ടാണ്. സോഷ്യൽ മീഡിയയിൽ ഒരു പ്രക്ഷോഭം വൈറലാകുന്നത് നിരന്തരമായ രാഷ്ട്രീയ മാറ്റം ആകണമെന്നില്ല. സങ്കീർണ ഘടനകളുള്ള ഇന്ത്യൻ വോട്ടർമാരെ ഒരു സമരത്തിന്റെ വിജയം സ്വാധീനിക്കുകയോ, അനുകൂലമായി വോട്ട് ചെയ്യിപ്പിക്കുകയോ ഇല്ല. സോഷ്യൽ മീഡിയയിലെയും ഒപ്പം തെരുവിലെയും ജനപങ്കാളിത്തത്തെ നയപരമായ മാറ്റങ്ങളാക്കി മാറ്റാൻ സംഘടനയും നേതൃത്വവും ആവശ്യമാണ്.

അതിനാൽ ജെൻ സി രാഷ്ട്രീയത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി അതിന്റെ സ്വതന്ത്രവും വികേന്ദ്രീകൃതവുമായ സ്വഭാവം നിലനിർത്തിക്കൊണ്ട് ഒരു ദീർഘകാല രാഷ്ട്രീയ ഘടന സൃഷ്ടിക്കുക എന്നതാണ്. ഇവിടെ നിന്നാണ് പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യത. പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന ചെറിയ രാഷ്ട്രീയ കക്ഷികൾ, പരമ്പരാഗത പാർട്ടികൾക്ക് പുറത്തുള്ള പൗരസംഘടനകൾ, വിഷയാധിഷ്ഠിത പ്രസ്ഥാനങ്ങൾ, ഡിജിറ്റൽ കൂട്ടായ്മകൾ, സ്വതന്ത്ര രാഷ്ട്രീയ പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ ഒരു കൂട്ടായ്മയിലൂടെ ഇത് ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയ ശക്തിയായി വളരാൻ ഇടയുണ്ട്.

Latest articles

മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്.

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.

വാക്സിൻ വിരുദ്ധതയുടെ കുഴിയിൽ ‘കേരള മോഡൽ’; പാളിപ്പോകുന്ന എച്ച്.പി.വി. വാക്സിനേഷൻ

വാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗർഭധാരണത്തിന് തടസ്സമുണ്ടാകുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

നിതിൻ രാജ് കേസിലെ വീഴ്ച: ക്രൈംബ്രാഞ്ച് സംഘത്തിനെതിരായ അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയെന്ന് പൊലീസ്

പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയിൽ ക്രൈംബ്രാഞ്ച് നൽകിയ വിവരങ്ങൾ വ്യാജമാണെന്ന ഗുരുതരമായ കണ്ടെത്തലും സ്‌പെഷ്യൽ പ്രാഞ്ചിന്റെ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന. ഈ റിപ്പോർട്ടാണ് പോലീസ് ആസ്ഥാനത്ത് നിന്നും രഹസ്യ രേഖയാണെന്ന് വിശദീകരിക്കുന്നത്.

More like this

മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്.

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.

വാക്സിൻ വിരുദ്ധതയുടെ കുഴിയിൽ ‘കേരള മോഡൽ’; പാളിപ്പോകുന്ന എച്ച്.പി.വി. വാക്സിനേഷൻ

വാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗർഭധാരണത്തിന് തടസ്സമുണ്ടാകുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഉള്ള തീർത്തും അടിസ്ഥാനരഹിതമായ വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.