കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മുതൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വരെയുള്ള വിവാദങ്ങൾ; ആരാണ് ഗ്യാനേഷ് കുമാർ?

Published on

spot_img

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. രാജ്യവ്യാപകമായി കനത്ത പ്രതിഷേധങ്ങളും ഉയരുകയാണ്. ഗ്യാനേഷ് കുമാറിന്റെ മുൻകാല ഔദ്യോഗിക ജീവിതവും വിവാദങ്ങളും ആരോപണങ്ങളും നിരന്നത് തന്നെയായിരുന്നു. 1988 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ഗ്യാനേഷ് കുമാറിന് സംഭവബഹുലമായ ഒരു സർവീസ് ചരിത്രം തന്നെയാണ് ഉള്ളത്.

ആരാണ് ഗ്യാനേഷ് കുമാർ?

ഉത്തർപ്രദേശിലെ ആഗ്രയിൽ 1964 ജനുവരി 27-ന് ജനിച്ച ഗ്യാനേഷ് കുമാർ, ഐഐടി കാൺപൂരിൽ നിന്നാണ് സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം നേടിയത്. സാങ്കേതിക വിദ്യാഭ്യാസത്തിന് ശേഷം ഐസിഎഫ്എഐയിൽ നിന്ന് ബിസിനസ് ഫിനാൻസിലും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് എൻവയോൺമെന്റൽ ഇക്കണോമിക്‌സിലും ഉന്നത പഠനം പൂർത്തിയാക്കി. 1988 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായി സിവിൽ സർവീസിലെത്തിയ ഗ്യാനേഷ്, കേരളത്തിലെ ഭരണനിർവ്വഹണ തലങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചു. അടൂർ സബ് കളക്ടറായി തുടക്കം കുറിച്ച അദ്ദേഹം എറണാകുളം ജില്ലാ കളക്ടർ, കൊച്ചി കോർപ്പറേഷൻ കമ്മീഷണർ, പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ എംഡി, കേരള സംസ്ഥാന സഹകരണ ബാങ്ക് എംഡി, തരുവനന്തപുരം വിമാനത്താവള എംഡി തുടങ്ങിയ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. ധനകാര്യം, പൊതുമരാമത്ത്, ഭക്ഷ്യ-പൊതുവിതരണം തുടങ്ങിയ വകുപ്പുകളിലും ഗ്യാനേഷ് പ്രവർത്തിച്ചു.

ആത്മഹത്യാ കുറിപ്പിലെ ‘ഗ്യാനേഷ് കുമാർ’

എന്നാൽ കേരളത്തിലെ സർവീസ് കാലയളവിൽ ഗ്യാനേഷ് കുമാറിനെ കുപ്രസിദ്ധനാക്കുന്ന സംഭവം, 2006ലെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യയുമാണ്. അന്നത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിസേവനമനുഷ്ഠിക്കുകയായിരുന്നു. ലോകബാങ്ക് സഹായത്തോടെയുള്ള റോഡ് നിർമാണ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ സംഭവങ്ങൾ ഇക്കാലത്താണ് നടന്നത്.

പദ്ധതിയുടെ നിർമാണ ചുമതലയുണ്ടായിരുന്ന മലേഷ്യൻ കമ്പനിയായ പാതിബെല്ലിന്റെ ചീഫ് പ്രോജക്ട് ഓഫീസർ ലീ സീ ബെൻ ഉദ്യോഗസ്ഥ പീഡനം മൂലം ആത്മഹത്യ ചെയ്തു. തനിക്ക് അർഹമായ കോടികളുടെ ബില്ലുകൾ പാസാക്കാതെ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്നും അഴിമതി ആവശ്യപ്പെടുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നു. ലീ സീ ബെൻ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് വ്യക്തമായി പരാമർശിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ കേരളത്തിന് വലിയ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തെ തുടർന്ന് ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

കേന്ദ്രത്തിന്റെ ഇഷ്ടതോഴൻ

കേരളത്തിലെ ആരോപണങ്ങൾക്കിടയിൽ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറിയ ഗ്യാനേഷ് കുമാർ, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവേശിച്ചു. ഈ കാലയളവിൽ ബിജെപി നേതൃത്വവുമായി അടുത്ത ബന്ധം ഉണ്ടാക്കി. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ എത്തിയതോടെ ഭരണകക്ഷിയായ ബിജെപിയുടെയും മോദി സർക്കാരിന്റെയും തന്ത്രപ്രധാനമായ പദ്ധതികളുടെ പ്രധാന പങ്കാളിയായി ഗ്യാനേഷ് കുമാർ മാറി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായി ഗ്യാനേഷ് കുമാർ മാറിയെന്നാണ് പറയപ്പെടുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ 370-ാം വകുപ്പ് എടുത്തു കളയാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള നിയമപരവും ഭരണപരവുമായ കുറുക്കുവഴികൾ ആസൂത്രണം ചെയ്തതിൽ ഗ്യാനേഷ് കുമാറിന് നിർണായക പങ്കുണ്ടായിരുന്നു.

അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിലുള്ള ഏകോപനം നിർവ്വഹിച്ചതും ഗ്യാനേഷ് കുമാറായിരുന്നു. 2020 ഫെബ്രുവരി 5 ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രഥമ എക്സ് ഒഫീഷ്യോ അംഗമായി ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമിക്കപ്പെട്ടു. ഇതിന് പുറമെ കേന്ദ്ര സഹകരണ മന്ത്രാലയ സെക്രട്ടറിയായിരിക്കെ, സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള സഹകരണ മേഖലയിൽ കേന്ദ്രത്തിന് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന രീതിയിൽ നിയമഭേദഗതി കൊണ്ടു വന്നതിലും ഗ്യാനേഷ് കുമാർ പ്രധാന പങ്കുവഹിച്ചു. ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി സംസ്ഥാനങ്ങളുടെ അധികാരം തട്ടിയെടുക്കാനുള്ള നീക്കമായി ഇത് രൂക്ഷമായി വിമർശിക്കപ്പെട്ടു.

വിരമിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

2024 ജനുവരിയിൽ സിവിൽ സർവീസിൽ നിന്ന് വിരമിച്ച ഗ്യാനേഷ് കുമാറിന്, വെറും രണ്ട് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തേക്കുള്ള വഴിതുറക്കപ്പെട്ടു. അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രാജീവ് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കമ്മീഷണർ അരുൺ ഗോയൽ പെട്ടെന്ന് രാജിവെച്ച ഒഴിവിലേക്കായിരുന്നു ഈ നിയമനം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് നടപ്പാക്കിയ ഈ നിയമനം ജനാധിപത്യ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെ സമിതിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഭരണകക്ഷിക്ക് പൂർണ്ണ ഭൂരിപക്ഷം നൽകുന്ന സെലക്ഷൻ കമ്മിറ്റിയുടെ 2023ലെ വിവാദ നിയമപ്രകാരം നിയമിതനായ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാർ മാറി.

മകൾക്കും രാഷ്ട്രീയ സംരക്ഷണം?

Medha

ഗ്യാനേഷ് കുമാറിന്റെ ഉന്നത ഭരണസ്വാധീനം മകളുടെ സംരക്ഷണത്തിനും ഉപയോഗിക്കപ്പെടുകയാണെന്ന ആരോപണവും ഉയരുകയാണ്. ഗ്യാനേഷ് കുമാറിന്റെ മകളും നോയ്‌ഡ ഗൗതംബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റുമായിരുന്ന മേധാ രൂപം ഇക്കഴിഞ്ഞ ഏപ്രിലിൽ നോയ്ഡ തൊഴിലാളി പ്രക്ഷോഭത്തിന്റെ പേരിൽ ആകൃതി ചൗധരി എന്ന വിദ്യാർത്ഥിനിക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്തി അഞ്ചുമാസം ജയിലിൽ അടച്ചിരുന്നു. ഈ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി മേധക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു. തടങ്കൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, വിദ്യാർത്ഥിനിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഈ തുക ഡിഎം മേധാ രൂപത്തിന്റെ ശമ്പളത്തിൽ നിന്ന് ഈടാക്കാനും ഉത്തരവിട്ടു.

എന്നാൽ ഈ വിധിക്കെതിരെ മേധാ രൂപ നൽകിയ അപ്പീൽ ഹർജി സുപ്രീം കോടതി സ്വീകരിച്ച രീതി വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. സാധാരണ കീഴ്‌വഴക്കങ്ങളും ജൂലൈ 13 മുതൽ പ്രാബല്യത്തിൽ വന്ന കേസ് ലിസ്റ്റിംഗ് റോസ്റ്ററും പൂർണ്ണമായും തെറ്റിച്ചുകൊണ്ടാണ് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഈ കേസ് പ്രത്യേകമായി പരിഗണിച്ചതും ഹൈക്കോടതി വിധിച്ച പിഴ തുകയ്ക്ക് അടിയന്തര സ്റ്റേ അനുവദിച്ചതും.

Swathi S
Swathi S
Swathi S is a content creator at Varta Nexus. Specializing in deep-dive news analysis, regional politics, and socio-economic reporting, she focuses on uncovering grounded stories with clarity and editorial integrity.

Latest articles

ജീവപര്യന്തം വരെയുള്ള കടുത്ത ശിക്ഷകൾ; കേരളത്തിൽ അന്ധവിശ്വാസവും ആഭിചാരവും തടയാനുള്ള നിയമത്തിന്റെ കരട്‌ ബിൽ തയ്യാർ

പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, കേരള യുക്തിവാദി സംഘം നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി നൽകിയ നിർദേശപ്രകാരമാണ് സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചത്.

വ്യാജരേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്; കണ്ണൂർ യൂണി. സിൻഡിക്കേറ്റ് അംഗത്തിന് ആറ് വർഷം തടവും 80000 രൂപ പിഴയും

ദിവസ വേതനത്തില്‍ സര്‍വകലാശാല പ്രൊഫഷണല്‍ അസിസ്റ്റന്റിനെ നിയമിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജ വിലാസവും ഒപ്പുമിട്ട് ഡോ ദീപക് തന്നെ രണ്ട് മാസത്തെ ശമ്പളം കൈപ്പറ്റുകയായിരുന്നു.

മതത്തിൽ നിന്നകലുന്ന പുതിയ തലമുറ; വിശ്വാസം സംരക്ഷിക്കാൻ അവസാന ശ്രമവുമായി പണ്ഡിതർ

ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വളർച്ചയും തന്നെയാണ് മതവിശ്വാസ തകർച്ചയിലെ പ്രധാന ഘടകമായി ഇവിടെ പ്രവർത്തിക്കുന്നത്.

ദുരഭിമാനക്കൊലക്ക് പുതിയ കാരണങ്ങൾ; കൊലപാതകം മറക്കാൻ പുതിയ രീതികൾ

സാങ്കേതികവിദ്യ വളർന്നതോടെ ഡിജിറ്റൽ യുഗത്തിൽ ദുരഭിമാനക്കൊലകളുടെ ഭീഷണി പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പോലും വ്യക്തികളുടെ ജീവിതം അപകടത്തിലാക്കുന്നു.
spot_img

ജീവപര്യന്തം വരെയുള്ള കടുത്ത ശിക്ഷകൾ; കേരളത്തിൽ അന്ധവിശ്വാസവും ആഭിചാരവും തടയാനുള്ള നിയമത്തിന്റെ കരട്‌ ബിൽ തയ്യാർ

പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, കേരള യുക്തിവാദി സംഘം നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി നൽകിയ നിർദേശപ്രകാരമാണ് സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചത്.

വിമാനങ്ങൾ വൈകുന്നത് 24 മണിക്കൂർ വരെ; മോശം കാലാവസ്ഥ കാരണമെന്ന സ്പൈസ്ജെറ്റ് വാദം തള്ളി സിയാൽ

കൊച്ചിക്ക് പുറമേ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ പ്രമുഖ ആഭ്യന്തര വിമാനത്താവളങ്ങളിലും ദുബായ് ഉൾപ്പെടെയുള്ള വിദേശ കേന്ദ്രങ്ങളിലും സ്പൈസ് ജെറ്റിനെതിരെ സമാനമായ പരാതികൾ ഉയരുന്നുണ്ട്.

ഓഫിസിലെ പുകവലി; ജോലി രാജിവച്ച് ബെംഗളൂരുവിലെ യുവതി, കുറിപ്പ് വൈറൽ

രാജിവയ്ക്കാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് സിഗരറ്റിന്റെ മണം തനിക്ക് ഒട്ടും സഹിക്കാനാകില്ലെന്നും ജോലിയിൽ തുടരാൻ കഴിയുന്നത്ര പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവർ കുറിച്ചു.