കണ്ണൂർ: വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് സംഘടിപ്പിച്ച മത പ്രചാരണ പരിപാടി യൂണിഫോമിൽ ചെന്ന് ഉദ്ഘാടനം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്. ലഹരി ബോധവൽകരണ പരിപാടിയാണ് നടന്നതെന്നും അത് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചതിൽ തെറ്റില്ലെന്നും കാണിച്ച് കണ്ണൂർ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് പ്രകാരമാണ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് കണ്ണൂർ യൂണിറ്റിൽ ഇൻസ്പെക്ടറായ ശ്രീജിത്ത് കൊടേരിക്കാണ് വിചിത്രമായ വാദമുയർത്തി സിറ്റി പൊലീസ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടിയാണെന്ന ശ്രീജിത്ത് കൊടേരിയുടെ വാദം അംഗീകരിച്ചുകൊണ്ട് തുടർനടപടികൾ ആവശ്യമില്ലെന്നാണ് സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എസിപി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പരിപാടി സംഘടിപ്പിച്ചത് കണ്ണൂർ പഴയ സ്റ്റാൻഡിലെ പൊലീസ് എയ്‌ഡ് പോസ്റ്റിലാണ്. പോലീസിന്റെ നിയന്ത്രണത്തിലുള്ള എയ്‌ഡ് പോസ്റ്റിൽ ബാനർ വലിച്ചുകെട്ടി ഇത്തരത്തിൽ മത – രാഷ്ട്രീയ പ്രചാരണം നടത്താൻ സാധിക്കില്ല. എന്നാൽ ഇക്കാര്യം സംബന്ധിച്ച് റിപ്പോർട്ടിൽ യാതൊരു പരാമർശവും ഇല്ല.
2025 ഏപ്രിൽ 17ന് കണ്ണൂർ നഗരത്തിൽ സംഘടിപ്പിച്ച ‘ധർമ സമര സംഗമം’ എന്ന പരിപാടിയാണ് ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്തത്. ഈ സമയത്ത് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ശ്രീജിത്ത് കൊടേരി ഔദ്യോഗിക യൂണിഫോമിലെത്തിയാണ് പരിപാടി ഉദ്‌ഘാടനം ചെയ്യുകയും സംസാരിക്കുകയും ചെയ്തത്. പരിപാടിയുടെ ഭാഗമായി വേദിയിൽ സ്ഥാപിച്ച ബാനറുകളിൽ ഒന്നും തന്നെ ഇത് ലഹരി വിരുദ്ധ പ്രചാരണ പരിപാടിയാണെന്ന് സൂചിപ്പിച്ചിട്ടില്ല. 2025 മെയ് 11ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കപ്പെട്ട വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡന്റ്സിന്റെ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് കണ്ണൂരിൽ ഇത്തരം ഒരു പരിപാടി നടന്നത്.
‘പുരോഗമനത്തെ പോസ്റ്റ്മോർട്ടം ചെയ്യുന്നു’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വച്ച് തന്നെ വിസ്‌ഡം ഒരു തെരുവ് സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന പരിപാടിയാണ് ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്തത്. നാടെങ്ങും ധാർമ്മിക സന്ദേശങ്ങൾ എത്തിക്കുക, മതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, ലൈംഗിക അരാജകത്വം, മതനിരാസം, ലഹരി തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ ബോധവൽക്കരണം നടത്തുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് വിസ്‌ഡം ‘ധർമ സമര സംഗമം’ എന്ന പരിപാടി സംഘടിപ്പിച്ചത്. പൂർണമായും മത – സംഘടനാ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള പരിപാടി ആയിരുന്നിട്ടും ഇതിലെ ലഹരി എന്ന ഭാഗം മാത്രം ഉയർത്തിക്കാണിച്ചാണ് ശ്രീജിത്ത് കൊടേരിക്ക് ക്ലീൻ ചിറ്റ് നൽകിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഇത്തരം ഒരു റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പരിപാടി നടന്നതിന്റെ അടുത്ത ദിവസം പുറത്തിറങ്ങിയ പത്രങ്ങളിൽ പ്രാദേശിക പേജുകളിൽ ഇത് സംബന്ധിച്ച വാർത്ത ഉണ്ടായിരുന്നു. സംഘടന നൽകിയ പത്രക്കുറിപ്പ് പ്രകാരം പ്രസിദ്ധീകരിക്കപ്പെട്ട വാർത്തകളിലും ഇത് ലഹരി വിരുദ്ധ പരിപാടിയാണെന്ന് പറയുന്നില്ല. ‘കേരളാ സ്റ്റുഡന്റസ് കോൺഫറൻസിന്റെ ഭാഗമായി വിസ്‌ഡം സ്റ്റുഡന്റസ് മണ്ഡലം സമിതി നടത്തുന്ന ധർമ സമര സംഗമ സന്ദേശ പ്രയാണം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം ടൗൺ സിഐ ശ്രീജിത്ത് കൊടേരി ഉദ്‌ഘാടനം ചെയ്തു’ എന്നാണ് വാർത്തകളിൽ പറയുന്നത്. ഇസ്ലാമിക പ്രഭാഷകൻ സിപി സലിം ആണ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത്. കൂടാതെ പ്രാദേശിക വിസ്‌ഡം നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

‘ലഹരിക്കെതിരെ ധർമ സമരസംഗമം’ എന്ന പേരിലാണ് പരിപാടി നടന്നതെന്നും പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ലഹരിക്കും മയക്കുമരുന്നിനുമെതിരെ യുവജനങ്ങൾക്ക് നിയമപരമായ കാര്യങ്ങൾ സന്ദേശമായി നൽകിയെന്നുമാണ് ശ്രീജിത്ത് കൊടേരി സ്‌പെഷ്യൽ ബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നത്. ലഹരിക്കെതിരായ ഗവണ്മെന്റിന്റെ സന്ദേശം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പകർന്നു നൽകാൻ ആ വേദി ഉപയോഗിച്ചെന്നാണ് ശ്രീജിത്തിന്റെ വിശദീകരണം. എന്നാൽ പരിപാടിയുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തുപോലും സംഘടന ‘ലഹരിക്കെതിരെ ധർമ സമരസംഗമം’ എന്ന വാചകം ഉപയോഗിച്ചിട്ടില്ല. ശ്രീജിത്തിന്റെ മൊഴിയിൽ പറയുന്നത് പോലെ പരിപാടിയിൽ പൊതുജനങ്ങളോ വിദ്യാർത്ഥികളോ പങ്കെടുത്തിട്ടില്ല. വിസ്‌ഡത്തിന്റെ ഇരുപതോളം മുതിർന്ന പ്രവർത്തകർ മാത്രമാണ് പങ്കെടുത്തത്. വിസ്‌ഡം മതപരമായ പ്രവർത്തനങ്ങൾ നടത്തുന്നതാണെന്ന് തന്റെ അന്വേഷണത്തിൽ മനസിലായില്ല എന്നും ശ്രീജിത്ത് കൊടേരി മൊഴിയിൽ പറയുന്നുണ്ട്.

‘ധർമസമരത്തിന്റെ വിദ്യാർത്ഥി കാലം – ധർമ സമര സംഗമം’ എന്ന പേരിൽ 2025 ഏപ്രിലിൽ സംസ്ഥാന വ്യാപകമായി വിസ്‌ഡം പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 2025 ഏപ്രിൽ 14ന് തൊടുപുഴ മാങ്ങാട്ട്കവല ബസ് സ്റ്റാന്ഡിൽ വച്ചാണ് ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരിയാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. വിസ്‌ഡത്തിന്റെ മുതിർന്ന നേതാക്കളായ ടികെ നിഷാദ് സലഫി, ഡോ. അബ്ദുള്ള ബാസിൽ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്തുടനീളം പ്രധാന കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ എല്ലാം തന്നെ വിസ്‌ഡവുമായി ചേർന്ന് പ്രവർത്തിക്കുന്ന മത പ്രഭാഷകരാണ് പ്രധാനമായും പങ്കെടുത്തത്.
വിദ്യാർത്ഥികൾക്കിടയിൽ മതപരമായ രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനും യുക്തിവാദികളെ വിമർശിച്ച് നടത്തുന്ന പരിപാടികൾ നടത്തുന്നതിലും ശ്രദ്ധിക്കപ്പെട്ട സംഘടനയാണ് വിസ്‌ഡം. 2025 സെപ്റ്റംബറിൽ കുസാറ്റിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വിസ്‌ഡം നടത്തിയ ഒരു പരിപാടിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ തുണി വലിച്ചുകെട്ടി മറച്ചത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.

മതപരമായ ഇടപെടലുകൾ കാരണം വിവാദത്തിലായ ഒരു സംഘടനയുടെ പരിപാടി ഇൻസ്‌പെക്‌ടർ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ യൂണിഫോം ധരിച്ച് ഉദ്‌ഘാടനം ചെയ്തത് പൊലീസ് ഉദ്യോഗസ്ഥരെ തന്നെ അമ്പരപ്പിച്ചിരുന്നു. യൂണിഫോം ധരിച്ചുകൊണ്ട് മത – രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് വിലക്കുണ്ടെന്നിരിക്കേയാണ് ശ്രീജിത്ത് കൊടേരിക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. യൂണിഫോം ധരിച്ചുകൊണ്ട് സംഘടനകളുടെ പരിപാടികളിൽ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്താൽ അത് പൊതുജങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനും സാധ്യതയുണ്ട്. ഏതൊക്കെ സന്ദർഭങ്ങളിലാണ് ഉദ്യോഗസ്ഥർ യൂണിഫോമിൽ പ്രത്യക്ഷപ്പെടേണ്ടത് എന്ന മാർഗനിർദേശങ്ങൾ ഉണ്ടായിട്ടും ശ്രീജിത്ത് കൊടേരിക്ക് അതൊന്നും തന്നെ ബാധകമാകുന്നില്ല.
ശ്രീജിത്ത് കൊടേരി വിവാദ നായകൻ
നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് കൊടേരി. പോലീസ് സ്റ്റേഷനിൽ വച്ച് ഒരു യുവതിയോട് മോശമായി പെരുമാറിയതിന് മനുഷ്യാവകാശ കമ്മീഷൻ ശ്രീജിത്തിനെതിരെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ശ്രീജിത്തിന്റെ ഇടപെടൽ സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ പ്രതിക്ക് അനുകൂലമായി ഇടപെട്ടുവെന്ന് ഹൈക്കോടതി വിമർശിച്ച അന്വേഷണസംഘത്തിലും ശ്രീജിത്ത് കൊടേരി ഉണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി ഡോ. എംകെ റാമിന്റെ അഭിഭാഷകൻ തന്നെയാണ് ശ്രീജിത്തിന് വേണ്ടി മറ്റൊരു കേസിൽ ഹാജരാവുന്നത് എന്ന വിവരവും പുറത്തുവന്നിരുന്നു. ഈ സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കണ്ണൂർ ടൗൺ എസ്എച്ച്ഒ ആയിരിക്കെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയ കച്ചവടക്കാരനിൽ നിന്നും ഉപഹാരം സ്വീകരിച്ച സംഭവം വിവാദമായിരുന്നു. ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും പരാതികളും ഉയർന്നിട്ടും ശ്രീജിത്തിന് ഉന്നതരുടെ സംരക്ഷണം ലഭിക്കുകയാണ്.




