റംഗ്പൂർ: ബംഗ്ലാദേശിലെ റംഗ്പൂരിൽ വിരമിച്ച അധ്യാപകനും ഭാര്യയും മകളും 12 വയസ്സുള്ള മകനും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്. വീടിന്റെ മേൽക്കൂരയിൽ അനധികൃത മയക്കുമരുന്നായ യാബ ഉപയോഗിച്ചുകൊണ്ടിരുന്ന യുവാക്കളെ കണ്ടതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
റംഗ്പൂർ സില്ലാ സ്കൂളിലെ വിരമിച്ച അധ്യാപകൻ ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ ആഗമി ചക്രവർത്തി പ്രാർത്ഥി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുഗ്ധോ, സിദ്ധാർഥ എന്നീ യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ബന്ധുക്കളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
റംഗ്പൂർ മെട്രോപൊളിറ്റൻ പൊലീസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, ഡിറ്റക്ടീവ് ബ്രാഞ്ച് എന്നിവ സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. കുടുംബത്തിന് ആരുമായും മുൻവൈരമോ തർക്കമോ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നതനുസരിച്ച് വ്യാഴാഴ്ച രാത്രി അയൽവീട്ടിൽനിന്ന് ഗണപതി ചക്രവർത്തിയുടെ വീടിന്റെ മേൽക്കൂരയിലേക്ക് എത്തിയ രണ്ട് യുവാക്കൾ അവിടെ യാബ ഉപയോഗിക്കുകയായിരുന്നു. മെത്താംഫെറ്റമിൻ അടങ്ങിയ ശക്തമായ അനധികൃത ലഹരിമരുന്നാണ് യാബ. മേൽക്കൂരയിൽനിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് ഗണപതി അവിടേക്ക് എത്തുകയും വീട്ടിൽ കയറിയതിനെക്കുറിച്ച് യുവാക്കളോട് ചോദിക്കുകയും ചെയ്തു. തങ്ങളെ തിരിച്ചറിയാൻ സാധ്യതയുണ്ടെന്ന് ഭയന്നാണ് പ്രതികൾ ഗണപതിയെ ആക്രമിച്ചതെന്നാണ് പൊലീസ് നിഗമനം. തോളിലുണ്ടായിരുന്ന തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറയുന്നു.
സംഘർഷത്തിന്റെ ശബ്ദം കേട്ട് ഭാര്യ പ്രീതിലതയും മേൽക്കൂരയിലേക്ക് എത്തി. തുടർന്ന് കോണിപ്പടിയിൽവെച്ച് തുണി ഉപയോഗിച്ച് അവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മകൾ ആഗമിയെയും മകൻ പ്രിയമിനെയും കൊലപ്പെടുത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി.
പ്രിയമിനെ കൊലപ്പെടുത്തിയതിന് പിന്നിലും പ്രത്യേക കാരണമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളിലൊരാളായ സിദ്ധാർഥിന്റെ ഇളയ സഹോദരൻ അപൂർവയുടെ സുഹൃത്തായിരുന്നു പ്രിയം. പ്രതികളെ തിരിച്ചറിയാനും വിവരങ്ങൾ പുറത്തുപറയാനും കുട്ടിക്ക് കഴിയുമെന്ന ആശങ്കയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
കുടുംബത്തെ കൊലപ്പെടുത്തിയ ഉടൻ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടില്ലെന്നതാണ് അന്വേഷണത്തിൽ കണ്ടെത്തിയ മറ്റൊരു നിർണായക വിവരം. ആറ് മുതൽ ഏഴ് മണിക്കൂറോളം ഇവർ വീട്ടിനുള്ളിൽ തന്നെ തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽനിന്ന് ലഭിച്ച തെളിവുകൾ പ്രതികൾ ലഹരിമരുന്ന് ഉപയോഗിച്ചതായും ഭക്ഷണം കഴിച്ചതായും സൂചിപ്പിക്കുന്നതായി റംഗ്പൂർ മെട്രോപൊളിറ്റൻ പൊലീസ് കമ്മീഷണർ മുഹമ്മദ് അബ്ദുൾ മാബുദ് പറഞ്ഞു. ഈന്തപ്പഴത്തിന്റെ കുരുവുകളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന വെള്ളരിക്ക കഴിച്ചതിന്റെ അവശിഷ്ടങ്ങളും അന്വേഷണ സംഘം കണ്ടെത്തി.
കൊലപാതകത്തിന് ശേഷം പ്രതികൾ വീട്ടിൽവെച്ച് കുളിച്ചതായും പൊലീസ് പറഞ്ഞു. തീയിൽ പരീക്ഷിച്ച വളകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ തെളിവുകളാണ് സംഭവത്തിൽ സ്വർണവുമായി ബന്ധപ്പെട്ട പരിചയമുള്ള ഒരാൾക്ക് പങ്കുണ്ടോയെന്ന സംശയത്തിലേക്ക് അന്വേഷണ സംഘത്തെ നയിച്ചതെന്നും പിന്നീട് മറ്റ് തെളിവുകൾ കൂടി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
പുലർച്ചെ കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതകം സമ്മതിച്ചതായി ഡിറ്റക്ടീവ് ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ സനാതൻ ചക്രവർത്തി പറഞ്ഞു. ഇരുവരെയും ഒരുമിച്ചും പ്രത്യേകം വേർതിരിച്ചും ചോദ്യം ചെയ്തതായും മൊഴികളിൽ പൊരുത്തമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, കൊലപാതകത്തിൽ ഉപയോഗിച്ച ആയുധം സംബന്ധിച്ചും മറ്റ് സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്. സംഭവത്തിന്റെ മുഴുവൻ പശ്ചാത്തലവും വ്യക്തമാക്കുന്നതിനായി പ്രതികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും പൊലീസ് പരിശോധിച്ചുവരികയാണ്.
കുടുംബത്തിലെ നാല് പേരുടെയും മൃതദേഹങ്ങൾ ശനിയാഴ്ച രാത്രി ഏകദേശം 11.30ഓടെയാണ് കണ്ടെത്തിയത്. റംഗ്പൂർ നഗരത്തിലെ ദാസ്പാര, മച്ചുവാപാര എന്നറിയപ്പെടുന്ന പ്രദേശത്തെ പൂട്ടിയിട്ട വീട്ടിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗണപതിയുടെ മൃതദേഹം വീടിന്റെ മേൽക്കൂരയിലും പ്രീതിലതയുടെയും ആഗമിയുടെയും മൃതദേഹങ്ങൾ കോണിപ്പടിയിലുമായിരുന്നു. പ്രിയമിന്റെ മൃതദേഹം വീടിനുള്ളിലെ കട്ടിലിനടിയിൽനിന്നാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ കുടുംബത്തിലെ നാല് പേരുടെയും മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നിയത്. പ്രീതിലതയുടെ സഹോദരി പൂജ ചക്രവർത്തി വ്യാഴാഴ്ച ഉച്ചയ്ക്കാണ് അവസാനമായി സഹോദരിയുമായി സംസാരിച്ചതെന്ന് പ്രാദേശിക മാധ്യമമായ ദ ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു.
കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതായതോടെ ശനിയാഴ്ച രാത്രി ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അടുത്തിടെയാണ് കുടുംബം പ്രദേശത്ത് പുതുതായി നിർമിച്ച മൂന്ന് നില വീട്ടിലേക്ക് താമസം മാറിയത്. ഗണപതി ചക്രവർത്തി കഴിഞ്ഞ ഡിസംബർ 31നാണ് റംഗ്പൂർ സില്ലാ സ്കൂളിൽനിന്ന് വിരമിച്ചത്. മകൾ ആഗമി ഈ വർഷം റംഗ്പൂർ കാർമൈക്കൽ കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു. മകൻ പ്രിയം റംഗ്പൂർ സില്ലാ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു.
കുടുംബം ഏകദേശം നാല് വർഷമായി പ്രദേശത്ത് താമസിച്ചുവരികയായിരുന്നുവെന്ന് നാട്ടുകാരനായ സുധാംശു ചന്ദ്ര ദാസ് പറഞ്ഞു. സൗഹൃദപരവും മാന്യവുമായ പെരുമാറ്റമായിരുന്നു ഗണപതിയുടേതെന്നും എന്നാൽ പ്രദേശത്ത് പുതുമുഖങ്ങളായതിനാൽ അധികം ആളുകളുമായി കുടുംബത്തിന് അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പ്രതികൾ കുടുംബത്തെ ലക്ഷ്യമിട്ടതിന്റെ കൂടുതൽ കാരണങ്ങളുണ്ടോയെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. കുടുംബവുമായി ബന്ധപ്പെട്ട മുൻവൈരമോ മറ്റ് തർക്കങ്ങളോ കണ്ടെത്താത്ത സാഹചര്യത്തിൽ പ്രതികളുടെ മൊഴികളും സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളും കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.





