ന്യൂഡൽഹി: ഉത്സവകാലം കൂടി അടുക്കുന്നതോടെ രാജ്യത്ത് പഞ്ചസാര വിലയിൽ റെക്കോർഡ് വർധന. ആവശ്യത്തിന് കരിമ്പ് ഉണ്ടായിട്ടും രാജ്യത്തെ പഞ്ചസാര വിപണിയിൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത് അസാധാരണമായ പ്രതിസന്ധിയാണ്. ഇതോടെ പതിറ്റാണ്ടുകളായി പഞ്ചസാര ഇറക്കുമതി ചെയ്യാതിരുന്ന രാജ്യം വീണ്ടും ആ വഴിക്ക് നീങ്ങേണ്ടുന്ന സ്ഥിതിയാണ്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യ, ബ്രസീലിന് പിന്നാലെ പ്രധാന പഞ്ചസാര കയറ്റുമതി രാജ്യവുമാണ്. ഇവിടെ നിന്നുമാണ് പഞ്ചസാര ഇറക്കുമതിയെന്ന സാഹചര്യത്തിലേക്ക് രാജ്യം നീങ്ങുന്നത്.
റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഞ്ചസാരയുടെ ഇറക്കുമതി തീരുവയിൽ വലിയ കുറവ് വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. നിലവിൽ പഞ്ചസാരയ്ക്ക് 100 ശതമാനം ഇറക്കുമതി തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ തീരുവ കുറയ്ക്കുന്നതിലൂടെ വിദേശത്തുനിന്നുള്ള പഞ്ചസാര ആഭ്യന്തര വിപണിയിലെത്തിക്കാനും ഉത്സവകാലത്ത് ഉണ്ടാകാനിടയുള്ള ക്ഷാമം ഒഴിവാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. രാജ്യത്ത് പഞ്ചസാര വില ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം വലിയ തോതിലുള്ള ഇറക്കുമതിക്ക് വഴിയൊരുക്കുന്ന തീരുമാനമായിരിക്കും ഇത്.
ഉത്സവകാലം അടുത്തെത്തിയതോടെയാണ് പ്രതിസന്ധിയുടെ ഗൗരവം വർധിക്കുന്നത്. ഗണേശ ചതുർഥി, ദസറ, ദീപാവലി തുടങ്ങിയ പ്രധാന ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യയിൽ മധുരപലഹാരങ്ങൾക്കും ബേക്കറി ഉൽപ്പന്നങ്ങൾക്കും മറ്റ് സംസ്കരിച്ച ഭക്ഷണങ്ങൾക്കും ആവശ്യകത കുത്തനെ ഉയരും. ഈ ഘട്ടത്തിൽ പഞ്ചസാര വിലയിൽ ഉണ്ടാകുന്ന വർധന ഉപഭോക്താക്കളുടെ അടുക്കളച്ചെലവിനൊപ്പം മധുരപലഹാരങ്ങൾ, ഭക്ഷ്യസംസ്കരണ വ്യവസായം തുടങ്ങിയ മേഖലകളുടെയും ചെലവ് ഉയർത്തും. അതുകൊണ്ടുതന്നെ പഞ്ചസാര ക്ഷാമം ഉത്സവകാല പണപ്പെരുപ്പമായി മാറുന്നത് തടയാനുള്ള നടപടികളിലാണ് കേന്ദ്രം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മഹാരാഷ്ട്രയിലെ പ്രധാന പഞ്ചസാര വ്യാപാര കേന്ദ്രമായ കോൽഹാപൂരിൽ ഓഗസ്റ്റ് ആരംഭം മുതൽ പഞ്ചസാരയുടെ മൊത്തവില ഏകദേശം 20 ശതമാനം ഉയർന്നു. 100 കിലോഗ്രാമിന് ₹5,350 എന്ന റെക്കോർഡ് നിലവാരത്തിലാണ് വില എത്തിയിരിക്കുന്നത്. ഉപഭോക്തൃകാര്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 18ന് രാജ്യത്തെ ശരാശരി ചില്ലറ പഞ്ചസാര വില കിലോഗ്രാമിന് ₹52.30 ആയിരുന്നു. ചില വിപണികളിൽ വില ഇതിലും ഉയർന്നിട്ടുണ്ട്. പഞ്ചാബിൽ കിലോഗ്രാമിന് ഏകദേശം ₹65 വരെ വില എത്തിയപ്പോൾ മുംബൈ, ഭോപ്പാൽ തുടങ്ങിയ നഗരങ്ങളിലെ ചില വിപണികളിൽ വില ₹58 മുതൽ ₹63 വരെയായി ഉയർന്നിട്ടുണ്ട്.
എന്നാൽ ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിൽ ഒരേയൊരു കാരണം മാത്രമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പഞ്ചസാര ഉൽപ്പാദനത്തിനായി ഉപയോഗിക്കേണ്ട കരിമ്പിന്റെ ഒരു ഭാഗം എഥനോൾ നിർമ്മാണത്തിലേക്ക് തിരിച്ചുവിടുന്നതാണ് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന E20 ലക്ഷ്യം കൈവരിക്കുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ എഥനോൾ ഉൽപ്പാദന ശേഷി വൻതോതിൽ വർധിപ്പിച്ചിരുന്നു. കരിമ്പിൽ നിന്നുള്ള ജ്യൂസ്, സിറപ്പ്, മൊളാസസ് തുടങ്ങിയവ എഥനോൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതോടെ പഞ്ചസാര ഉൽപ്പാദനത്തിലേക്ക് പോകുന്ന കരിമ്പിന്റെ അളവ് കുറയുന്നു.
രാജ്യത്തിന്റെ എഥനോൾ ഉൽപ്പാദന ശേഷി 2025 മധ്യത്തോടെ 499 കേന്ദ്രങ്ങളിലായി പ്രതിവർഷം ഏകദേശം 1,822 കോടി ലിറ്ററായി ഉയർന്നതായി ഓൾ ഇന്ത്യ ഡിസ്റ്റിലേഴ്സ് അസോസിയേഷൻ കണക്കുകൾ വ്യക്തമാക്കുന്നു. എഥനോളിനുള്ള അസംസ്കൃത വസ്തുക്കളിൽ ഏകദേശം 30 മുതൽ 35 ശതമാനം വരെ കരിമ്പിൽ നിന്നാണ് ലഭിക്കുന്നത്. ബാക്കി പ്രധാനമായും ചോളം, അരി തുടങ്ങിയവയിൽ നിന്നാണ്. അതിനാൽ എഥനോൾ ഉൽപ്പാദനത്തിന്റെ വർധന നേരിട്ട് പഞ്ചസാര ഉൽപ്പാദനത്തെ ബാധിക്കുന്നില്ലെന്ന വാദമുണ്ടെങ്കിലും, കരിമ്പിന്റെ ഉപയോഗത്തിൽ ഉണ്ടാകുന്ന മാറ്റം പഞ്ചസാര വിപണിയിലെ ലഭ്യതയെ ബാധിക്കുന്നുണ്ട്.
2025–26 കാലയളവിൽ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള പ്രധാന കരിമ്പ് ഉൽപ്പാദന മേഖലകളിൽ വിളരോഗം ബാധിച്ചതും പ്രതിസന്ധിക്ക് മറ്റൊരു കാരണമായി. കരിമ്പിന്റെ കൃഷിയിട വിസ്തൃതി വർധിച്ചിട്ടും ചില മേഖലകളിൽ കരിമ്പിൽനിന്ന് ലഭിക്കുന്ന പഞ്ചസാരയുടെ അളവ് കുറഞ്ഞു. അതിനാൽ കൃഷി ചെയ്യുന്ന കരിമ്പിന്റെ അളവ് മാത്രം കണക്കാക്കി രാജ്യത്ത് ആവശ്യത്തിന് പഞ്ചസാര ലഭ്യമാകുമെന്ന് ഉറപ്പാക്കാനാകില്ല. എത്ര കരിമ്പ് യഥാർഥത്തിൽ പഞ്ചസാരയാക്കുന്നു, എത്ര ഭാഗമാണ് എഥനോളിനായി മാറ്റിവയ്ക്കുന്നത് എന്നതും നിർണായകമാണ്.
പഞ്ചസാര വില ഉയർന്നതോടെ കേന്ദ്ര സർക്കാരിന്റെ മുൻകാല നയങ്ങളും ഇപ്പോൾ ചർച്ചയാകുകയാണ്. 2021–22ൽ ഇന്ത്യ 1.2 കോടി ടണ്ണിലേറെ പഞ്ചസാര കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ആഭ്യന്തര വില നിയന്ത്രിക്കാനും ലഭ്യത ഉറപ്പാക്കാനും കഴിഞ്ഞ ഏതാനും വർഷങ്ങളായി കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2025–26 സീസണിൽ ഏകദേശം 20 ലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യാനാണ് അനുമതി നൽകിയിരുന്നത്.
ഇതിനുപിന്നാലെ 2026 മേയ് 13 മുതൽ സെപ്റ്റംബർ 30 വരെ പഞ്ചസാര കയറ്റുമതി പൂർണമായി നിരോധിക്കുകയും ചെയ്തു. ആഭ്യന്തര വിപണിയിൽ ആവശ്യമായ സ്റ്റോക്ക് നിലനിർത്തുകയും വില നിയന്ത്രിക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ആഭ്യന്തര വില ഉയർന്നത് സർക്കാരിനെ കൂടുതൽ കടുത്ത നടപടികളിലേക്ക് നയിച്ചു. നിലവിലെ സാഹചര്യത്തിൽ വിദേശ പഞ്ചസാര രാജ്യത്തേക്ക് കൊണ്ടുവരാതെ വില നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്നാണ് വ്യാപാര മേഖലയിലെ വിലയിരുത്തൽ.
അതേസമയം, ഇറക്കുമതിക്ക് പുറമെ പഞ്ചസാരയുടെ സ്റ്റോക്ക് പരിധി ഏർപ്പെടുത്തുന്നതും കേന്ദ്രം പരിഗണിക്കുന്നുണ്ട്. വൻകിട വ്യാപാരികൾക്ക് കൈവശം സൂക്ഷിക്കാവുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ പൂഴ്ത്തിവെപ്പും കൃത്രിമ ക്ഷാമവും തടയാനാണ് ശ്രമം. എഥനോളിനായി മാറ്റിവയ്ക്കുന്ന കരിമ്പിന്റെ അളവ് കുറച്ച് പഞ്ചസാര ഉൽപ്പാദനത്തിന് മുൻഗണന നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
ഇതോടെ E20 പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചയും ശക്തമാകുകയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിയിലുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുക, വിദേശനാണ്യ ചെലവ് നിയന്ത്രിക്കുക, ഊർജസുരക്ഷ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എഥനോൾ മിശ്രിത ഇന്ധന പദ്ധതി നടപ്പാക്കിയത്. എന്നാൽ എഥനോളിനായി കരിമ്പ് മാറ്റിവയ്ക്കുന്നത് പഞ്ചസാര വില ഉയരാനും ഭക്ഷ്യവിലപ്പെരുപ്പത്തിനും കാരണമാകുന്നുവെങ്കിൽ ഇന്ധനസുരക്ഷയും ഭക്ഷ്യസുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ പുനഃപരിശോധിക്കേണ്ടിവരും.
പഞ്ചസാര വിലക്കയറ്റം ഇതിനകം രാഷ്ട്രീയ വിവാദത്തിനും കാരണമായിട്ടുണ്ട്. എഥനോൾ ഉൽപ്പാദനത്തിനായി കരിമ്പ് തിരിച്ചുവിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന ആരോപണം രാഷ്ട്രീയ വിഷയമായി മാറുകയാണ്. E20 നയം വേഗത്തിൽ നടപ്പാക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധിച്ചിരുന്ന ടീം ഭാരത സ്ഥാപകൻ തെഹ്സീൻ പൂനാവാല, കരിമ്പിന്റെ ഉപയോഗത്തിലെ മാറ്റം പഞ്ചസാര വില കുതിക്കാൻ കാരണമായെന്നും നയത്തിന്റെ ഗുണഭോക്താക്കളെക്കുറിച്ച് സർക്കാർ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഓഗസ്റ്റ് 22, 23 തീയതികളിൽ ഡൽഹിയിലെ ജന്തർമന്തറിൽ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധവും നിരാഹാര സമരവും നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി ഏതു രീതിയിലും മറികടക്കുക എന്നതാണ് കേന്ദ്രത്തിന്റെ നീക്കം. ഇറക്കുമതി തീരുവ കുറയ്ക്കുക, വിദേശത്തുനിന്ന് പഞ്ചസാര എത്തിക്കുക, വ്യാപാരികളുടെ സ്റ്റോക്ക് നിയന്ത്രിക്കുക, കയറ്റുമതി നിയന്ത്രണം തുടരുക തുടങ്ങിയ നടപടികളിലൂടെ ഉത്സവകാല വിലക്കയറ്റം നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യക്ക് മുന്നിലുള്ള ചോദ്യം കൂടുതൽ സങ്കീർണമാണ്. രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യാവശ്യത്തിനായി എത്ര പഞ്ചസാര ഉൽപ്പാദിപ്പിക്കണം? എഥനോൾ പദ്ധതിക്കായി എത്ര കരിമ്പ് മാറ്റിവയ്ക്കാം? ഊർജസുരക്ഷയ്ക്കായി സ്വീകരിക്കുന്ന നയം ഭക്ഷ്യവിലയെ എത്രമാത്രം ബാധിക്കാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് നിലവിലെ പ്രതിസന്ധിക്ക് സ്ഥിരമായ പരിഹാരം കണ്ടെത്തുന്നതിൽ നിർണായകം.
E20 പദ്ധതി ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കുമെന്നത് സർക്കാരിന്റെ പ്രധാന വാദമാണ്. പഞ്ചസാര കയറ്റുമതി കർഷകർക്ക് വിപണി ഉറപ്പാക്കുകയും രാജ്യത്തിന് വിദേശനാണ്യം നേടിക്കൊടുക്കുകയും ചെയ്യുന്നു. എന്നാൽ കരിമ്പ് എഥനോളിലേക്ക് കൂടുതലായി തിരിച്ചുവിടുമ്പോൾ പഞ്ചസാരയുടെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്താൽ അതിന്റെ പ്രത്യാഘാതം ഒടുവിൽ സാധാരണ കുടുംബങ്ങളുടെ അടുക്കളയിലെത്തും.




