ബീഹാറിലെ ബിജെപി അർബൻ കോട്ട തകരുന്നു; നഗര ജനതയ്ക്കിടയിലെ മോദീ പ്രഭാവം മങ്ങുന്നോ?

spot_img

പാട്നയുടെ ഹൃദയഭാഗത്ത് ബിജെപിയുടെ അർബൻ കോട്ട തകർത്തെറിഞ്ഞ് ജൻ സുരാജ് പാർട്ടി കൈവരിച്ച അട്ടിമറി വിജയം, ബിഹാർ രാഷ്ട്രീയത്തിൽ പുതിയൊരധ്യായത്തിന് തുടക്കം കുറിക്കുന്നതിനേക്കാൾ വലിയ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. മോദീ പ്രഭാവത്തിനും പരമ്പരാഗത ജാതി സമവാക്യങ്ങൾക്കും അപ്പുറത്തേക്ക് നഗര ജനതയുടെ രാഷ്ട്രീയ മനസ്സ് മാറുന്നതിന്റെ സൂചനയാണ് ബാങ്കിപ്പൂർ നൽകുന്നത്. പതിറ്റാണ്ടുകളായി ബിജെപിയുടെ ഉറച്ച രാഷ്ട്രീയ അടിത്തറയായി കണക്കാക്കപ്പെട്ടിരുന്ന നഗര മധ്യവർഗ വോട്ടുബാങ്കിൽ വിള്ളൽ വീഴുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ ഉപ തെരഞ്ഞെടുപ്പ് ഫലം .

ബിജെപിയെ കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിച്ച പ്രധാന ശക്തികളിലൊന്നായിരുന്നു അർബൻ വോട്ടർമാർ. രാജ്യത്തെ അതിവേഗം വളരുന്ന നഗരങ്ങളിൽ നിന്നുള്ള ഉയർന്ന സാക്ഷരതയുള്ള മിഡിൽ ക്ലാസ്, പ്രൊഫഷണലുകൾ, ചെറുകിട-ഇടത്തരം വ്യാപാരികൾ, സംരംഭകർ, വിദ്യാഭ്യാസമുള്ള യുവാക്കൾ – ഇവരിൽ വലിയൊരു വിഭാഗമാണ് ബിജെപിയുടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്തിയത്. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം സൃഷ്ടിക്കപ്പെടുന്നത് തന്നെ ഇവരിലൂടെയാണ്.

എന്നാൽ ബാങ്കിപ്പൂർ മറ്റൊരു കഥയാണ് പറയുന്നത്. കഴിഞ്ഞ മുപ്പതിലധികം വർഷങ്ങളായി ബിജെപിയുടെ മാറ്റമില്ലാത്ത ഉരുക്കുകോട്ടയായി നിലനിന്നിരുന്ന മണ്ഡലമാണ് ബാങ്കിപ്പൂർ. താമര ചിഹ്നത്തിൽ ആര് മത്സരിച്ചാലും ജയിച്ചുകയറാൻ സാധിക്കുന്ന മണ്ഡലം. പാർട്ടി ദേശീയ ഭാരവാഹിയും അഞ്ച് തവണ എംഎൽഎയുമായിരുന്ന നിതിൻ നബീൻ ഒഴിച്ചിട്ട സീറ്റിലാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനിൽ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ പ്രശാന്ത് കിഷോർ ഇപ്പോൾ വിജയം നേടിയത്. ബിജെപിയുടെ പരമ്പരാഗത നഗര വോട്ടുബാങ്കിൽ നിന്നുതന്നെ ഒരു പുതിയ രാഷ്ട്രീയ ശക്തിക്ക് പിന്തുണ ലഭിച്ചതാണ് ഈ ഫലത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം.

അർബൻ ഇന്ത്യ ബിജെപിയെ കൈവിടുകയാണോ?

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ നഗര വോട്ടർമാരുടെ പങ്ക് നിർണായകമാണ്. 2014ന് ശേഷം മോദിയുടെ നേതൃത്വത്തിൽ ബിജെപി ദേശീയ തലത്തിൽ നേടിയ മുന്നേറ്റത്തിൽ നഗര മധ്യവർഗത്തിന്റെ പിന്തുണയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. കോൺഗ്രസിനെയും മറ്റ് പരമ്പരാഗത പാർട്ടികളെയും അപേക്ഷിച്ച് ശക്തമായ ഭരണവും വികസനവും അഴിമതിക്കെതിരായ നിലപാടും സാമ്പത്തിക വളർച്ചയും വാഗ്ദാനം ചെയ്ത പാർട്ടിയായി ബിജെപി സ്വയം അവതരിപ്പിച്ചു. നഗരങ്ങളിലെ യുവാക്കൾക്കും മധ്യവർഗത്തിനും മോദി വലിയ പ്രതീക്ഷ നൽകിയിരുന്നു.

എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ബിജെപി ഭരണത്തിന് ശേഷം ഈ വിഭാഗത്തിന്റെ രാഷ്ട്രീയ മുൻഗണനകളിൽ മാറ്റം സംഭവിക്കുകയാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെക്കാൾ തൊഴിൽ, വിദ്യാഭ്യാസം, പരീക്ഷാ ക്രമക്കേടുകൾ, വിലക്കയറ്റം, നഗര അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക സുരക്ഷ, ഭരണത്തിലെ സുതാര്യത തുടങ്ങിയ വിഷയങ്ങൾക്ക് നഗര ജനത പ്രാധാന്യം നൽകുകയാണ് എന്ന് തന്നെ വേണം മനസിലാക്കാൻ. ബിജെപിയുടെ പരമ്പരാഗത അർബൻ വോട്ടർ ഇനി ഹിന്ദുത്വ – തീവ്ര ദേശീയതാ മുദ്രാവാക്യങ്ങൾ മാത്രം കേട്ട് വോട്ട് ചെയ്യുന്നില്ലെങ്കിൽ, അത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. സ്വന്തം ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനമാക്കുന്ന ഒരു പുതിയ നഗര വോട്ടർ രൂപപ്പെടുകയാണെങ്കിൽ, ബിജെപിയുടെ പഴയ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പൂർണമായും പാളും.

മോദീ പ്രഭാവത്തിന് അപ്പുറത്തേക്ക് ഒരു തലമുറ

2014ൽ ബിജെപിക്ക് പിന്തുണ നൽകിയ നഗര യുവാക്കളിൽ വലിയൊരു വിഭാഗം ഇന്ന് മറ്റൊരു ജീവിതഘട്ടത്തിലാണ്. അന്ന് അവർക്ക് വികസനവും ശക്തമായ നേതൃത്വവും പ്രതീക്ഷയുമായിരുന്നു പ്രധാന വിഷയങ്ങൾ. ഇന്ന് അവരുടെ മുന്നിലുള്ളത് തൊഴിലില്ലായ്മ, മത്സരപരീക്ഷകളിലെ അനിശ്ചിതത്വം, ഉയർന്ന വിദ്യാഭ്യാസ ചെലവ്, ഭവനവില, ജീവിതച്ചെലവ്, ജോലി സുരക്ഷ എന്നിവയാണ്. അതിനാൽ തന്നെ അവരുടെ രാഷ്ട്രീയ മുൻഗണനകളും മാറുകയാണ്.

ഒരു യുവാവ് തന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ, ഹിന്ദുത്വ രാഷ്ട്രീയത്തെക്കാൾ പ്രധാനമാകുന്നത് ജോലി ലഭിക്കുമോ എന്ന ചോദ്യമാണ്. ഒരു മധ്യവർഗ കുടുംബത്തിന് വിലക്കയറ്റം നേരിടേണ്ടിവരുമ്പോൾ, വലിയ അടിസ്ഥാന സൗകര്യ പദ്ധതികളേക്കാൾ അടിയന്തരമാകുന്നത് മാസാവസാനം കുടുംബ ബജറ്റ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ്. ഒരു വിദ്യാർഥിക്ക് വർഷങ്ങളോളം തയ്യാറെടുത്ത പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുപോകുമ്പോൾ, രാഷ്ട്രീയ ചർച്ച മതത്തിന്റെയും ജാതിയുടെയും പരിധിക്കപ്പുറത്തേക്ക് മാറുകയാണ്. ഇതാണ് മോദിയുടെ പഴയ പ്രതാപത്തിന് മങ്ങലേൽപ്പിക്കുന്നത്. മോദിയുടെ ചിത്രം ഉപയോഗിച്ച് ഏതു തെരഞ്ഞെടുപ്പിൽ നിന്നാലും മറ്റൊരു രാഷ്ട്രീയവും പറഞ്ഞില്ലെങ്കിലും വോട്ട് വീഴും എന്ന ബിജെപിയുടെ ആത്മവിശ്വാസത്തിന് തിരിച്ചടി കിട്ടുകയാണ്.

‘കോക്രോച്ച് ജനതാ പാർട്ടിയും’ മാറുന്ന അർബൻ യുവത്വവും

ഇന്ത്യയിലെ നഗര മധ്യവർഗത്തിന്റെയും വിദ്യാഭ്യാസമുള്ള യുവജനങ്ങളുടെയും രാഷ്ട്രീയ മനോഭാവം മനസ്സിലാക്കാൻ അടുത്ത കാലത്ത് ഉയർന്നുവന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന കൂട്ടായ്മയിലേക്കും അവർ ഉയർത്തുന്ന രാഷ്ട്രീയത്തിലേക്കും മാത്രം നോക്കിയാൽ മതി. മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ, പേപ്പർ ചോർച്ച, തൊഴിലില്ലായ്മ, വിദ്യാഭ്യാസ സംവിധാനത്തിലെ പ്രശ്നങ്ങൾ എന്നിവക്കെതിരെ ഉയർന്നുവന്ന സിജെപി പ്രക്ഷോഭം രാജ്യത്തെ ജെൻ സി തലമുറയുടെ തന്നെ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ വിളിച്ചുപറയലാണ്.

CJP പോലുള്ള യുവജന പ്രക്ഷോഭങ്ങളിൽ കാണപ്പെടുന്ന പ്രധാന സവിശേഷത, അതിലെ അർബൻ യുവജനങ്ങളുടെ പങ്കാളിത്തമാണ്. നഗരങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾ, ഡിജിറ്റൽ ലോകത്ത് സജീവമായ വിദ്യാഭ്യാസമുള്ള തലമുറ, ജോലി തേടുന്ന മധ്യവർഗ യുവത്വം – ഇവരെയാണ് ഡൽഹിയിലെ സമരമുഖത്ത് കണ്ടത്ത്. പരമ്പരാഗതമായി ബിജെപിക്ക് വോട്ട് ചെയ്യുന്ന അർബൻ കുടുംബങ്ങളിലെ പുതിയ തലമുറയാണ് ഇവരിലെ വലിയൊരു വിഭാഗവും. ഇതാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശങ്കയുണർത്തുന്ന കാര്യം.

ഒരുകാലത്ത് ബിജെപിയുടെ ഏറ്റവും സ്വാഭാവിക പിന്തുണാ വിഭാഗമായി കണക്കാക്കപ്പെട്ടിരുന്ന നഗര യുവജനങ്ങളിൽ തന്നെ രാഷ്ട്രീയ അസംതൃപ്തി വളരുന്നുണ്ടോ എന്ന ചോദ്യമാണ് ഇത്തരം പ്രക്ഷോഭങ്ങൾ ഉയർത്തുന്നത്. തെരുവിലെ പ്രതിഷേധം എല്ലായ്‌പ്പോഴും അതേ നിലയിൽ വോട്ടിങ്ങിൽ പ്രതിഫലിക്കണമെന്നില്ല. പക്ഷേ പ്രതിഷേധിക്കുന്ന യുവാവ് ഒരു വോട്ടറാണ്. അയാളുടെ കുടുംബവും ഒരു വോട്ടർ സമൂഹമാണ്. അത് ബിജെപിക്ക് തലവേദനയാകുമെന്നത് ഉറപ്പാണ്. ബാങ്കിപ്പൂർ പോലുള്ള അർബൻ മണ്ഡലങ്ങൾ ബിജെപിയെ കൈവിടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ അത് വലിയ രാഷ്ട്രീയ ചർച്ചയാകുന്നത് ഇക്കാരണങ്ങളാലാണ്.

മോദിയെ മാത്രം മതിയാകാത്ത നഗര വോട്ടർ

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന തന്ത്രങ്ങളിലൊന്ന് മോദിയെ അവതരിപ്പിക്കൽ ആയിരുന്നു. സംസ്ഥാനഭരണം പിടിക്കാൻ പോലും പ്രാദേശിക വിഷയങ്ങളേക്കാൾ ‘ഡബിൾ എൻജിൻ സർക്കാർ’ എന്ന മുദ്രാവാക്യമാണ് മുഴക്കിയത്. അതായത് ബിജെപിയുടെ പ്രധാന ‘എൻജിൻ’ മോദിയാണ് എന്ന പ്രഖാപനമാണ്. മോദിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് സ്ഥാനാർഥിയുടെ വ്യക്തിപരമായ പ്രകടനത്തെ മറികടന്നുകൊണ്ട് വിജയിക്കാൻ കഴിഞ്ഞത്. എന്നാൽ നഗര വോട്ടർമാരുടെ ഒരു വിഭാഗം ഇപ്പോൾ ഈ മാതൃകയിൽ നിന്ന് മാറുകയാണെങ്കിൽ, അത് ബിജെപിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകളെ ബാധിക്കും. കാരണം നഗര ഇന്ത്യയിൽ രാഷ്ട്രീയ ബോധം വേഗത്തിൽ മാറുകയാണ്.

നഗരത്തിലെ റോഡിലെ കുഴി, മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്, മഴക്കാലത്തെ വെള്ളക്കെട്ട്, വർധിക്കുന്ന വാടക, തൊഴിൽ നഷ്ടപ്പെടുമെന്ന ഭയം, പരീക്ഷാ ക്രമക്കേട്, ആശുപത്രിയിലെ ചെലവ് തുടങ്ങിയ ദൈനംദിന പ്രശ്നങ്ങൾ എല്ലാം രാഷ്ട്രീയ വിഷയങ്ങളായി മാറുന്നു. സോഷ്യൽ മീഡിയ ഇത്തരം വിഷയങ്ങളെ വളരെ വേഗത്തിൽ പ്രചരിപ്പിച്ചു. ഈ വിഷയങ്ങൾക്ക് മറുപടി പറയാതെ മറ്റൊരു രാഷ്ട്രീയം പറയാൻ കഴിയാത്ത സ്ഥിതിയിലേക്ക് ബിജെപി നീങ്ങുകയാണ്.

കോൺഗ്രസിനെ വേണ്ട, സാധ്യത പുതിയ രാഷ്ട്രീയത്തിന്

ബിജെപിക്ക് ഒരു ബദൽ ആയി കോൺഗ്രസിനെയോ സമാന പ്രതിപക്ഷ പാർട്ടികളെയോ തെരഞ്ഞെടുക്കാൻ താല്പര്യമില്ല എന്നതിന്റെ സൂചനയാണ് പ്രശാന്ത് കിഷോറിന്റെ വിജയം. ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വാക്കുകളേക്കാൾ പ്രാധാന്യം ലഭിച്ചത് അഭിജിത് ദീപ്‌കേ എന്ന ഒരു വിദ്യാർത്ഥിയുടെ നേതൃത്വത്തിനായിരുന്നു. ഇന്ത്യയിലെ നഗര മധ്യവർഗത്തിന് ബിജെപി അല്ലെങ്കിൽ കോൺഗ്രസ് എന്ന ഓപ്‌ഷനുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ രണ്ട് ധ്രുവങ്ങളോടും ഒരുപോലെ അസംതൃപ്തരായ ഒരു വിഭാഗം ഇപ്പോൾ വളരുകയാണ്.

അതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബാങ്കിപ്പൂരിലെ വിജയം ഈ നിലയ്ക്ക് കൂടി വിലയിരുത്തേണ്ടതുണ്ട്. ബിജെപി വിരുദ്ധ രാഷ്ട്രീയം നഗരങ്ങളിൽ ശക്തിപ്രാപിക്കുന്നു എന്നതിൽ കോൺഗ്രസിന് സന്തോഷിക്കാൻ വകയില്ല. ബിജെപിക്കൊപ്പം രാഷ്ട്രീയ തിരിച്ചടികൾ ലഭിക്കുന്നത് കോൺഗ്രസിന് കൂടിയാണ്.

Hot this week

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

കനത്ത മഴയിലും പ്രളയത്തിലും കേരളം വീണ്ടുമൊരു അതിജീവനത്തിന്റെ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ...

അക്വാപ്ലാനിങ് എന്ന വില്ലൻ: കനത്ത മഴയിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

കേരളത്തിൽ കാലവർഷവും കനത്ത മഴയും കനക്കുമ്പോൾ റോഡുകളിൽ അപകടങ്ങൾ അസാധാരണമായി വർധിക്കാറുണ്ട്....

ജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വിവിധ സർക്കാർ വകുപ്പുകളുടെ...

ട്രെയിൻ ടിക്കറ്റില്ല, വിമാന നിരക്ക് കുതിക്കുന്നു; ഓണത്തിന് നാട്ടിലെത്താൻ ഡൽഹി മലയാളികൾക്ക് കടമ്പകൾ

ന്യൂഡൽഹി: ഓണം അടുത്തെത്തിയതോടെ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര മലയാളി കുടുംബങ്ങൾക്ക്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എൻടിഎ; 7.5 കോടിയുടെ ടെൻഡർ

ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെയും സിജെപി പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ...

Topics

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; വിരുന്നുകളിലും ഉദ്ഘാടനങ്ങളിലും അഭിരമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

കനത്ത മഴയിലും പ്രളയത്തിലും കേരളം വീണ്ടുമൊരു അതിജീവനത്തിന്റെ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ...

അക്വാപ്ലാനിങ് എന്ന വില്ലൻ: കനത്ത മഴയിൽ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

കേരളത്തിൽ കാലവർഷവും കനത്ത മഴയും കനക്കുമ്പോൾ റോഡുകളിൽ അപകടങ്ങൾ അസാധാരണമായി വർധിക്കാറുണ്ട്....

ജലീബ് അൽ ഷുയൂഖിൽ വ്യാപക സുരക്ഷാ പരിശോധന; 1253 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വിവിധ സർക്കാർ വകുപ്പുകളുടെ...

ട്രെയിൻ ടിക്കറ്റില്ല, വിമാന നിരക്ക് കുതിക്കുന്നു; ഓണത്തിന് നാട്ടിലെത്താൻ ഡൽഹി മലയാളികൾക്ക് കടമ്പകൾ

ന്യൂഡൽഹി: ഓണം അടുത്തെത്തിയതോടെ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര മലയാളി കുടുംബങ്ങൾക്ക്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ എൻടിഎ; 7.5 കോടിയുടെ ടെൻഡർ

ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെയും സിജെപി പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ...

ഇറാനെതിരായ ആക്രമണം തൽക്കാലം ഒഴിവാക്കിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കൽ ഉൾപ്പെടെ കരാർ ചർച്ചയിലെന്ന് അവകാശവാദം

വാഷിങ്ടൺ: ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണം തൽക്കാലം ഒഴിവാക്കിയതായി യുഎസ് പ്രസിഡന്റ്...

മുന്നറിയിപ്പിൽ വീഴ്ചയില്ലെന്ന് കാലാവസ്ഥാ വകുപ്പ്; അതിതീവ്രമഴയിലും ഓറഞ്ച് അലർട്ട് മാത്രം നൽകിയതിൽ വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശനഷ്ടവും ദുരിതവും വിതച്ച മഴയിൽ കാലാവസ്ഥാ മുന്നറിയിപ്പ്...

ഓപ്പറേഷൻ തൂഫാൻ; ആദ്യ മാസത്തിൽ കൂടിയ അളവിൽ ലഹരി വസ്തുക്കൾ പിടികൂടിയത് 39 കേസുകളിൽ മാത്രം!

കേരളത്തിലെ ലഹരി വിതരണക്കാരെയും അന്തർസംസ്ഥാന മയക്ക് മരുന്ന് മാഫിയകളേയും ലക്ഷ്യമിട്ട് കൊണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img