ന്യൂഡൽഹി: നഗരത്തിലെ പേയിങ് ഗസ്റ്റ് താമസകേന്ദ്രങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാറിന്റെ നീക്കം. സൗത്ത് ഡൽഹിയിലെ സത്യനികേതനിൽ അഞ്ച് വിദ്യാർത്ഥികളും രണ്ട് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേരുടെ മരണത്തിന് ഇടയാക്കിയ പി.ജി കെട്ടിട അപകടത്തിന് പിന്നാലെയാണ് പുതിയ നിയമ നിർമ്മാണത്തിന് ഡൽഹി സർക്കാർ ഒരുങ്ങുന്നത്. പേയിങ് ഗസ്റ്റ് താമസകേന്ദ്രങ്ങളെ പൂർണമായും നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാക്കാനാണ് ‘പേയിങ് ഗസ്റ്റ് അക്കോമഡേഷൻ റെഗുലേഷൻ ആന്റ് വെൽഫെയർ ബിൽ’ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് കാമ്പസിന് സമീപമുള്ള പ്രധാന വാണിജ്യ കേന്ദ്രമായ സത്യനികേതനിൽ ആൺകുട്ടികളുടെ പി.ജി പ്രവർത്തിച്ചിരുന്ന അഞ്ചു നില കെട്ടിടം ബേസ്മെന്റിലെ അറ്റകുറ്റപ്പണികൾക്കിടെയാണ് പെട്ടെന്ന് തകർന്നു വീണത്. എൻഡിആർഎഫ്, ഡൽഹി പോലീസ്, അഗ്നിശമന സേന എന്നിവരുടെ നേതൃത്വത്തിൽ 27 മണിക്കൂർ നീണ്ട സങ്കീർണ്ണമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 പേരെ പുറത്തെടുക്കാനായത്. എന്നാൽ ഏഴു പേരുടെ ജീവൻ പൊലിയുകയായിരുന്നു. സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സർക്കാർ സംവിധാങ്ങൾക്ക് നേരെ വലിയ വിമർശനമാണ് ഉയർന്നത്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും പ്രധാന കേന്ദ്രങ്ങളായ മുഖർജി നഗർ, ലക്ഷ്മി നഗർ, രാജേന്ദ്ര നഗർ, നോർത്ത് കാമ്പസ് തുടങ്ങിയ പ്രദേശങ്ങളിലെ പി.ജികളെ പൂർണ്ണമായും ഔദ്യോഗിക നിയമസംവിധാനത്തിന്റെ പരിധിയിൽ കൊണ്ടു വരാൻ ഡൽഹി സർക്കാർ പുതിയ നിയമനിർമാണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നഗരത്തിൽ പ്രവർത്തിക്കുന്ന ഓരോ പി.ജി കേന്ദ്രവും മൂന്നു മാസത്തിനകം ബന്ധപ്പെട്ട സോണിംഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുകയും ഔദ്യോഗിക പ്രവർത്തന ലൈസൻസ് കരസ്ഥമാക്കുകയും വേണം. ഈ ലൈസൻസിനായി ഡൽഹി പോലീസ്, മുനിസിപ്പൽ കോർപ്പറേഷൻ, പ്രാദേശിക ഭരണകൂടം എന്നിവയിൽ നിന്നുള്ള എൻ.ഒ.സി നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്. അംഗീകാരം ലഭിക്കുന്ന ഓരോ പി.ജി സ്ഥാപനത്തിനും ‘യുണീക് പേയിങ് ഗസ്റ്റ് രജിസ്ട്രേഷൻ നമ്പർ’ അനുവദിക്കുകയും ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ ഏകജാലക ഡിജിറ്റൽ സംവിധാനത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും.
വാടകക്കാരായ വിദ്യാർത്ഥികളിൽ നിന്ന് പി.ജി ഉടമകൾ തോന്നിയതുപോലെ അമിതമായ തുക ഈടാക്കുന്നതും ഭീമമായ മുൻകൂർ ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നതും തടയാൻ പുതിയ നിയമത്തിൽ കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വാടക നിരക്കുകൾ നിശ്ചയിക്കുന്നതിനായി പ്രത്യേക റെന്റ് റെഗുലേഷൻ കമ്മിറ്റി രൂപീകരിക്കുകയും പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് വാടക പരിധികൾ നിശ്ചയിക്കുകയും ചെയ്യും. ഇതനുസരിച്ച് പരമാവധി മൂന്ന് മാസത്തെ വാടകയിൽ കൂടുതൽ തുക സെക്യൂരിറ്റി ഡെപ്പോസിറ്റായോ മുൻകൂർ പണമായോ വാങ്ങാൻ ഉടമസ്ഥർക്ക് അവകാശമുണ്ടായിരിക്കില്ല. കൂടാതെ, താമസം ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഒരു മാസം മുൻപ് നോട്ടീസ് നൽകണമെന്ന വ്യവസ്ഥയും ഇതിലുണ്ട്. ലിംഗഭേദം, ജാതി, മതം, അല്ലെങ്കിൽ ജനിച്ച സംസ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിൽ താമസക്കാരിൽ നിന്ന് വ്യത്യസ്ത വാടക ഈടാക്കുന്നത് പുതിയ നിയമപ്രകാരം പൂർണ്ണമായും കുറ്റകരമാണ്.
വിദ്യാർത്ഥികളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പി.ജി കേന്ദ്രങ്ങളിലെ പ്രവേശന കവാടങ്ങളിലും പൊതു ഇടങ്ങളിലും സി.സി.ടി.വി ക്യാമറകൾ നിർബന്ധമാക്കും. ഇതിലെ ദൃശ്യങ്ങൾ കുറഞ്ഞത് 30 ദിവസത്തേക്കെങ്കിലും സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്. 15-ൽ കൂടുതൽ വിദ്യാർത്ഥികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ രാത്രികാല സുരക്ഷയ്ക്കായി ഗാർഡുമാരെ നിയമിക്കേണ്ടതും നിർബന്ധമാണ്. ഇതിനുപുറമെ, സന്ദർശകരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുകയും പി.ജി സ്ഥാപനത്തിന്റെ 500 മീറ്റർ ചുറ്റളവിൽ ഒരു വാർഡന്റെ സേവനം എപ്പോഴും ലഭ്യമാക്കുകയും വേണം. ഈ സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രത്യേക സംവിധാനമൊരുക്കും.
വിദ്യാർത്ഥികൾക്ക് പി.ജി തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കുന്നതിനായി ‘GovPG’ എന്ന പേരിൽ ഒരു ഡിജിറ്റൽ പോർട്ടൽ ആരംഭിക്കാനും സർക്കാർ നിർദ്ദേശമുണ്ട്. സർക്കാർ അംഗീകാരമുള്ള എല്ലാ പി.ജി താമസകേന്ദ്രങ്ങളുടെയും പട്ടിക, വാടക, ലഭ്യമായ സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ പോർട്ടലിൽ സുതാര്യമായി ലഭ്യമാക്കും. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പേരുകൾ വെളിപ്പെടുത്താതെ തന്നെ പരാതികൾ രേഖപ്പെടുത്താനുള്ള അവസരവും ഇതിലുണ്ടാകും. കൂടാതെ, ഓരോ പി.ജിയുടെയും സേവന നിലവാരം അടിസ്ഥാനമാക്കി പ്രത്യേക ‘കോംപ്ലയൻസ് റേറ്റിംഗ്’ നൽകുന്നതിലൂടെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ താമസസ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.
പുതിയ നിയമപ്രകാരം രൂപീകരിക്കുന്ന ഇൻസ്റ്റിറ്റ്യൂഷണൽ അക്കോമഡേഷൻ കമ്മിറ്റി പി.ജി സ്ഥാപനങ്ങളുടെ ദൈനംദിന നിരീക്ഷണത്തിന് ചുക്കാൻ പിടിക്കും. അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, പോലീസ്, മുനിസിപ്പൽ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഈ സമഗ്ര സമിതി ഓരോ മൂന്നു മാസത്തിലും പി.ജി കേന്ദ്രങ്ങളിൽ നേരിട്ടെത്തി പരിശോധനകൾ നടത്തും. താമസക്കാരും ഉടമകളും തമ്മിൽ ഉണ്ടാകുന്ന തർക്കങ്ങളിലോ പരാതികളിലോ 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അന്തിമ തീർപ്പുണ്ടാക്കണമെന്നും കരട് നിയമത്തിൽ കൃത്യമായി നിർദ്ദേശിക്കുന്നുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ നിയമങ്ങളും കൃത്യമായി പാലിക്കുന്ന പി.ജി ഉടമകൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകാനും പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്. തുടർച്ചയായി രണ്ട് വർഷം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വസ്തു നികുതിയിൽ ഇളവുകൾ, ബാങ്ക് വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള സഹായം, കൂടാതെ “സെർട്ടിഫൈഡ് സ്റ്റുഡന്റ്-ഫ്രണ്ട്ലി പി.ജി” എന്ന അംഗീകൃത ബാഡ്ജ് എന്നിവ നൽകും. ഇതിനുപുറമെ, മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ജി.എസ്.ടി ഇളവുകൾ നൽകുന്ന കാര്യത്തിൽ നിർദ്ദേശം സമർപ്പിക്കാൻ ജി.എസ്.ടി കൗൺസിലിനോട് അഭ്യർത്ഥിക്കാനും തീരുമാനമായിട്ടുണ്ട്.
ഡൽഹിയിലെ പേയിങ് ഗസ്റ്റ് താമസസ്ഥലങ്ങളുടെ ഗുരുതരമായ അവസ്ഥകൾ വെളിവാക്കുന്ന നിരവധി സംഭവങ്ങളാണ് കാലത്തിനുള്ളിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2024-ൽ ഓൾഡ് രാജേന്ദ്ര നഗറിലെ ബേസ്മെന്റിൽ നടന്ന ദുരന്തം, മുഖർജി നഗറിലെ പി.ജികളിൽ റിപ്പോർട്ട് ചെയ്ത തീപിടുത്തങ്ങളും സുരക്ഷാ വീഴ്ചകളും, രഹസ്യ ക്യാമറകൾ, ലൈംഗിക അതിക്രമങ്ങൾ, അന്യായമായ വൈദ്യുതി ചാർജ് ഈടാക്കൽ എന്നിവയൊക്കെ വിദ്യാർത്ഥികളുടെ സുരക്ഷ വലിയ ചോദ്യചിഹ്നമാക്കിയിരുന്നു. എന്നാൽ, ചെറുകിട അസംഘടിത സ്ഥാപനങ്ങളെ ഈ നിയമസംവിധാനത്തിന് കീഴിൽ കൊണ്ടുവരിക, വിവിധ വകുപ്പുകളിൽ നിന്ന് സമയബന്ധിതമായി എൻ.ഒ.സി ലഭ്യമാക്കുക, വാടക നിരക്കുകൾ ശാസ്ത്രീയമായി നിർണ്ണയിക്കുക തുടങ്ങിയ പ്രയോഗിക വെല്ലുവിളികളെ മറികടന്നാൽ മാത്രമേ ഈ പുതിയനിയമം കൊണ്ട് വിദ്യാർത്ഥികൾക്ക് പ്രയോജനമുണ്ടാവുകയുള്ളൂ.
സത്യനികേതനിൽ നടപടി തുടരുന്നു
സത്യനികേതൻ അപകടത്തിന് കാരണക്കാരായ കെട്ടിട ഉടമകളടക്കമുള്ളവർക്കെതിരെ ഡൽഹി പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ ഹരി റാം ഗുപ്ത, അദ്ദേഹത്തിന്റെ ഭാര്യ ഉർമിള ഗുപ്ത, മകൻ മഹേഷ് ഗുപ്ത, ലേബർ കോൺട്രാക്ടറായ സനോജ്, പി.ജി ഓപ്പറേറ്ററായ സുധാൻഷു എന്നിവർ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പി.ജി ഓപ്പറേറ്ററായ ശുഭം ത്യാഗി ഇപ്പോഴും ഒളിവിലാണ്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, മുൻകരുതൽ നടപടിയുടെ ഭാഗമായി അപകടത്തിൽപ്പെട്ട കെട്ടിടത്തിന് തൊട്ടടുത്തുള്ള മറ്റ് പി.ജി കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും അവയുടെ വിള്ളലുകളും അസ്ഥിരതയും പരിശോധിച്ച ശേഷം ഘട്ടങ്ങളായി പൊളിച്ചുനീക്കാൻ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി നടപടി ആരംഭിക്കുകയും ചെയ്തു. സുരക്ഷാ ഭീഷണിയുള്ള ഈ അനധികൃത നിർമ്മിതികളുടെ മുകളിലത്തെ നിലകൾ സാധാരണ ചുറ്റികകളും മറ്റും ഉപയോഗിച്ചാണ് അധികൃതർ പൊളിച്ചു മാറ്റുന്നത്.




