അമൃത്സർ: പതിറ്റാണ്ടുകളോളം വിദേശരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച റിട്ടയേർഡ് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനോട് സ്വന്തം ഇന്ത്യൻ പൗരത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ നിർദേശം. പഞ്ചാബിൽ നടന്നു വരുന്ന വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനിടെയാണ് ഈ സംഭവം. യുഎഇ, ഈജിപ്ത് എന്നിവിടങ്ങളിൽ ഇന്ത്യൻ അംബാസഡറായും ഓസ്ട്രേലിയയിൽ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ച നവ്ദീപ് സിംഗ് സുരിക്കാണ് എസ്ഐആർ നടപടിക്കിടെ ഈ അനുഭവമുണ്ടായത്.
അമൃത്സർ സ്വദേശിയായ സുരി, തന്റെ ബൂത്ത് ലെവൽ ഓഫീസറെ സമീപിച്ച് വോട്ടർ തിരിച്ചറിയൽ കാർഡും ആധാർ കാർഡും സമർപ്പിച്ചിരുന്നു. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥൻ എല്ലാം ശരിയാണെന്ന് അറിയിക്കുകയും ചെയ്തു. 2003ലെ വിവരങ്ങളുമായി നിലവിലെ രേഖകളിലെ ചില വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന അറിയിപ്പ് പിന്നീട് ഇദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ഇതോടെ വീണ്ടും രേഖകൾ ഹാജരാക്കേണ്ട സാഹചര്യമുണ്ടായതായി സുരി വ്യക്തമാക്കി.
“പഞ്ചാബിലെ SIR നടപടിയുമായി ബന്ധപ്പെട്ട എന്റെ അനുഭവം പങ്കുവയ്ക്കുകയാണ്. BLOയെ സമീപിച്ച് വോട്ടർ ഐഡിയും ആധാർ കാർഡും നൽകി. എല്ലാം ശരിയാണെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ ഇന്ന് ഒരു സന്നദ്ധപ്രവർത്തകനിൽനിന്ന് സന്ദേശം ലഭിച്ചു. 2003ലെ SIR രേഖകളുമായി ചില വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെന്നാണ് അറിയിച്ചത്,” സുരി എക്സിൽ കുറിച്ചു.
2003ലെ രേഖകളുമായുള്ള പൊരുത്തക്കേടാണ് പ്രധാന പ്രശ്നമായി മാറിയതെന്നാണ് സുരിയുടെ വിശദീകരണം. ആ വർഷം അദ്ദേഹം ഔദ്യോഗിക ചുമതലകളുമായി വിദേശത്തായിരുന്നു. ഇതാണ് നിലവിലെ രേഖകൾ പരിശോധിക്കുന്നതിനിടെ പ്രശ്നത്തിന് കാരണമായതത്രെ. തുടർന്ന് ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനായി പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതായും സുരി വ്യക്തമാക്കി.
2019ൽ വിരമിക്കുന്നതിന് മുമ്പ് യുഎഇ, ഈജിപ്ത്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി പ്രവർത്തിച്ച വ്യക്തിയാണ് നവ്ദീപ് സുരി. ഇന്ത്യയെ വിദേശത്ത് ഔദ്യോഗികമായി പ്രതിനിധീകരിച്ചിരുന്ന ഒരാൾക്ക് തന്നെ സ്വന്തം രാജ്യത്ത് പൗരത്വം തെളിയിക്കേണ്ടി വന്നതിലെ വൈരുധ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
‘മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരാൾക്ക് പോലും തന്റെ പൗരത്വം തെളിയിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?’ എന്നാണ് സുരിയുടെ ചോദ്യം. സംഭവത്തെക്കുറിച്ച് സുരി എക്സ് പ്ലാറ്റഫോമിലൂടെ പരസ്യമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും, ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോ പഞ്ചാബ് സർക്കാരോ കേന്ദ്ര സർക്കാരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സുരിയോട് പാസ്പോർട്ട് ആവശ്യപ്പെട്ടതും പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സാധാരണയായി ആവശ്യമായ രേഖാ പരിശോധനയ്ക്കും പൊലീസ് വെരിഫിക്കേഷനും ശേഷമാണ് ഇന്ത്യൻ പാസ്പോർട്ട് അനുവദിക്കുന്നത്. എന്നാൽ പാസ്പോർട്ട് മാത്രം ഇന്ത്യൻ പൗരത്വത്തിന്റെ അന്തിമവും നിർണായകവുമായ തെളിവായി കണക്കാക്കാനാകില്ല എന്ന നിലപാട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, സുരി സമർപ്പിച്ച ആധാർ കാർഡിനും പരിമിതികളുണ്ട്. ആധാർ ഒരു വ്യക്തിയുടെ തിരിച്ചറിയലും ഇന്ത്യയിലെ താമസവുമായി ബന്ധപ്പെട്ട വിവരങ്ങളും സ്ഥിരീകരിക്കുന്ന രേഖയാണ്. എന്നാൽ അത് പൗരത്വം തെളിയിക്കുന്ന രേഖയല്ല. നിയമപരമായി ഇന്ത്യയിൽ താമസിക്കുന്ന ചില വിദേശ പൗരന്മാർക്കും നിബന്ധനകൾ പാലിച്ച് ആധാർ ലഭിക്കാം.
ഇതോടെ വോട്ടർ ഐഡി, ആധാർ, പാസ്പോർട്ട് തുടങ്ങിയ സർക്കാർ രേഖകളുടെ പൗരത്വം തെളിയിക്കുന്നതിലെ നിയമപരമായ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച വീണ്ടും ശക്തമാവുകയാണ്. രാജ്യം നൽകിയ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ വിദേശത്ത് പോയതിനാൽ 2003ൽ വോട്ടർപട്ടികയിൽ പേര് ഇല്ലാതായ ഒരു ഉന്നത ഉദ്യോഗസ്ഥന് പൗരത്വം പ്രശ്നമാവുകയാണ്. സമാനമായ മറ്റു കാരണങ്ങളാൽ 2003ൽ രാജ്യത്തില്ലാതിരുന്ന ആളുകൾ ഒക്കെ പൗരത്വം തെളിയിക്കാനായി എന്ത് ചെയ്യുമെന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.




