ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ ‘ബിഗിൽ’, ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (GOAT) എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും എജിഎസ് എന്റർടെയ്ൻമെന്റ് സിഇഒയുമായ അർച്ചന കൽപാതി അഘോരമിനെ ക്ഷേത്ര ട്രസ്റ്റിമാരെ തിരഞ്ഞെടുക്കുന്ന സംസ്ഥാനതല സമിതിയിൽ ഉൾപ്പെടുത്തിയതിനെച്ചൊല്ലി തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ വിവാദം. ഹിന്ദു മത-ധാർമിക എൻഡോവ്‌മെന്റ്സ് (HR&CE) വകുപ്പിന് കീഴിൽ പുനഃസംഘടിപ്പിച്ച ഏഴംഗ സമിതിയിലേക്കാണ് അർച്ചനയെ നിയമിച്ചിരിക്കുന്നത്.
വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന നിർണായക ചുമതലയാണ് ഈ സമിതിക്കുള്ളത്. HR&CE സെക്രട്ടറി ജെ. കുമാരഗുരുബരനാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്ര ഭരണത്തിലോ മതപരമായ ആചാരങ്ങളിലോ പരിചയസമ്പത്തില്ലാത്ത ഒരു സിനിമാ നിർമാതാവിനെ ഇത്തരം ഉന്നത സമിതിയിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് തിരി തെളിച്ചത്. കടുത്ത വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നു. ‘വിജയ്‌ക്കൊപ്പം സിനിമ ചെയ്തവർക്ക് മാത്രം സർക്കാർ പദവികൾ നൽകുകയാണെങ്കിൽ ഇതെങ്ങനെയാണ് ജനാധിപത്യമാകുന്നത്?’ എന്ന് എഐഎഡിഎംകെ നേതാവും മുൻ മന്ത്രിയുമായ ആർ.ബി. ഉദയകുമാർ തുറന്നടിച്ചു. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരെ മാത്രം തിരികിക്കയറ്റുകയാണെന്ന് ആരോപിച്ച അദ്ദേഹം, പരിഹാസരൂപത്തിൽ നടി തൃഷയെ ഇനി അടുത്തതായി ഉപമുഖ്യമന്ത്രിയാക്കുമോ എന്നും ചോദിച്ചു.
അതേസമയം, രാഷ്ട്രീയ ആരോപണങ്ങൾ തള്ളി HR&CE മന്ത്രി എസ്. രമേശ് രംഗത്തെത്തി. അർച്ചനയെ വെറുമൊരു സിനിമാ നിർമാതാവായി മാത്രം കാണുന്നതുകൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നതെന്ന് മന്ത്രി പറഞ്ഞു. പത്തിലധികം ക്ഷേത്രങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ അർച്ചന വ്യക്തിപരമായി പങ്കാളിയായിട്ടുണ്ടെന്നും, അവരുടെ ഭർതൃപിതാവ് ശ്രീനിവാസൻ ക്ഷേത്ര പുനരുദ്ധാരണങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേത്ര പുനരുദ്ധാരണത്തിന് മുന്നോട്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയുമായി വ്യക്തിപരമായ അടുപ്പമുള്ളവരെ ഉയർന്ന സർക്കാർ പദവികളിൽ നിയമിക്കുന്നത് ഇതാദ്യമായല്ല വിവാദമാകുന്നത്. വിജയ് ചിത്രങ്ങളുടെ മറ്റൊരു നിർമാതാവായ കെ. വെങ്കട നാരായണനെ ന്യൂഡൽഹിയിലെ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതും, വിജയിന്റെ ജ്യോതിഷി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ചതും നേരത്തെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്തുണക്കുന്ന പാർട്ടികളിൽ നിന്ന് ഉൾപ്പെടെ പ്രതിഷേധം ശക്തമായതോടെ ജ്യോതിഷിയുടെ നിയമനം പിന്നീട് സർക്കാരിന് പിൻവലിക്കേണ്ടി വന്നിരുന്നു.





